മാസപ്പടി കേസ്; ഡൽഹിയിലേക്ക് :സി.പി.എമ്മിനെ വെട്ടിലാക്കി കേന്ദ്രസർക്കാർ

മാസപ്പടി കേസ്; ഡൽഹിയിലേക്ക് :സി.പി.എമ്മിനെ വെട്ടിലാക്കി  കേന്ദ്രസർക്കാർ

ന്യുഡൽഹി :തിരുവനന്തപുരത്ത് ഇ.ഡി സംഘത്തിനുനേരെ നടന്ന സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റും നിലപാട് കടുപ്പിക്കുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയിൽ എത്തി മകൾ വീണ വിജയനെ ചോദ്യം ചെയ്യാനും രേഖകൾ പിടിച്ചെടുക്കാനും എത്തിയ ഇ.ഡി സംഘത്തിൻ്റെ കാറുകളാണ് അന്വേഷണ സംഘം മടങ്ങുന്ന സമയത്ത് സി.പി.എം പ്രവർത്തകർ അടിച്ചുതകർത്തത്. ഇ.ഡി ഉദ്യോഗസ്ഥരടക്കം നിരവധി പേർക്ക് ഈ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചിരിക്കുകയാണ്. അടിച്ച് തകർക്കപ്പെട്ട വാഹനങ്ങൾ തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണ് നിലവിലുള്ളത്.

പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർക്കും വാഹനത്തിനും നേരെ നടന്ന ആക്രമണങ്ങൾ ആസൂത്രിതമായിരുന്നു എന്നാണ് കേന്ദ്ര ഇൻ്റലിജൻസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇ.ഡി ഉദ്യോഗസ്ഥർക്കു നേരെ ആക്രമണം നടന്നപ്പോൾ സി.പി.എം നേതാക്കൾ തടയാൻ ശ്രമിച്ചില്ലെന്നും, പൊലീസിൻ്റെ ഭാഗത്ത് നിന്നും ഒരു സംരക്ഷണവും ഇഡി ഉദ്യോഗസ്ഥർക്ക് കിട്ടിയില്ലന്നുമാണ് ഐബി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചെങ്കിലും, പിണറായി സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥർ തന്നെ ഇപ്പോഴും ക്രമസമാധാന ചുമതലയിൽ തുടരുന്നതാണ് ഇതിന് കാരണമായി കേന്ദ്ര ഏജൻസി വിലയിരുത്തുന്നത്. ഈ റിപ്പോർട്ട് ഗൗരവമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നോക്കി കാണുന്നത്. നിഷ്‌ക്രിയരായ ഉദ്യോഗസ്ഥർക്ക് എതിരെ കേന്ദ്രം തന്നെ നടപടി ആവശ്യപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം. കേന്ദ്ര ധനകാര്യ മന്ത്രിയും ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണത്തിൻ്റെ വിശദാംശം ആവശ്യപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.

ഈ കേസിൻ്റെ തുടർ നടപടികൾ ഇനി കേരളത്തിൽ നടത്തുന്നത് ശരിയാവില്ലന്ന നിലപാടിലാണ് ഇ.ഡി ഡയറക്ടറേറ്റ് ഉറച്ചു നിൽക്കുന്നത്. ഉടൻ തന്നെ ഡൽഹി യൂണിറ്റിലേക്ക് കേസന്വേഷണം മാറ്റുമെന്ന വിവരവും ഇപ്പോൾ പുറത്തു വരുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ തുടർ ചോദ്യംചെയ്യൽ ഉൾപ്പെടെ ഇനി നടക്കുക ഡൽഹി ഇ.ഡി ഓഫീസിൽ വെച്ചായിരിക്കും.കേരളത്തിൽ ഇ.ഡി ഉദ്ദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സാഹചര്യത്തിൽ കേസ് ഡൽഹിയിലേക്ക് മാറ്റിയാൽ, അത് കോടതിയിൽ ചോദ്യം ചെയ്താൽ പോലും അനുകൂല വിധി ഉണ്ടാകാനുള്ള സാധ്യത വിദൂരമാണെന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.ഇഷ്ടികയും കട്ടകളും ഉപയോഗിച്ച് എറിഞ്ഞും കൈകൊണ്ട് ഇടിച്ചുമാണ് സി.പി.എം പ്രവർത്തകർ ഇ.ഡിയുടെ രണ്ട് വാഹനങ്ങൾ തകർത്തിരിക്കുന്നത്. ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൂക്കിവിളിക്കുകയും ചെയ്ത പ്രവർത്തകർ, വീടിന്റെ കോമ്പൗണ്ടിലേക്ക് കുപ്പികളും ചെരുപ്പുകളും വലിച്ചെറിയുകയും ചെയ്തു. വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഇഡി സംഘം പത്ത് മിനിറ്റിലധികമാണ് പ്രകോപിതരായ ഈ ജനക്കൂട്ടത്തിനിടയിൽ കുടുങ്ങിക്കിടന്നത്. പോലീസിന് പ്രവർത്തകരെ നിയന്ത്രിക്കാനോ വാഹനങ്ങൾക്ക് വഴിയൊരുക്കാനോ സാധിച്ചിട്ടില്ലെന്നതും പകൽപോലെ വ്യക്തമാണ്. ഉദ്യോഗസ്ഥർ അക്രമിക്കപ്പെട്ടതിലും വാഹനങ്ങൾ തകർക്കപ്പെട്ടതിലും ഇ.ഡി തമ്പാനൂർ പോലീസിൽ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.