"ഒരു വർഷത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അധികാരം നഷ്ടപ്പെടുo" : രാഹുൽ ഗാന്ധി

"ഒരു വർഷത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അധികാരം നഷ്ടപ്പെടുo" : രാഹുൽ ഗാന്ധി

ന്യുഡൽഹി: ഒരു വർഷത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അധികാരം നഷ്ടപ്പെടുമെന്നും സ്ഥാനത്ത് നിന്ന് താഴെ ഇറങ്ങേണ്ടി വരുമെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തന്റെ കൃത്യമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും, ഒരിക്കൽ മോദിയുടെ ശക്തമായ നിയന്ത്രണത്തിലായിരുന്ന ഭരണം ഇപ്പോൾ തകർച്ചയുടെ വക്കിലാണെന്നും അദ്ദേഹം ആരോപിച്ചു. ഡൽഹിയിലെ ഇന്ദിരാ ഭവനിൽ ആദിവാസി കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തലത്തിൽ നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച, സി.ബി.എസ്.ഇ പുനർമൂല്യനിർണ്ണയത്തിലെ ഗുരുതരമായ ക്രമക്കേടുകൾ എന്നിവയെച്ചൊല്ലി രാജ്യവ്യാപകമായി വിദ്യാർത്ഥി-പൊതുജന പ്രതിഷേധങ്ങൾ ഇരമ്പുന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ ഈ കടുത്ത പരാമർശങ്ങൾ. രാജ്യത്തെ സാമ്പത്തികാവസ്ഥയെക്കുറിച്ച് കടുത്ത ആശങ്കയാണ് രാഹുൽ ഗാന്ധി പങ്കുവെച്ചത്. ബി.ജെ.പി ഇതേ രീതിയിൽ ഭരണത്തിൽ തുടർന്നാൽ ഇന്ത്യ ഇതുവരെ കാണാത്ത തരത്തിലുള്ള ഭീകരമായ ‘സാമ്പത്തിക സുനാമി’യെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ നിലവിൽ വിലക്കയറ്റം അതീവ രൂക്ഷമാണ്, ഇതിനെ തടുക്കാൻ കേന്ദ്ര സർക്കാരിന് സാധിക്കുന്നില്ല. ശക്തമായ പൊതുജന സമ്മർദ്ദവും ജനരോഷവുമാണ് മോദി സർക്കാർ ഇനി നേരിടാൻ പോകുന്നത്. മോദിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന എല്ലാ സംവിധാനങ്ങളും ഇപ്പോൾ തകർച്ചയിലാണ് രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.