തൊടുപുഴ സ്‌മിത ആശുപത്രിയിൽ നഴ്‌സ് ജീവനൊടുക്കാൻ ശ്രമിച്ചു: കടുത്ത മാനസിക പീഡനമെന്ന് ആരോപണം

ഇടുക്കി: തൊടുപുഴയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ സ്‌മിത ഹോസ്‌പിറ്റലിൽ ഡ്യൂട്ടിക്കിടെ നഴ്‌സ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (UNA) സ്‌മിത ഹോസ്‌പിറ്റൽ യൂണിറ്റ് സെക്രട്ടറി കൂടിയായ യുവതിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവതി നിലവിൽ നിരീക്ഷണത്തിലാണ്. ആശുപത്രിയിലെ ചീഫ് നഴ്‌സിങ് ഓഫീസർ, സൂപ്പർവൈസർ എന്നിവരുടെ ക്രൂരമായ മാനസിക പീഡനത്തെ തുടർന്നാണ് യുവതി ഈ കടുംകൈ ചെയ്‌തതെന്നാണ് സഹപ്രവർത്തകരുടെ ആരോപണം.
ആശുപത്രിയിലെ ചീഫ് നഴ്‌സിങ് ഓഫീസർക്കും സൂപ്പർവൈസർക്കുമെതിരെ മുൻപും നിരവധി പരാതികൾ ജീവനക്കാർ ഉന്നയിച്ചിരുന്നു. ഇവരുടെ നിരന്തരമായ പീഡനം കാരണം മുൻപ് പല നഴ്‌സുമാർക്കും ജോലി ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. ശമ്പള വർധനവ്, കൃത്യമായ ജോലി സമയം എന്നിവയുമായി ബന്ധപ്പെട്ട് ജീവനക്കാർ നിരന്തരം ഉന്നയിച്ചിരുന്ന ആവശ്യങ്ങൾ മാനേജ്‌മെൻ്റ് ബോധപൂർവ്വം അവഗണിക്കുകയായിരുന്നുവെന്ന ആരോപണമുണ്ട്. നഴ്‌സിൻ്റെ ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ സംഘർഷാവസ്ഥ ഉടലെടുത്തതോടെ മാനേജ്‌മെൻ്റ് ഒടുവിൽ ചർച്ചയ്ക്ക് തയ്യാറായി രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.ഹോസ്‌പിറ്റലിലെ ജീവനക്കാരുടെ തൊഴിൽപരമായ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ഒരു പ്രാദേശിക യൂണിയൻ ബ്രാഞ്ച് രൂപീകരിച്ചതിനുശേഷമുണ്ടായ ശത്രുത ആണ് മാനസിക പീഡനത്തിലേക്ക് നയിച്ചതെന്ന് യുഎൻഎ സംസ്ഥാന പ്രസിഡൻ്റ് ഷോബി മാധ്യമങ്ങളോട് പ്രതികരിച്ചു. മാനേജ്മെൻ്റിൻ്റെ നേരിട്ടുള്ള ഇടപെടൽ വ്യക്തമല്ലെങ്കിലും, ഹോസ്‌പിറ്റലിൽ നിന്നുള്ള മാനസിക പീഡനം കാരണം നിരവധി ജീവനക്കാർ ഇതിന് മുൻപും രാജി വച്ചിട്ടുണ്ടെന്നും ഷോബി പറഞ്ഞു.