ഇനി ഒമ്പത് നാൾ മാത്രം ! കേരളത്തിൽ പ്രചാരണം അതി തീവ്രതയിൽ

ഇനി ഒമ്പത് നാൾ മാത്രം ! കേരളത്തിൽ പ്രചാരണം അതി തീവ്രതയിൽ

കേരളം:നിയമസഭ തെരഞ്ഞെടുപ്പിന് ഒൻപത് നാൾ മാത്രം ശേഷിക്കെ സംസ്ഥാനത്ത് പ്രചാരണം വികസന വിഷയങ്ങളിലേക്ക് വഴിമാറുന്നു. ആദ്യഘട്ടത്തിലെ ആരോപണ പ്രത്യാരോപണങ്ങൾക്ക് പകരം ഭരണനേട്ടങ്ങളും ജനക്ഷേമവും മുൻനിർത്തിയുള്ള സംവാദങ്ങൾക്കാണ് കളമൊരുങ്ങുന്നത്.കഴിഞ്ഞ 10 വർഷത്തെ വികസന നേട്ടങ്ങൾ മുൻനിർത്തി സംവാദത്തിന് തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതോടെയാണ് പ്രചാരണരംഗം ചൂടുപിടിച്ചത്. സമയവും സ്ഥലവും നിശ്ചയിക്കാൻ മുഖ്യമന്ത്രി വെല്ലുവിളിച്ചപ്പോൾ നേരിടാൻ തയാറാണെന്ന മറുപടിയുമായി പ്രതിപക്ഷ നേതാവും രംഗത്തെത്തി. പ്രകടന പത്രികകളും വികസന രേഖകളും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച മുന്നണികൾ ഇതിൽ ഊന്നിയാണ് വോട്ടഭ്യർഥിക്കുന്നത്. മധ്യകേരളത്തിൽ ശബരിമല വിഷയവും സ്വർണക്കള്ളക്കടത്തും സജീവ ചർച്ചയാണ്. സർക്കാരിനെ കടന്നാക്രമിക്കുന്ന യുഡിഎഫിനെയും ബിജെപിയെയും വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ഇടതുപക്ഷം നേരിടുന്നത്.

നേര്‍ക്കുനേര്‍ സംവാദത്തിനില്ലെന്ന് മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി നേര്‍ക്കുനേര്‍ സംവാദത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ് ബുക്കില്‍ ഇന്നലെ രാവിലെ 9 മുതല്‍ സംവാദം തുടങ്ങിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി. എന്തെങ്കിലും തിരുത്തുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാമെന്നുംഅദ്ദേഹം. അതേസമയം മുഖ്യമന്ത്രി പറയുന്ന സ്ഥലത്തും സമയത്തും സംവാദമാകാമെന്ന് വിഡി സതീശന്‍.

പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം മരിച്ചവരെ പോക്കറ്റടിച്ചില്ലെയെന്നും ചോദ്യം. ദുരിത ബാധിതര്‍ക്കായി കോണ്‍ഗ്രസ് പിരിച്ച പണം എവിടെയെന്നും ചോദ്യം. വിമര്‍ശനം വയനാട്ടിലെ കോണ്‍ഗ്രസ് വീടുകളുടെ നിര്‍മാണം വൈകുന്നതില്‍. കള്ളം പറഞ്ഞ് തടിത്തപ്പുന്നവരെ നുണയന്‍ എന്നല്ലാതെ എന്ത് വിളിക്കുമെന്നും മുഖ്യമന്ത്രിയുടെ ചോദ്യം?.

ഹോം വോട്ടിങ്

വയനാട്ടില്‍ സജീവമായി ഹോം വോട്ടിങ്. ഇന്നലെ തുടക്കം കുറിച്ച വോട്ടെടുപ്പില്‍ ജില്ലയില്‍ 800ലധികം പേര്‍ തങ്ങളുടെ സമ്മതിദായക അവകാശം രേഖപ്പെടുത്തി. ബിഎല്‍ഒ, പ്രിസൈഡിങ് ഓഫിസര്‍, പോളിങ് ഓഫിസര്‍, മൈക്രോ ഒബ്സെര്‍വര്‍, പൊലീസ്, വീഡിയോഗ്രാഫര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് വീടുകളിലെത്തി വോട്ടെടുപ്പ് നടത്തുന്നത്. ഇന്നലെ ആരംഭിച്ച വോട്ടെടുപ്പ് ആറ് ദിവസം തുടരും.