"വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ വേണ്ട" :മന്ത്രി വി ശിവൻകുട്ടി

"വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ വേണ്ട" :മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വേനലവധിക്കാലത്ത് സ്കൂളുകളിൽ സ്പെഷ്യൽ ക്ലാസുകൾ നടത്തുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. കേരള വിദ്യാഭ്യാസ ചട്ടങ്ങൾ പ്രകാരം മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ്. ഇത് ലംഘിച്ച് ക്ലാസുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഠിനമായ വേനൽചൂട് കണക്കിലെടുത്ത് തൊഴിലാളികൾക്ക് പോലും സമയക്രമത്തിൽ മാറ്റം വരുത്തിയ സാഹചര്യത്തിൽ കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ചൂട് കൂടുന്നത് കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ബാലാവകാശ കമ്മീഷന്റെയും കോടതികളുടെയും ഉത്തരവുകൾ പ്രകാരം കുട്ടികളുടെ അവധിക്കാലം തടസ്സപ്പെടുത്താൻ ആർക്കും അവകാശമില്ല. സർക്കാർ എയ്ഡഡ് സ്കൂളുകൾക്ക് പുറമെ സിബിഎസ്ഇ ഐസിഎസ്ഇ സ്കൂളുകൾക്കും ഈ നിർദ്ദേശം ബാധകമാണ്. നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങളെ കണ്ടെത്താൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.