നീറ്റ് പുനഃപരീക്ഷ ആരംഭിച്ചു: വൈകിയെത്തിയ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു

നീറ്റ് പുനഃപരീക്ഷ ആരംഭിച്ചു:  വൈകിയെത്തിയ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ നീറ്റ് (NEET) പുനഃപരീക്ഷ രാജ്യവ്യാപകമായി തുടങ്ങി. ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകിട്ട് 5.15 വരെയാണ് പരീക്ഷ. രാജ്യത്തെ 5,440 പരീക്ഷാ കേന്ദ്രങ്ങളിലായി ഏകദേശം 23 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.കർശനമായ സുരക്ഷാ നിബന്ധനകൾ പാലിക്കേണ്ടതുള്ളതിനാൽ, നിശ്ചിത സമയത്തിന് ശേഷം എത്തിയ വിദ്യാർത്ഥികൾക്ക് പലയിടത്തും പ്രവേശനം ലഭിച്ചില്ല. വൈകിഎത്തിയ കാരണത്താൽ പ്രവേശനം ലഭിക്കാതിരുന്ന വിദ്യാർത്ഥികളിൽ പലരും  ഗേറ്റിന് പുറത്തുനിന്നു കരയുകയായിരുന്നു .ഡൽഹി കന്റോൺമെന്റ് കേന്ദ്ര വിദ്യാലയത്തിൽ ഗതാഗതക്കുരുക്ക് കാരണം വൈകിയെത്തിയ വിദ്യാർത്ഥിക്ക് പരീക്ഷ എഴുതാൻ സാധിച്ചില്ല. ബയോമെട്രിക് പരിശോധനകൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കേണ്ടതിനാൽ പ്രവേശനം അനുവദിക്കാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പശ്ചാത്തലത്തിൽ, ഇത്തവണ പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളിൽ രണ്ടര ലക്ഷം പോലീസുകാരെയും 15,000 അർദ്ധസൈനിക ഉദ്യോഗസ്ഥരെയും വിന്യസിച്ചു. ചോദ്യപേപ്പറുകളുടെ സുരക്ഷ പൂർണ്ണമായും അർദ്ധസൈനിക വിഭാഗത്തിന്റെ കൈകളിലാണ്. ഒന്നര ലക്ഷം സിസിടിവി ക്യാമറകളും 51,000 സിഗ്നൽ ജാമറുകളും കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പ്രത്യേക സംഘം തത്സമയം നിരീക്ഷിക്കുന്നുണ്ട്. പരീക്ഷാ കേന്ദ്രങ്ങളുടെ നടത്തിപ്പിനായി 6,669 നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. വ്യോമസേനയുടെ വിമാനങ്ങളിലാണ് ചോദ്യപേപ്പറുകൾ സുരക്ഷിതമായി കേന്ദ്രങ്ങളിൽ എത്തിച്ചത്. പരീക്ഷാ കേന്ദ്രങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.