സ്‌കൂള്‍ പ്രവേശനത്തിന് അപാര്‍ ഐഡി നിർബന്ധമല്ലെന്ന് എന്‍സിആര്‍ടിസി

ന്യൂഡല്‍ഹി: സ്‌കൂള്‍ പ്രവേശനത്തിന് അപാര്‍ ഐഡി (ഓട്ടോമേറ്റഡ് പെര്‍മനൻ്റ് അക്കാദമിക്ക് അക്കൗണ്ട് രജിസ്ട്രി) നിർബന്ധമല്ലെന്ന് എന്‍സിആര്‍ടിസി സ്ഥിരീകരിച്ചു. ഡിജിറ്റല്‍ ഐഡി ഒരു കുട്ടിയുടെയും സ്‌കൂളിൽ ചേരാനുള്ള അവകാശത്തിന് എതിരല്ലെന്നും വ്യക്തമാക്കല്‍. കുട്ടിയുടെ മുഴുവന്‍ വിദ്യാഭ്യാസ രേഖയും സൂക്ഷിക്കുന്ന എജ്യുലോക്കറാണിതെന്നും, സ്‌കൂളിലെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുകയാണ് ഇതിൻ്റെ ലക്ഷ്യമെന്നും എന്‍സിആര്‍ടിസി പറഞ്ഞു.അഡ്‌മിനിസ്ട്രേഷനും റെക്കോർഡ് കൈമാറ്റത്തിനും സഹായകരമായ ഒരു ഉപകരണമെന്ന നിലയിൽ ഡിജിറ്റല്‍ തിരിച്ചറിയൽ കാര്‍ഡിന് അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാൽ ഇത് ഒരു കുട്ടിയുടെ വിദ്യാഭ്യാസ അവകാശത്തെ ബാധിക്കില്ല. ഒരു വിദ്യാർഥിക്ക് അപാര്‍ ഐഡി ഇല്ലെങ്കിലും സ്‌കൂളില്‍ പ്രവേശനം നേടുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടക്കും. ഡിജിറ്റല്‍ ഐഡിയുടെ ഉപയോഗം ഓപ്ഷണല്‍ മാത്രാണ്. രാജ്യത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും എളുപ്പവും ലളിതവും സമ്മർദ്ദരഹിതവുമായ സ്‌കൂള്‍ പ്രവേശനം ലഭിക്കണമെന്നും കൗൺസിൽ പറയുന്നു.
“ഒരു കുട്ടിക്ക് ഇപ്പോഴും അപാര്‍ ഐഡി ഇല്ലാതെ പ്രവേശനം നേടാം. അത് ഒരു ആവശ്യകതയല്ല. വിദ്യാർത്ഥിയുടെ അക്കാദമിക് രേഖകൾ സുരക്ഷിതമായി ഒരിടത്ത് സംഭരിക്കാനും ആക്‌സസ് ചെയ്യാനും സ്‌കൂളുകളെ സഹായിക്കുന്നതിലൂടെ ജീവിതം എളുപ്പമാക്കുക എന്നതാണ് അപാര്‍ ചെയ്യുന്നത് ചെയ്യുന്നത്. അപാര്‍ മികച്ച റെക്കോർഡ് സൂക്ഷിക്കലിനെയും വിദ്യാഭ്യാസത്തിലെ തുടർച്ചയെയും പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ഒരു കുട്ടിയുടെയും സ്‌കൂളിൽ ചേരാനുള്ള അവകാശത്തിന് അത് തടസമാകുന്നില്ല“ എന്‍സിആര്‍ടിസി അറിയിച്ചു.രാജ്യത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും അപാര്‍ നടപ്പിലാക്കാന്‍ പോകുന്നുവെന്ന് കേന്ദ്രം അറിയിച്ചിരുന്നു. തുടര്‍ന്ന് അപാറുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നത്. അതില്‍ പ്രധാനപ്പെട്ട ചോദ്യമായിരുന്നു അഡ്‌മിഷന്‍ നിഷേധിക്കുമെന്നത്. പിന്നാലെയാണ് എന്‍സിആര്‍ടിസി ഇക്കാര്യത്തില്‍ വ്യക്തതത വരുത്തിയത്.
എന്താണ് അപാര്‍ ഐഡി ?
രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഏകീകൃത തിരിച്ചറിയല്‍ നമ്പരാണിത്. കുട്ടിയുടെ മുഴുവന്‍ വിദ്യാഭ്യാസ രേഖയും സൂക്ഷിക്കുന്ന ഈ ഡിജിലോക്കര്‍ ജീവിത കാലം മുഴുവന്‍ ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ രേഖയാണ്. വിദ്യാഭ്യാസം ഡിജിറ്റൈസ് ചെയ്യാനുള്ള കേന്ദ്രത്തിൻ്റെ ശ്രമത്തിൻ്റെ ഭാഗമാണിത്.മാർക്ക് ഷീറ്റുകൾ, സർട്ടിഫിക്കറ്റുകൾ മുതലായവ ഉൾപ്പെടെയുള്ള അക്കാദമിക് രേഖകൾക്കായുള്ള ഒരു കേന്ദ്രീകൃത ശേഖരമായി ഇത് പ്രവർത്തിക്കുന്നു. ഇത് ഒരു വിദ്യാർഥിയുടെ അക്കാദമിക് യാത്ര സുഗമമായി ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്നു. പേപ്പർവർക്കുകൾ കുറയ്ക്കുക, തനിപ്പകർപ്പ് തടയുക, തുടർച്ച ഉറപ്പാക്കുക, പ്രത്യേകിച്ച് കുടിയേറ്റ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം സുഗമമാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായിട്ടാണ് അപാര്‍നടപ്പിലാക്കാന്‍ പോകന്നത്. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയെന്നാണ് വിവരം. ഒരു രാജ്യം, ഒരു ഐ.ഡി എന്നതാണ് ഈ പദ്ധതി കൊണ്ട് കേന്ദ്രം ഉദ്ദേശിക്കുന്നത്. രക്ഷിതാക്കളുടെ അനുമതിയോടെയാണ് ഇത് നടപ്പിലാക്കുക. പ്രിപ്രൈമറി മുതല്‍ ഉന്നത വിദ്യാഭ്യാസ തലം വരെ ഈ ഐഡി ഉപയോഗിക്കാം. സ്വകാര്യ/ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് എല്ലാം ഒരുപോലെ പരിഷ്‌ക്കാരം ബാധകമാണ്.