നാഷണൽ ഹെറാൾഡ് കേസ്; ED സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി നാളെ പരിഗണിക്കും

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇഡി (എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ്) സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് സ്വരണ കാന്ത ശർമ്മയുടെ മുമ്പാകെയാണ് കേസ് പരിഗണിക്കുന്നത്. ഇരുവർക്കുമെതിരെ ഇഡി സമർപ്പിച്ച കുറ്റപത്രം പരിഗണിക്കാൻ മുൻപ് ഡൽഹി കോടതി വിസമ്മതിച്ചിരുന്നു.സ്വകാര്യ അന്യായത്തിൻ്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രമെന്നും എഫ്‌ഐആർ എടുത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി അന്ന് വിസമ്മതിച്ചത്. അതോടൊപ്പം നടപടികൾ പൂർത്തിയാക്കി അന്വേഷണം പുനരാരംഭിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. 2025 ഡിസംബർ 16 ലെ വിചാരണക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷയിൽ കേസിലെ ആരോപണവിധേയർക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു.
ഗാന്ധി കുടുംബത്തിന് പുറമേ, സുമൻ ദുബെ, സാം പിത്രോദ, യംഗ് ഇന്ത്യൻ, ഡോട്ടെക്‌സ് മെർച്ചൻഡൈസ് പ്രൈവറ്റ് ലിമിറ്റഡ്, സുനിൽ ഭണ്ഡാരി എന്നിവർക്കും ഇഡിയുടെ ഹർജിയിൽ ഹൈക്കോടതി നോട്ടിസ് അയച്ചു. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, അന്തരിച്ച കോൺഗ്രസ് നേതാക്കളായ മോത്തിലാൽ വോറ, ഓസ്‌കർ ഫെർണാണ്ടസ്, സുമൻ ദുബെ, സാം പിത്രോദ, യങ് ഇന്ത്യൻ എന്ന സ്വകാര്യ കമ്പനി എന്നിവർക്കെതിരെ ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇഡി കേസെടുത്തത്.
നാഷണൽ ഹെറാൾഡ് കേസ്
നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിക്കുന്ന അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിൻ്റെ (എ.ജെ.എൽ) ഏകദേശം 2,000 കോടി രൂപയുടെ സ്വത്തുക്കൾ സ്വന്തമാക്കിയതായാണ് ആരോപണം. 2012ലാണ് കേസിൻ്റെ ആരംഭം. ജവഹർലാൽ നെഹ്‌റുവും മറ്റ് സ്വാതന്ത്ര്യസമര സേനാനികളും 1938ൽ സ്ഥാപിച്ചതാണ് 'നാഷണൽ ഹെറാൾഡ്' പത്രം. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡാണ് പത്രം പ്രസിദ്ധീകരിച്ചത്.എന്നാൽ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഏറ്റെടുക്കുന്നതിൽ കോൺഗ്രസ് നേതാക്കൾ വഞ്ചനയും വിശ്വാസലംഘനവും നടത്തിയെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി പ്രാദേശിക കോടതിയിൽ കേസ് ഫയല്‍ ചെയ്‌തത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം 2008ല്‍ നാഷണൽ ഹെറാൾഡ് പ്രസിദ്ധീകരണം അവസാനിപ്പിച്ചിരുന്നു. അന്ന് മാതൃ കമ്പനിക്ക് 90 കോടി രൂപയുടെ കടമുണ്ടായിരുന്നു.പ്രതിസന്ധി മറികടക്കാൻ എജെഎല്ലിനെ സഹായിക്കുന്നതിനായി കോൺഗ്രസ് പാർട്ടി 10 വർഷത്തിനിടെ നൂറോളം തവണകളായി 90 കോടി രൂപ വായ്‌പ നൽകി. എന്നാൽ, നാഷണൽ ഹെറാൾഡിനോ എജെഎല്ലിനോ വായ്‌പ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെന്നും അതിനാൽ അത് ഇക്വിറ്റി ഓഹരികളാക്കി മാറ്റിയെന്നുമാണ് കോൺഗ്രസ് പറഞ്ഞത്.2010-ൽ രൂപീകരിച്ച ലാഭേച്‌ഛയില്ലാതെ പ്രവർത്തിക്കുന്ന കമ്പനിയായ യങ് ഇന്ത്യൻ എന്ന സ്ഥാപനത്തിന് ഇവയുടെ ഓഹരികൾ അനുവദിച്ചു. യങ് ഇന്ത്യൻ കമ്പനിയിൽ രാഹുൽ ഗാന്ധിയ്ക്കും സോണിയാ ഗാന്ധിക്കും 38 ശതമാനം വീതം ഓഹരികളുണ്ട്. മോത്തിലാൽ വോറ, ഓസ്‌കാർ ഫെർണാണ്ടസ്, സാം പിത്രോദ, സുമൻ ദുബെ എന്നിവർക്കാണ് ബാക്കിയുള്ള ഓഹരികൾ. കള്ളപ്പണം നിരോധന നിയമത്തിലെ (പിഎംഎൽഎ) സെക്ഷൻ 44, 45 പ്രകാരമാണ് ഇഡി പ്രോസിക്യൂഷൻ പരാതി ഫയൽ ചെയ്‌തത്.