'സർവീസിലിരുന്നപ്പോഴും "പോടാ, പുല്ലേ" എന്ന് മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്": വിശദീകരണവുമായി ആർ ശ്രീലേഖ
തിരുവനന്തപുരം: പൊലീസിനെതിരായ 'പോടാ പുല്ലേ പൊലീസേ...' മുദ്രാവാക്യം വിളിയിൽ വിശദീകരണവുമായി മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ. പൊലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന പൊലീസ് ഉദ്യോഗസ്ഥരെ "പോടാ, പുല്ലേ" എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട് എന്നാണ് ശ്രീലേഖ ഫെയ്സ്ബുക്കിൽ കുറിച്ചത്.ഗുരുതര തെറ്റുകൾ, അഴിമതി എന്നിവ ചെയ്യുന്ന പല പൊലീസുകാരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്, ചിലരെ ഡിസ്മിസ്സ് ചെയ്തിട്ടുണ്ട്, പലർക്കും എതിരെ കേസുകൾ എടുത്തിട്ടുണ്ട്. അന്നൊന്നും ആരും, ഒരു നേതാവും തനിക്കെതിരെ പറഞ്ഞിട്ടില്ല. എന്നിട്ടാണോ വിരമിച്ച ശേഷം ഇങ്ങനെ തെറ്റുകൾ ചെയ്തു കൂട്ടുന്ന ഒരുത്തനെ 'പോടാ' എന്ന് വിളിച്ചതിൽ ഇവരൊക്കെ തെറ്റ് കാണുന്നത്?. എന്തായാലും ചെയ്ത അപരാധത്തിന് വട്ടിയൂർക്കാവ് SHO യോട് അവധിയിൽ പ്രവേശിക്കാനെങ്കിലും നിർദ്ദേശിച്ചല്ലോ? നല്ല കാര്യം! . ശ്രീലേഖ കുറിച്ചു.
ശ്രീലേഖയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഞാൻ പൊലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന പൊലീസ് ഉദ്യോഗസ്ഥരെ "പോടാ, പുല്ലേ" എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്.ഗുരുതര തെറ്റുകൾ, അഴിമതി എന്നിവ ചെയ്യുന്ന പല പൊലീസുകാരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്, ചിലരെ ഡിസ്മിസ്സ് ചെയ്തിട്ടുണ്ട്, പലർക്കും എതിരെ കേസുകൾ എടുത്തിട്ടുണ്ട്, പല പൊലീസുകാരും അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്..അന്നൊന്നും ആരും, ഒരു രാഷ്ട്രീയ / പൊലീസ് അസോസിയേഷൻ നേതാവും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ വിരമിച്ച ശേഷം ഇങ്ങനെ തെറ്റുകൾ ചെയ്തു കൂട്ടുന്ന ഒരുത്തനെ 'പോടാ' എന്ന് വിളിച്ചതിൽ ഇവരൊക്കെ തെറ്റ് കാണുന്നത്?എന്തായാലും ചെയ്ത അപരാധത്തിന് വട്ടിയൂർക്കാവ് SHO യോട് അവധിയിൽ പ്രവേശിക്കാനെങ്കിലും നിർദ്ദേശിച്ചല്ലോ? നല്ല കാര്യം! DGP ക്ക്, പൊലീസ് കമ്മിഷണർക്ക് നന്ദി!