ശബരിമല ഭക്തർക്കെതിരെ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കണമെന്ന് പന്തളം രാജ പ്രതിനിധി
കോട്ടയം: പുതിയ സർക്കാരിൽ ഏറെ പ്രതിക്ഷയുണ്ടെന്ന് പന്തളം രാജപ്രതിനിധിയും ശബരിമല അയ്യപ്പ സേവ സമാജത്തിൻ്റെ സംസ്ഥാന പ്രസിഡൻ്റും കൂടിയായ പി എൻ നാരായണ വർമ. ശബരിമലയുടെ പവിത്രത കാത്തു സംരക്ഷിക്കുന്നതിനും ആചാര സംരക്ഷണ നടപടികൾ പുതിയ സർക്കാർ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് പി എൻ നാരായണ വർമ അഭിപ്രായപ്പെട്ടു. വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമല ഭക്തർക്കെതിരെ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കണം. ഇക്കാര്യങ്ങൾ ഇതിനകം തന്നെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് നാരായണ വർമ്മ പറഞ്ഞു. കേസുകൾ മൂലം ഭക്തർ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. ഭരണത്തിൽ എത്തിയാൽ ഒട്ടും വൈകാതെ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ പുതിയ സർക്കാരിൻ്റേതായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും അഭിപ്രായം ഉയർന്ന് വന്നിട്ടുണ്ട്.ശബരിമല യുവതി പ്രവേശന കേസ് സുപ്രീംകോടതിയിൽ വളരെ ശുഭകരമായ രീതിയിലാണ് മുന്നോട്ടുപോകുന്നത്. അയ്യപ്പ സേവാസമാജവും പന്തളം കൊട്ടാരവും കേസിൽ കക്ഷി ചേർന്നിട്ടുണ്ടെന്നും നാരായണ വർമ്മ ചൂണ്ടിക്കാട്ടി. പുതിയ സർക്കാർ തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞ വാഗ്‌ധാനങ്ങൾ നല്ല രീതിയിൽ പാലിക്കുമെന്ന് കരുതുന്നു. ശബരിമല സംബന്ധിച്ച് കേസുകൾ എല്ലാം അന്വേഷിക്കണം. ശബരിമലയുടെ പവിത്രത നഷ്‌ടപ്പെടാത്ത രീതിയിൽ ഉള്ള ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശ്വാസികളുടെ താത്‌പ്പര്യത്തിന് അനുസരിച്ച് ഒരു സ്‌റ്റേറ്റ്‌മെൻ്റ് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകൾ മീലം നിരവധി പ്രവർത്തകർക്ക് ബുദ്ധിമുട്ടായിട്ടുണ്ടെന്നും അവ പരിഹരിക്കുമെന്നും പുതിയ സക്കാർ ഉറപ്പ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.ശബരിമല സ്വർണക്കേസ് അന്വേഷണം ഊർജിതമാക്കണം. ഭഗവാൻ്റെ ഒരുതരി സ്വർണ്ണം പോലും നഷ്ടപ്പെടരുത്. സിബിഐ പോലുള്ള ഏജൻസികൾക്ക് അന്വേഷണം കൈമാറുന്നത് ഉചിതമായിരിക്കുമെന്നും നാരായണ വർമ പറഞ്ഞു.