വാടക വീട്ടിലേയ്‌ക്ക് താമസം മാറി പിണറായി; ക്ലിഫ് ഹൗസ് ഒഴിഞ്ഞു

വാടക വീട്ടിലേയ്‌ക്ക് താമസം മാറി പിണറായി; ക്ലിഫ് ഹൗസ് ഒഴിഞ്ഞു

തിരുവനന്തപുരം: കാവല്‍ മുഖ്യമന്ത്രിയായി സംസ്ഥാനത്ത് തുടരുന്ന പിണറായി വിജയന്‍ തലസ്ഥാനത്ത് പുതിയ വാടക വീട്ടിലേക്ക് മാറുന്നു. തുടർഭരണം നഷ്ടമായതിനെത്തുടർന്നും നവീകരണത്തിനായി ക്ലിഫ് ഹൗസ് ഉടന്‍ തന്നെ ഒഴിഞ്ഞു കൊടുക്കേണ്ടി വന്നതിനാലുമാണ് നിയമസഭയിലേക്കും മറ്റും എത്താന്‍ പാകത്തില്‍ നഗരമധ്യത്തില്‍ തന്നെ വാടകവീട് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് പ്രതിപക്ഷ നേതാവ് ആരാകുമെന്ന ചർച്ചകൾ പൊടി പൊടിക്കുന്നതിനിടെയാണ് നേതാവിൻ്റെ വീടുമാറ്റം എന്ന പ്രത്യേകതയുമുണ്ട്.പിബി യോഗം കഴിഞ്ഞു ഡല്‍ഹിയില്‍ നിന്നു പിണറായി വിജയന്‍ തിരിച്ചെത്തുന്നത് തിരുവനന്തപുരം നഗരമധ്യത്തിലുള്ള വാടക വീട്ടിലേക്കാണെന്നാണ് സൂചന. തിരുവനന്തപുരം ബേക്കറി ബേക്കറി ജങ്ഷനിൽ റിസർവ് ബാങ്കിനോട് ചേർന്നുള്ള വത്സല നഴ്‌സിങ് ഹോമിനു സമീപത്താണ് വാടക വീട്.എകെജി സെൻ്ററിനു സമീപത്തുള്ള ചിന്ത ഫ്‌ളാറ്റിലേക്കാവും ക്ലിഫ് ഹൗസില്‍ നിന്നു പിണറായി മാറുക എന്നതായിരുന്നു നേരത്തേ വ്യക്തമാക്കിയിരുന്നത്. മുന്‍പ് അവിടെ ഉപയോഗിച്ചിരുന്ന ഫ്‌ളാറ്റ് വൃത്തിയാക്കുകയും ചെയ്തു. എന്നാല്‍ ചിന്താ ഫ്‌ളാറ്റിലേക്ക് മാറുന്നില്ലെന്ന പിണറായിയുടെ തീരുമാനത്തെ തുടർന്ന് പുതിയ വാടകവീട് സജ്ജമാക്കുകയായിരുന്നു. ക്ലിഫ് ഹൗസിലെ അദ്ദേഹത്തിൻ്റെ സാധനങ്ങൾ പുതിയ വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്. പുതിയ താമസസ്ഥലത്ത് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അങ്ങനെയെങ്കില്‍ കൻ്റോണ്‍മെൻ്റ് ഹൗസ് ഉപയോഗിക്കാന്‍ കഴിയും. പ്രതിപക്ഷ നേതാവ് ആര് എന്നതിനെ സംബന്ധിച്ച് അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്.പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തെരഞ്ഞെടുത്താല്‍ ഔദ്യോഗിക വസതിയായ കൻ്റോണ്‍മെൻ്റ് ഹൗസിലേക്ക് സ്വാഭാവികമായും മാറും. ഇതില്‍ തീരുമാനമാകാത്ത പശ്ചാത്തലത്തിലാണ് വാടക വീട്ടിലേക്ക് മാറാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.അതേസമയം, തെര‍ഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പിണറായി വിജയന്‍ ആദ്യമായി പരസ്യ പ്രതികരണുമായി ഇന്നു രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ചിരിച്ചുകൊണ്ട് 'പിന്നെ കാണാം' എന്നായിരുന്നു പിണറായിയുടെ മറുപടി. ദില്ലിയിൽ ചേർന്ന സി പി എം പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം നാട്ടിലേക്ക് മടങ്ങവെയാണ് പിണറായിയുടെ പ്രതികരണം.മുന്‍പ് പലതവണ മാധ്യമ പ്രവർത്തകർ വിവിധ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും ഒരക്ഷരം പറയാതെ നടന്നുനീങ്ങുകയായിരുന്നു. പിണറായിക്കൊപ്പം പി ബി യോഗത്തിന് ശേഷം നാട്ടിലേക്ക് മടങ്ങവെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതിപക്ഷ നേതാവിന്‍റെ കാര്യം കേരളത്തിൽ തീരുമാനിക്കുമെന്നാണ് വ്യക്തമാക്കിയത്.