ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു.

എറണാകുളം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. അർബുദ ബാധിതനായി കഴിഞ്ഞ മൂന്നുമാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്. ശബരിമലയിലെ സ്വർണം ചെമ്പാക്കി മാറ്റി എന്ന ഗുരുതരമായ ആരോപണം നേരിട്ട വ്യക്തിയാണ് മുരാരി ബാബു.സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ആദ്യം ഉയർന്ന പേരുകളിലൊന്ന് ഇദ്ദേഹത്തിൻ്റേതായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം (എശബരിമലയിലെ സ്വർണം ചെമ്പാക്കി മാറ്റി എന്ന ഗുരുതരമായ ആരോപണം നേരിട്ട വ്യക്തിയാണ് മുരാരി ബാബു.സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ആദ്യം ഉയർന്ന പേരുകളിലൊന്ന് ഇദ്ദേഹത്തിൻ്റേതായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. കേസിൽ റിമാൻഡിലായ മുരാരി ബാബു തൊണ്ണൂറു ദിവസത്തോളം ജയിലിൽ കഴിഞ്ഞിരുന്നു. ഇതിനുശേഷമാണ് കോടതിയിൽ നിന്ന് സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
ആരോഗ്യനില വഷളായത് ജയിൽവാസത്തിന് ശേഷം
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി കസ്റ്റഡിയിലേക്ക് പോകുന്ന സമയത്തുതന്നെ തനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് മുരാരി ബാബു അന്വേഷണ സംഘത്തോടും കോടതിയോടും ചൂണ്ടിക്കാണിച്ചിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ആരോഗ്യനില കൂടുതൽ വഷളാവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിലാണ് അർബുദ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നുമാസമായി സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ആരോഗ്യനില തീർത്തും മോശമാവുകയും രാത്രിയോടെ മരണം സംഭവിക്കുകയുമായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം അദ്ദേഹം പൊതുസമൂഹത്തിൽ സജീവമായിരുന്നില്ല.
പൊലീസ് ജോലി ഉപേക്ഷിച്ച് ദേവസ്വം ബോർഡിൽ
1997ലാണ് മുരാരി ബാബു തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഇതിനുമുമ്പ് 1994ൽ ഇദ്ദേഹത്തിന് പൊലീസ് സേനയിൽ ജോലി ലഭിച്ചിരുന്നു. എന്നാൽ ആ ജോലി ഉപേക്ഷിച്ചാണ് പിന്നീട് ദേവസ്വം ബോർഡിലെത്തിയത്. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെ സംഘടനയായ സിഐടിയുവിൻ്റെ കീഴിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് കോൺഫെഡറേഷൻ്റെ സജീവ പ്രവർത്തകനും പ്രധാന സംഘാടകനുമായിരുന്നു ഇദ്ദേഹം. ഉന്നത ഉദ്യോഗസ്ഥരുമായും മറ്റ് പ്രമുഖരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന മുരാരി ബാബു, സാമൂഹിക മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു.
ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വഴിത്തിരിവായിരുന്ന മുരാരി ബാബുവിൻ്റെ അറസ്റ്റ്, സംസ്ഥാനത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സ്വർണം ചെമ്പാക്കി മാറ്റിയതിൽ ഇദ്ദേഹത്തിന് കൃത്യമായ പങ്കുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന വാദമാണ് അദ്ദേഹം ഉയർത്തിയിരുന്നത്. കുറ്റക്കാരനാണോ അല്ലയോ എന്ന് കോടതിയിൽ തെളിയിക്കപ്പെടുന്നതിന് മുമ്പാണ് മരണം സംഭവിച്ചിരിക്കുന്നത്. ഇത് കേസിൻ്റെ തുടർനടപടികളെ ബാധിച്ചേക്കാം. സംസ്കാര ചടങ്ങുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കുടുംബാംഗങ്ങൾ തീരുമാനമെടുത്തുവരികയാണ്. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.