മേജർ രവിയുടെ പ്രസ്താവന വാസ്തവവിരുദ്ധം, നിയമ നടപടി സ്വീകരിക്കുമെന്ന് പിണറായി വിജയൻ്റെ ഓഫീസ്

തിരുവനന്തപുരം: അന്തരിച്ച നടൻ സലീംകുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയപ്പോൾ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ 55 വാഹനങ്ങളുടെയും 560 പോലീസുകാരുടെയും അകമ്പടിയോടെയാണ് യാത്ര ചെയ്തതെന്ന മേജർ രവിയുടെ പ്രസ്താവനയ്ക്കെതിരെ ശക്തമായ മറുപടിയുമായി പിണറായി വിജയന്റെ ഓഫീസ്. ഈ ആരോപണം പൂർണ്ണമായും വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് ഓഫീസ് വ്യക്തമാക്കി.
ഇത്തരത്തിൽ വ്യാജ വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്ന പ്രൊഫൈലുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അന്ന് മാധ്യമങ്ങൾ പുറത്തുവിട്ട യഥാർത്ഥ ദൃശ്യങ്ങൾ പരിശോധിച്ചാൽ തന്നെ കള്ളപ്രചാരണം വ്യക്തമാകുമെന്നും ഓഫീസ് അറിയിച്ചു. മേജർ രവിയെപ്പോലെ ഉത്തരവാദിത്തപ്പെട്ട ഒരാൾ ഇത്തരത്തിൽ വിലകുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയമാണെന്നും, ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പ്രശംസിച്ചും പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചും നടത്തിയ പ്രസംഗത്തിനിടെയായിരുന്നു മേജർ രവിയുടെ വിവാദ പരാമർശം. വി.ഡി സതീശന്റെ ലാളിത്യത്തെ മേജർ രവി പുകഴ്ത്തിയിരുന്നു.