അവിശ്വാസ പ്രമേയം ഫലം കണ്ടു : ദിയ ബിനു പുറത്തേക്ക്; പാലായില്‍ യുഡിഎഫ് ഭരണം വീണു

അവിശ്വാസ പ്രമേയം ഫലം കണ്ടു : ദിയ ബിനു പുറത്തേക്ക്; പാലായില്‍ യുഡിഎഫ് ഭരണം വീണു

കോട്ടയം: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷയുടെ അധികാരം നഷ്‌ടമായി. കോട്ടയം പാലാ നഗരസഭയില്‍ യുഡിഎഫ് പിന്തുണയോടെ അധികാരത്തിലേറിയ ദിയ പുളിക്കക്കണ്ടതിന്‍റെ നേതൃത്വത്തിലുള്ള സ്വതന്ത്ര കൂട്ടായ്‌മയുടെ ഭരണസമിതിക്കെതിരെ ഇടതുമുന്നണി കൊണ്ടു വന്ന അവിശ്വാസ പ്രമേയമാണ് പാസായത്. ഇടതു മുന്നണിക്ക് അനുകൂലമായി പതിനേഴ് പേര്‍ വോട്ടു ചെയ്‌തു. ഇതോടെ പാലയില്‍ മാസങ്ങളായി അരങ്ങേറിയിരുന്ന രാഷ്‌ട്രീയ നാടകത്തിന് തിരശീല വീണിരിക്കുകയാണ്.

വിപ്പ് ലംഘിച്ച് വൈസ്‌ ചെയര്‍പേഴ്‌സണ്‍ മായാരാഹുല്‍ അടക്കം നാല് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇടതു പ്രമേയത്തെ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്. അതേസമയം വിപ്പ് കൈപ്പറ്റിയിട്ടില്ലെന്നും കൈപ്പറ്റാത്ത വിപ്പ് എങ്ങനെ ലംഘിച്ചു എന്ന് പറയാനാകുമെന്നും കൗണ്‍സിലര്‍ ടോണി തൈപ്പറമ്പില്‍ പ്രതികരിച്ചു. കാലം കാത്തുവച്ച കാവ്യ നീതിയാണെന്നും കൗണ്‍സിലര്‍മാര്‍ പ്രതികരിച്ചു. കുടുംബ കൂട്ടായ്‌മയുടെ നേതൃത്വത്തിലുള്ള ഒരു അവിശുദ്ധ മുന്നണിയാണ് ഇവിടെ ഭരിച്ച് കൊണ്ടിരുന്നതെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് തന്നെയാകും ഇവിടെ ഭരിക്കുക. ജോസഫ് ഗ്രൂപ്പ് കൂടി തീരുമാനം പറയട്ടെ എന്നും ടോണി പറഞ്ഞു.

ജനാധിപത്യ വിധി അംഗീകരിക്കുന്നുവെന്ന് ദിയ പുളിക്കക്കണ്ടം പ്രതികരിച്ചു. തനിക്കെതിരെ കൊണ്ടു വന്ന ആരോപണങ്ങള്‍ ഒന്നും തെളിയിക്കാന്‍ ആര്‍ക്കും ആയിട്ടില്ല. പദവികള്‍ വരും പോകും. സത്യസന്ധമായ പൊതുപ്രവര്‍ത്തനത്തിലൂടെ മുന്നോട്ട് പോകുമെന്നും ദിയ പറഞ്ഞു.ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്കും വിമർശനങ്ങൾക്കും പൂർണ സ്വാതന്ത്ര്യവും ബഹുമാനവുമുണ്ട്. അവിശ്വാസ പ്രമേയവും ജനാധിപത്യത്തിന്റെ അംഗീകൃതമായ ഒരു സംവിധാനമാണ്. ആ ജനാധിപത്യവിധിയെ ഞാൻ പൂർണ ബഹുമാനത്തോടെ സ്വീകരിക്കുന്നു.

https://www.worldm.news/news/action-will-be-taken-against-33834