സ്ഥാനാർഥി നിർണ്ണയത്തിലെ അവഗണന : നിജേഷ് അരവിന്ദ് പാർട്ടി പദവികൾ രാജിവെച്ചു

സ്ഥാനാർഥി നിർണ്ണയത്തിലെ അവഗണന : നിജേഷ് അരവിന്ദ് പാർട്ടി പദവികൾ രാജിവെച്ചു

കോഴിക്കോട്: കോൺഗ്രസ് നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്ന് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി പദവികൾ രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള സ്ഥാനാർഥി നിർണ്ണയത്തിലും മണ്ഡലങ്ങളുടെ ചുമതല വിഭജനത്തിലും തന്നെ അവഗണിച്ചു എന്ന് ആരോപിച്ചാണ് രാജി. ഇതുസംബന്ധിച്ച രാജിക്കത്ത് അദ്ദേഹം കെപിസിസി നേതൃത്വത്തിന് കൈമാറി.​വിവിധ മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് ചുമതലകൾ പല നേതാക്കൾക്കുമായി വീതം വെച്ചു നൽകിയപ്പോൾ ഡിസിസി ജനറൽ സെക്രട്ടറിയായ തന്നെ പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്തത്തിലേക്കും പരിഗണിച്ചില്ലെന്ന് നിജേഷ് കുറ്റപ്പെടുത്തി. തന്നെ പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് മനപൂർവം മാറ്റിനിർത്തുകയായിരുന്നുവെന്നും അർഹമായ പ്രാധാന്യം ലഭിക്കുന്നില്ലെന്ന കാര്യം നേരത്തെ തന്നെ കെപിസിസി നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.നേതാക്കളുടെ താൽപ്പര്യത്തിന് വഴങ്ങി നിൽക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ പരിഗണന ലഭിക്കുന്നതെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചു. നേതാക്കളുടെ പെട്ടിതൂക്കിയും കാലുപിടിച്ചും സ്ഥാനാർഥിയാകാൻ താനില്ലെന്നും അത്തരത്തിലല്ല താൻ വളർന്നുവന്നതെന്നും അദ്ദേഹം തൻ്റെ പോസ്റ്റിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ആവേശത്തിൽ നിൽക്കുന്ന ജില്ലയിലെ കോൺഗ്രസ് ക്യാമ്പിന് ഡിസിസി ജനറൽ സെക്രട്ടറിയുടെ അപ്രതീക്ഷിത രാജി വലിയ തിരിച്ചടിയായിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റ് വഴിയും നിജഷ് രാജി വിവരങ്ങള്‍ പങ്കുവച്ചു.

സംഘടനാപരമായ ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെ ചില നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ കത്തയച്ചിരുന്നു. പരസ്യപ്പെടുത്തേണ്ട വിഷയങ്ങള്‍ അല്ലാതിരുന്നത് കൊണ്ടുതന്നെ മാധ്യമങ്ങള്‍ക്ക് നല്‍കാനോ സാമൂഹ്യമാധ്യമങ്ങളിലൂടെ കത്തിന്റെ ഉളളടക്കം പുറത്തുപറയുകയോ ചെയ്തിരുന്നില്ല. വ്യക്തികളേക്കാള്‍ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നത് കൊണ്ടുതന്നെ പ്രസ്ഥാനത്തിന് പ്രയാസമുണ്ടാക്കുന്ന ചെറിയൊരു ചലനം പോലും എന്നില്‍ നിന്ന് ഉണ്ടാകില്ല. നേതൃത്വത്തിലെ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് അയച്ച കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയും അസത്യവും അര്‍ധസത്യവും പ്രചരിപ്പിച്ച് ആടിനെ പട്ടിയാക്കി മാറ്റി പുകച്ച് പുറത്തുചാടിക്കാന്‍ ശ്രമിക്കുന്ന കുടില ബുദ്ധിയെ നമിക്കുന്നു. സ്ഥാനമാനങ്ങളില്‍ അഭിരമിക്കുന്നവര്‍ മാത്രമല്ല പാര്‍ട്ടി എന്ന ഉത്തമ ബോധ്യമുളളത് കൊണ്ടുതന്നെ എന്റെ നിലപാടുകള്‍ ഇനിയും പാര്‍ട്ടിക്ക് അകത്ത് തന്നെ പറയാനും ചര്‍ച്ച ചെയ്യാനും കഴിയുമെന്ന ഉറച്ച വിശ്വാസം ഇപ്പോഴുമുളള കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഞാന്‍'-നിജേഷ് അരവിന്ദ് പറഞ്ഞു.

വഴി തെറ്റിയോ രാഷ്ട്രീയ ഭാഗ്യാന്വേഷണത്തിന്‍റെ ഭാഗമായോ കോണ്‍ഗ്രസുകാരനായി മാറിയതല്ല താനെന്നും അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് പ്രസ്ഥാനത്തോടുളള ബന്ധം മുറിച്ചുമാറ്റാന്‍ കഴിയാത്തതാണെന്നും നിജേഷ് അരവിന്ദ് പറഞ്ഞു. തിരുത്തേണ്ടതും തിരുത്തപ്പെടേണ്ടതും തിരുത്തി തന്നെ പോകണം എന്ന നിലപാടില്‍ മാറ്റമില്ലെന്നും മാറ്റമില്ലാത്ത കോണ്‍ഗ്രസുകാരനായി നാളെയും ഇവിടെത്തന്നെ കാണും, മരണംവരെ കോണ്‍ഗ്രസ് അല്ലാത്ത മറ്റൊരു രാഷ്ട്രീയവുമില്ലെന്നും നിജേഷ് കൂട്ടിച്ചേര്‍ത്തു.