സ്ത്രീകളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ ; മോർച്ചറി ജീവനക്കാരൻ അറസ്റ്റിൽ

ബംഗളുരു : മരിച്ച സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും അനധികൃതമായി പകർത്തുകയും അവ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മോർച്ചറി ജീവനക്കാരൻ അറസ്റ്റിൽ. കർണാടകയിലെ ബിദാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ മോർച്ചറി അറ്റൻഡന്റായ മുനീർ അഹമ്മദ് എന്നയാളാണ് പിടിയിലായത്. ഇന്നലെയാണ് ഇയാൾക്കെതിരെയുള്ള ആരോപണങ്ങൾ പുറത്തുവന്നത്.
മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന സ്ത്രീകളുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങളാണ് ഇയാൾ ഫോണിൽ പകർത്തിയത്. ഈ ചിത്രങ്ങളും വീഡിയോകളും പിന്നീട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇത് മരിച്ചവരുടെ സ്വകാര്യതയെയും അന്തസ്സിനെയും ലംഘിക്കുന്നതാണെന്ന തരത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. ആശുപത്രി അധികൃതർ ആഭ്യന്തര അന്വേഷണം നടത്തുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഏറെക്കാലമായി ആശുപത്രിയിലെ കരാർ ജീവനക്കാരനായിരുന്നു പ്രതി. വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രതി തന്നെയാണോ നേരിട്ട് ഈ ദൃശ്യങ്ങൾ അപ്ലോഡ് ചെയ്തത്, അല്ല കൂടുതൽ പ്രതികൾ ഇതിന് പിന്നിലുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹങ്ങളോട് കാട്ടിയ അനാദരവ് മരിച്ചവരുടെ ബന്ധുക്കൾക്ക് മാനസിക പ്രയാസമുണ്ടാക്കിയതായും ആശുപത്രിയെ അപകീർത്തിപ്പെടുത്തിയെന്നും മാനേജ്മെൻ്റ് കുറ്റപ്പെടുത്തി. സംഭവത്തിൽ കർണാടക സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ആരോഗ്യ വകുപ്പിനോട് വനിതാ കമ്മീഷൻ റിപ്പോർട്ട് ഉണ്ടാക്കി. കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.