"മനസ്സിന്റെ ഭാരം ഇറങ്ങി, എന്ത് ശിക്ഷയും ഏൽക്കാൻ തയ്യാർ" : ഇരട്ടക്കൊലപാതകം ചെയ്ത മുഹമ്മദലി

"മനസ്സിന്റെ ഭാരം ഇറങ്ങി, എന്ത് ശിക്ഷയും ഏൽക്കാൻ തയ്യാർ" : ഇരട്ടക്കൊലപാതകം ചെയ്ത മുഹമ്മദലി

കോഴിക്കോട് : മുപ്പത്തിയാറ് വർഷങ്ങൾക്ക് മുൻപ് നടന്ന ഇരട്ടക്കൊലപാതകം താൻ തന്നെയാണ് ചെയ്തതെന്ന് പോലീസിനോട് തുറന്നുപറഞ്ഞ വേങ്ങര സ്വദേശി മുഹമ്മദലി, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി. തനിക്ക് അറിവില്ലാത്ത പ്രായത്തിൽ, വെറും പതിനാറാം വയസ്സിലാണ് താൻ കൊലപാതകം ചെയ്തതെന്നും ഇത്രയും കാലം ഇത് മനസ്സിനെ വേട്ടയാടി വലിയ മാനസിക ബുദ്ധിമുട്ടുകൾ സമ്മാനിച്ചതായും പ്രതി പറഞ്ഞു. സത്യം വെളിപ്പെടുത്തിയതോടെ മനസ്സിന്റെ ഭാരം ഇറങ്ങിക്കിട്ടിയെന്നും നിയമം നൽകുന്ന എന്ത് ശിക്ഷയും സ്വീകരിക്കാൻ താൻ പൂർണ്ണമായി തയ്യാറാണെന്നും മുഹമ്മദലി കൂട്ടിച്ചേർത്തു. 2025 ജൂൺ 5-നായിരുന്നു ഇയാൾ വേങ്ങര പോലീസ് സ്റ്റേഷനിലെത്തി ഈ ഞെട്ടിക്കുന്ന കൊലപാതക വിവരങ്ങൾ തുറന്നുപറഞ്ഞത്. ആദ്യമൊക്കെ മാനസികാസ്വാസ്ഥ്യം മൂലമുള്ള വെളിപ്പെടുത്തലാണെന്ന് പോലീസ് കരുതിയെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിൽ നിർണായക വിവരങ്ങൾ കണ്ടെത്തുകയായിരുന്നു.

1986-ൽ കൂടരഞ്ഞിയിൽ വച്ച് കൊല്ലപ്പെട്ടത് കണ്ണൂർ ഇരിട്ടി സ്വദേശിയായ മോഹനൻ ആണെന്ന് കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മോഹനൻ തന്നെ ലൈംഗികമായി ഉപദ്രവിച്ചതിന്റെ പ്രതികാരമായാണ് കൊലപ്പെടുത്തിയത് എന്നായിരുന്നു മുഹമ്മദലിയുടെ വെളിപ്പെടുത്തൽ. കൂടരഞ്ഞിയിലെ സംഭവത്തിന് ശേഷം കോഴിക്കോടെത്തിയ പ്രതി, 1989-ൽ വെള്ളയിൽ ബീച്ചിൽ വച്ച് രണ്ടാമത്തെ കൊലപാതകവും നടത്തി. കോഴിക്കോട് ഹോട്ടലിലും മറ്റും ജോലി ചെയ്യുന്നതിനിടെ ഒരാൾ തന്റെ കൈയിൽ നിന്ന് പണം തട്ടിപ്പറിച്ചതായും, ആ വ്യക്തിയെ വെള്ളയിൽ ബീച്ചിന് സമീപം വച്ച് കണ്ടെത്തുകയുമായിരുന്നു എന്നുമാണ് പ്രതി വ്യക്തമാക്കിയത്.

തന്റെ സുഹൃത്തായ കഞ്ചാവ് ബാബു നൽകിയ വിവരമനുസരിച്ച് ഇരുവരും വെള്ളയിൽ ബീച്ചിലെത്തി പണം തട്ടിപ്പറിച്ചയാളെ ചോദ്യം ചെയ്തു. തുടർന്ന് ബാബു അയാളെ തല്ലിത്താഴെയിട്ട ശേഷം മണ്ണിലേക്ക് മുഖം പൂഴ്ത്തിവയ്ക്കുകയും, താൻ കാലിൽ പിടിച്ചുവെച്ച് മരണം ഉറപ്പാക്കുകയുമായിരുന്നു എന്ന് മുഹമ്മദലി വിവരിച്ചു. ശേഷം ഇയാളുടെ പണം ഇരുവരും പങ്കിട്ടെടുത്ത് രണ്ട് വഴിക്ക് പിരിയുകയായിരുന്നു. ഈ കേസിൽ കൂടുതൽ സത്യാവസ്ഥകൾ പുറത്തുകൊണ്ടുവരുന്നതിനായി നിലവിൽ ഏഴംഗ ക്രൈംബ്രാഞ്ച് സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.