ഡിസിസി ഓഫിസിനു മുന്നിൽ രാഹുലിനും പ്രിയങ്കയ്ക്കും എതിരെ പോസ്റ്റർ

ഡിസിസി ഓഫിസിനു മുന്നിൽ രാഹുലിനും പ്രിയങ്കയ്ക്കും എതിരെ  പോസ്റ്റർ

വയനാട്: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളിൽ ഇടപെടുന്ന രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും മുന്നറിയിപ്പായി വയനാട് ഡിസിസി ഓഫിസിനു മുന്നിൽ പോസ്റ്റർ. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളിലും മുഖ്യമന്ത്രി തർക്കങ്ങളിലും ഹൈക്കമാൻഡ് സ്വീകരിക്കുന്ന നിലപാടുകളിലെ കടുത്ത അതൃപ്തിയാണ് പോസ്റ്ററിലൂടെ പുറത്തുവന്നിരിക്കുന്നത്.കോൺഗ്രസ് നേതൃത്വത്തെയും ഗാന്ധി കുടുംബത്തെയും നേരിട്ട് ലക്ഷ്യമിട്ടാണ് വയനാട് ഡിസിസി ഓഫിസിനു മുന്നിൽ അജ്ഞാതർ പോസ്റ്റർ പതിപ്പിച്ചത്. തെരഞ്ഞെടുപ്പുകൾക്ക് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങളിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്വീകരിക്കുന്ന ഏകപക്ഷീയമായ നിലപാടുകൾ തിരുത്തണമെന്നാണ് പോസ്റ്ററിലെ പ്രധാന ആവശ്യം. പ്രശ്നപരിഹാരത്തിന് നേതൃത്വം തയാറായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് വ്യക്തമാക്കുന്ന പോസ്റ്ററിൽ, ഉത്തർപ്രദേശിലെ അമേഠിയിൽ സംഭവിച്ച പരാജയം വയനാട്ടിലും ആവർത്തിക്കുമെന്ന കടുത്ത മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഭാവിയിൽ എന്തായാലും വയനാട്ടിൽ നിന്നും വിജയിക്കില്ലെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നുണ്ട്. ഡിസിസി ഓഫിസിനു മുൻപിൽ അതിരാവിലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടതായി പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവം വിവാദമായതോടെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഓടിയെത്തി പോസ്റ്ററുകൾ വേഗത്തിൽ നീക്കം ചെയ്തു.