മുഖ്യമന്ത്രി ആകാനായുള്ള പ്രതിച്ഛായ കൂട്ടാന്‍ നേതാക്കളുടെ പുതിയ തന്ത്രങ്ങള്‍

 മുഖ്യമന്ത്രി ആകാനായുള്ള പ്രതിച്ഛായ കൂട്ടാന്‍  നേതാക്കളുടെ പുതിയ തന്ത്രങ്ങള്‍

  മുംബൈ : ആരാവണം മുഖ്യമന്ത്രി ? ആരായിരിക്കും മുഖ്യമന്ത്രി ?:  കേരളത്തിൽ  ഭരണമാറ്റം സംഭവിക്കുമെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്നും  കോൺഗ്രസ്സ്  നേതാക്കൾ ഉറച്ചുവിശ്വസിക്കുമ്പോൾ അതിനു സമാന്തരമായി മുഖ്യമന്ത്രി ആരായിരിക്കണം എന്ന ചർച്ചയും പുരോഗമിക്കുകയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ , മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല  കോൺഗ്രസ്സിൻ്റെ അഖിലേന്ത്യാ നേതാവ്  കെ.സി.വേണുഗോപാൽ  എന്നിവരാണ് നിലവിൽ  മുഖ്യമന്തി കുപ്പായം തുന്നി വെച്ച് തങ്ങളുടെ ഊഴവും കാത്തിരിക്കുന്നത്.ഇവരോരുത്തർക്കും വേണ്ടി അവരുടെ  അണികളും മുന്നിട്ടുവന്നു കഴിഞ്ഞു .

സമൂഹമാധ്യമങ്ങളിലൂടെ നേതാക്കളുടെ അപദാനങ്ങൾ പ്രചരിപ്പിച്ചുകൊണ്ട്  കേരളത്തിൻ്റെ മുഖ്യമന്ത്രി ആകാനുള്ള യോഗ്യത തങ്ങളുടെ നേതാവിനാണ് എന്ന് സമർത്ഥിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്സിനകത്തെ ഗ്രൂപ്പുകൾ  .ഈ വാഴ്ത്തുപാട്ടുകൾ നേതാക്കളുടെ അനുമതിയോട് ആണെന്നും ജനം സംശയിക്കുന്നുണ്ട്.  കേരളത്തിലെ സാമുദായിക  നേതാക്കൾക്ക് അനഭിമതനായിട്ടുള്ളത് വിഡി സതീശൻ  മാത്രം!അവർക്കുമുന്നിൽ തലകുനിക്കാത്തത് സതീശൻ്റെ ആദർശധീരതയായിട്ടാണ്‌ ചിലർ കാണുന്നത്.മലപ്പുറത്ത് 'നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് ' ആശംസകൾ നേർന്നുകൊണ്ടുള്ള ഫ്ളക്സ്ബോർഡുകൾ പ്രത്യക്ഷപ്പെട്ടതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.

വിദേശത്തുള്ള  വേണുഗോപാലിൻ്റെ  സഹപാഠികളായ ചിലർ  കെ.സി.യുടെ സംഘടനാപാടവത്തെ പ്രകീർത്തിച്ചുകൊണ്ടുള്ള  അനുഭവ കുറിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതായി  കഴിഞ്ഞ ദിവസം കണ്ടു. പഠനകാലത്ത് പയ്യന്നൂർ കോളേജിലെ  കെഎസ്‌യു  നേതാവായിരുന്ന മഹാരാഷ്ട്രാ  പ്രദേശ് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി  ജോജോതോമസ്  ആവട്ടെ കേരളത്തിൻറെ  മുഖ്യമന്ത്രി ആരാകും എന്നതിനെക്കുറിച്ച്‌  ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചർച്ച അനാവശ്യമാണെന്നും അപലപിക്കുന്നതായും സമൂഹ മാധ്യമത്തിൽ  കുറിച്ചു .അപ്പോഴും  കെസി വേണുഗോപാലിനെകുറിച്ച് രണ്ടുവാക്ക്  പുകഴ്തിഎഴുതാൻ അദ്ദേഹം മറന്നതുമില്ല !  

ചര്‍ച്ചകള്‍ക്കിടെ പ്രതിച്ഛായ കൂട്ടാന്‍ പുതിയ തന്ത്രങ്ങളുമായി നേതാക്കള്‍.

രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍ തുടുങ്ങിയ നേതാക്കളെ  പ്രകീര്‍ത്തിച്ച് പുതിയ വീഡിയോകള്‍ പുറത്തിറക്കി കഴിഞ്ഞു.. വിഡി സതീശന്റെ പ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ പുസ്തകങ്ങള്‍ അണിയറയിലൊരുങ്ങുന്നു.

രമേശ് ചെന്നിത്തലയെ ജനനായകനായി ചിത്രീകരിച്ചാണ് വിഡിയോ. 2005ലെ കോണ്‍ഗ്രസ് പിളര്‍പ്പില്‍ പാര്‍ട്ടിയുടെ രക്ഷകനായത് ചെന്നിത്തലയാണെന്ന് വിഡിയോയില്‍ ഓര്‍മിപ്പിക്കുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ പ്രകീര്‍ത്തിച്ച് ഗാനവും പുറത്തിറക്കിയിട്ടുണ്ട്. ചര്‍ച്ചകള്‍ക്കിടയില്‍ പാര്‍ലമെന്റിലെയും നിയമസഭയിലെയും പ്രസംഗങ്ങളും ഉള്‍പ്പെടുത്തിയ പുസ്തകവും കെസി വേണുഗോപാല്‍ പുറത്തെത്തിക്കുന്നു.

'കേരള യാത്ര' എന്ന പേരില്‍ പോാഡ് കാസ്റ്റുമായി ചെന്നിത്തലയും രംഗത്തെത്തുന്നു. ഇതിനായി പുതിയ യുട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. ഭാവി കേരളത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പോഡ്കാസ്റ്റ് എന്ന് ചെന്നിത്തല വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കെ അധികാരകസേര ഉറപ്പിക്കാനുള്ള നീക്കങ്ങളായാണ് ഇവയെ രാഷ്ട്രീയ  നിരീക്ഷകർ  വിലയിരുത്തുന്നത്.