രാജ്യസഭ അംഗത്വo : എല്‍ഡിഎഫിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി

രാജ്യസഭ അംഗത്വo :  എല്‍ഡിഎഫിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പുകള്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും കീറാമുട്ടിയാക്കും. 35 സീറ്റു മാത്രമാണ് ഇടതുപക്ഷത്തിന് നിയമസഭയില്‍ ഉള്ളത്. സാധാരണ ഗതിയില്‍ മൂന്ന് ഒഴിവുകള്‍ വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ചുരുങ്ങിയത് 36 എംഎല്‍എമാരുടെ പിന്തുണ വേണമെന്നിരിക്കെ പാര്‍ലമെന്‍റിന്‍റെ ഉപരിസഭയിലേക്ക് ഒരു അംഗത്തെ അയയ്ക്കണമെങ്കില്‍ ഇടതുപക്ഷം ബിജെപിയുടെ സഹായം തേടേണ്ട സ്ഥിതിയാണുള്ളത്.അതേസമയം ഭരണപക്ഷമായ യുഡിഎഫിന് 102 എംഎല്‍എമാരാണുള്ളത്. കേരളത്തില്‍ 2027-ലും 2028-ലുമായി നടക്കാനിരിക്കുന്ന ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ (ഓരോ വര്‍ഷവും മൂന്ന് വീതം) കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് (UDF) മുഴുവന്‍ സീറ്റുകളും നേടാന്‍ സാധ്യത ഒരുങ്ങുകയാണ്.

നിയമസഭയുടെ ആകെ അംഗബലത്തെ ഒഴിവു വരുന്ന അംഗങ്ങളുടെ എണ്ണം കൊണ്ട് ഹരിച്ചാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനു വേണ്ട മിനിമം വോട്ടു നിശ്ചയിക്കുന്നത്. ഇതനുസരിച്ച് മൂന്ന് ഒഴിവു വരുന്ന തെരഞ്ഞെടുപ്പില്‍ 36 പേരുടെയും രണ്ട് ഒഴിവു വരുന്നതില്‍ 47 പേരുടെ പിന്തുണയും വേണ്ടിവരും.കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളായ പിവി അബ്ദുള്‍ വഹാബ് (മുസ്ലിം ലീഗ്), വി ശിവദാസന്‍ (സിപിഎം), ജോണ്‍ ബ്രിട്ടാസ് (സിപിഎം) എന്നിവരുടെ കാലാവധി അടുത്ത വര്‍ഷം ഏപ്രില്‍ 20 ന് അവസാനിക്കും. ഈ ഒഴിവില്‍ ഒരാളെ ജയിപ്പിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്‍ഡിഎഫിന് കഴിയില്ല. എഎ റഹിം, ജെബി മേത്തര്‍, പി സന്തോഷ് കുമാര്‍ എന്നിവരുടെ കാലാവധി 2028 ഏപ്രില്‍ രണ്ടിനും അവസാനിക്കും.