തൃണമൂലിന് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന ഐ-പാക്കിൻ്റെ പ്രവര്‍ത്തനംനിലച്ചു , പിന്നില്‍ കേന്ദ്ര ഏജൻസികളെന്ന് ആരോപണം

തൃണമൂലിന് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന ഐ-പാക്കിൻ്റെ   പ്രവര്‍ത്തനംനിലച്ചു , പിന്നില്‍ കേന്ദ്ര ഏജൻസികളെന്ന് ആരോപണം

കൊല്‍ക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തൃണമൂൽ കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്ന രാഷ്ട്രീയ ഉപദേശക ഏജൻസിയായ ഐ-പാക്ക് (I-PAC) പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചു. ചില പ്രത്യേക നിയമപരമായ ബാധ്യതകൾ കാരണമാണ് ഈ തീരുമാനമെന്ന് ചൂണ്ടിക്കാട്ടി ശനിയാഴ്ച അർദ്ധരാത്രിയോടെ ജീവനക്കാർക്ക് മാനേജ്‌മെൻ്റ് ഇമെയിൽ അയച്ചു.ബംഗാളിൽ നിലവിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരോടും ഉടനടി ജോലി നിർത്തിവെച്ച് അടുത്ത 20 ദിവസത്തേക്ക് താൽക്കാലിക അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. മെയ് 11-ന് ശേഷം മാത്രമേ ജീവനക്കാരുമായി മാനേജ്‌മെൻ്റ് വീണ്ടും ബന്ധപ്പെടുകയുള്ളൂ. അതിനുശേഷം സാഹചര്യം വിലയിരുത്തി തുടർനടപടികൾ തീരുമാനിക്കും.

"ഞങ്ങൾ എപ്പോഴും നിയമത്തെ ബഹുമാനിക്കുന്നു, നിയമനടപടികളുമായി പൂർണ്ണമായി സഹകരിക്കുന്നുമുണ്ട്. ഉചിതമായ സമയത്ത് നീതി ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്," ഐ-പാക്ക് ഇമെയിലിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ തൃണമൂലിൻ്റെ പ്രധാന തന്ത്രങ്ങൾ മെനയുന്ന ഏജൻസിയുടെ ഈ പിന്മാറ്റം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ഏപ്രിൽ 23, 29 തീയതികളിലാണ് ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്. മെയ് 4-നാണ് വോട്ടെണ്ണൽ. കേന്ദ്ര അന്വേഷണ ഏജൻസികളിൽ നിന്നുള്ള കടുത്ത സമ്മർദ്ദമാണ് ഐ-പാക്കിൻ്റെ ഈ അപ്രതീക്ഷിത നീക്കത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുണ്ട്.കഴിഞ്ഞ ജനുവരിയിൽ ഐ-പാക്കിൻ്റെ കൊൽക്കത്ത ഓഫീസിലും സംഘടനയുടെ പ്രധാനികളിൽ ഒരാളായ പ്രതീക് ജെയിൻ്റെ വസതിയിലും ഇഡി പരിശോധന നടത്തിയിരുന്നു. മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് റെയ്‌ഡ് നടന്ന സ്ഥലത്തെത്തിയത് വലിയ വാർത്തയായിരുന്നു. കൂടാതെ, കൽക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഐ-പാക്ക് സഹസ്ഥാപകൻ വിനേഷ് ചന്ദലിനെ ഈ മാസം ആദ്യം ഡൽഹിയിൽ വെച്ച് ഇഡി അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹം നിലവിൽ കസ്റ്റഡിയിലാണ്.

കേന്ദ്രത്തിലെ ഭരണകക്ഷി അന്വേഷണ ഏജൻസികളെ ആയുധമാക്കി തൃണമൂലിൻ്റെ തെരഞ്ഞെടുപ്പ് രഹസ്യങ്ങൾ ചോർത്താൻ ശ്രമിക്കുകയാണെന്ന് മമത ബാനർജിയും അഭിഷേക് ബാനർജിയും ആരോപിച്ചു. എന്നാൽ ഈ സംഭവവികാസങ്ങളെക്കുറിച്ച് ഐ-പാക്കോ തൃണമൂൽ കോൺഗ്രസോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.ബംഗാൾ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് ഐ-പാക്ക് വ്യാജ പ്രസ് ഐഡൻ്റിറ്റി കാർഡുകൾ നൽകുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. പോളിങ് ബൂത്തുകളിൽ ഇവർക്ക് അനിയന്ത്രിത പ്രവേശനം ഉറപ്പാക്കി ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണിതെന്ന് അധികാരി ചൂണ്ടിക്കാട്ടിയിരുന്നു.