മാസപ്പിറവി കണ്ടില്ല ; കേരളത്തിൽ റമദാന്‍ വ്രതപുണ്യത്തിന്‍റെ നാളുകൾ വ്യാഴാഴ്ച മുതൽ

മാസപ്പിറവി കണ്ടില്ല ; കേരളത്തിൽ റമദാന്‍ വ്രതപുണ്യത്തിന്‍റെ നാളുകൾ വ്യാഴാഴ്ച മുതൽ

തിരുവനന്തപുരം: കേരളത്തിൽ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് റമദാൻ വ്രതാനുഷ്ഠാനം വ്യാഴാഴ്ച മുതൽ ആരംഭിക്കും. ചൊവ്വാഴ്ച ശഅ്ബാൻ 29 ആയിരുന്നെങ്കിലും സംസ്ഥാനത്തെവിടെയും ചന്ദ്രപ്പിറവി ദർശിച്ചതായി വിവരമില്ലാത്ത സാഹചര്യത്തിൽ, ബുധനാഴ്ച ശഅ്ബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ഒന്നായി ഖാസിമാർ തീരുമാനിക്കുകയായിരുന്നു.പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി എന്നിവർ ഇക്കാര്യം സ്ഥിരീകരിച്ചു. റമദാൻ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ വ്യാഴാഴ്ച വ്രതാരംഭമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാദി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധി സി. മുഹമ്മദ് ഫൈസിയും അറിയിച്ചു. ഇതോടെ വിശ്വാസികൾ ഒരു മാസം നീണ്ടുനിൽക്കുന്ന വ്രതപുണ്യത്തിനായി ഒരുക്കങ്ങൾ പൂർത്തിയാക്കി.

മാസപ്പിറവി ദർശിച്ചാൽ നോമ്പ് അനുഷ്ഠിക്കണമെന്ന പ്രവാചക വചനത്തിന്‍റെ അടിസ്ഥാനത്തിൽ, നഗ്നനേത്രങ്ങൾ കൊണ്ട് ചന്ദ്രനെ കണ്ടാൽ മാത്രമേ മതനേതൃത്വം മാസപ്പിറവി പ്രഖ്യാപനം നടത്താറുള്ളൂ.ശാസ്ത്രീയമായ വിശകലനങ്ങളും ചന്ദ്രപ്പിറവി ദൃശ്യമാകാൻ സാധ്യതയില്ലെന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. ചൊവ്വാഴ്ച കേരളത്തിൽ അമാവാസി (New Moon) ആയതിനാലും ചന്ദ്രന്‍റെ പ്രഭ വെറും 0.1 ശതമാനം മാത്രമായതിനാലും മാസപ്പിറവി ദൃശ്യമാകാൻ പ്രായോഗിക തടസ്സങ്ങളുണ്ടായിരുന്നു. ഫെബ്രുവരി 17-ലെ കണക്കനുസരിച്ച് ഭൂമിയിൽ നിന്നും 3,86,473 കിലോമീറ്റർ ദൂരത്തിൽ അക്ഷാംശം 16 ഡിഗ്രിയിലായിരുന്നു ചന്ദ്രന്‍റെ സ്ഥാനം. കേരളത്തിൽ സൂര്യാസ്തമയത്തിന് മുൻപ് തന്നെ ചന്ദ്രൻ അസ്തമിച്ചതും പടിഞ്ഞാറൻ ചക്രവാളത്തിലെ മേഘാവൃതമായ അന്തരീക്ഷവും ദൃശ്യപരതയെ ബാധിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ സ്വാധീനം കാരണം പടിഞ്ഞാറൻ ആകാശത്ത് മേഘങ്ങൾ നിലനിന്നതും തടസ്സമായി.

ഭൂമിയിൽ പടിഞ്ഞാറൻ മേഖലകളിലേക്ക് പോകുന്തോറും ചന്ദ്രപ്പിറവി ദൃശ്യമാകാനുള്ള സാധ്യത വർദ്ധിക്കുന്നതിനാൽ ആഫ്രിക്കൻ രാജ്യങ്ങളിലും സൗദി അറേബ്യയുടെ ചില ഭാഗങ്ങളിലും ബുധനാഴ്ച തന്നെ വ്രതാരംഭം കുറിച്ചേക്കും. എന്നാൽ ഒമാൻ, യുഎഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും കേരളത്തിന് സമാനമായി വ്യാഴാഴ്ച തന്നെ റമദാൻ ഒന്നിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു.ചന്ദ്രക്കണക്കുകൾ പ്രകാരം മാസപ്പിറവി ഉറപ്പിക്കാമെങ്കിലും, ഖാസിമാർ വിശ്വാസയോഗ്യരായ സാക്ഷികളുടെ മൊഴി കൂടി പരിഗണിച്ചാണ് അന്തിമ തീരുമാനമെടുക്കുന്നത്. നോമ്പ് ആരംഭിക്കാൻ ഒരാളുടെ സാക്ഷ്യവും പെരുന്നാൾ നിശ്ചയിക്കാൻ രണ്ട് പേരുടെ സാക്ഷ്യവുമാണ് മതപരമായ കീഴ്വഴക്കം. മുൻകാലങ്ങളിൽ മാസപ്പിറവി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ നിലനിന്നിരുന്നെങ്കിലും, നിലവിൽ ഖാസിമാർ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഏകീകൃതമായി തീരുമാനമെടുക്കുന്നത്.