സ്‌കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നു വീണു; അടിയന്തര റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

സ്‌കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നു വീണു; അടിയന്തര റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ അധ്യയന വർഷം ആരംഭിച്ച ദിവസം തന്നെ തലസ്ഥാനത്ത് വലിയൊരു ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. തിരുവനന്തപുരം അട്ടക്കുളങ്ങര ഗവൺമെൻ്റ് സ്കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂരയാണ് പൂർണമായും തകർന്നു വീണത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.​സ്കൂളിലെ ഓഫീസായി പ്രവർത്തിച്ചിരുന്ന ഓടുമേഞ്ഞ മുറിയുടെ മേൽക്കൂരയാണ് ഒന്നടങ്കം താഴേക്ക് പതിച്ചത്. ഓഫീസ് ജീവനക്കാരും അധ്യാപകരും സ്ഥിരമായി ഉപയോഗിക്കുന്ന മുറിയായിരുന്നു ഇത്. വൈകിട്ട് അഞ്ച് മണിയോടെ തന്നെ കുട്ടികളും അധ്യാപകരും ജീവനക്കാരുമെല്ലാം സ്കൂൾ വിട്ട് പുറത്തുപോയതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്.

മേൽക്കൂരയുടെ കഴുക്കോലുകളും ഓടുകളും മുറിക്കുള്ളിലേക്ക് പതിക്കുകയായിരുന്നു. മേൽക്കൂര തകരുന്ന ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ മുറിക്കുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തി. നിലവിൽ പ്രദേശത്ത് പൊലീസും അഗ്നിശമന സേനയും എത്തിയിട്ടുണ്ട്. മഴ പെയ്യുന്ന സാഹചര്യത്തിൽ ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന കംപ്യൂട്ടറുകളും പ്രധാന ഫയലുകളും നാട്ടുകാരുടെ സഹായത്തോടെ മറ്റൊരു മുറിയിലേക്ക് സുരക്ഷിതമായി മാറ്റി.

വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി

​സ്കൂൾ തുറക്കുന്നതിന് മുൻപ് തന്നെ കെട്ടിടങ്ങളുടെ സുരക്ഷയും ഫിറ്റ്നസും ഉറപ്പാക്കണമെന്ന് അധികൃതർക്ക് കർശന നിർദ്ദേശം നൽകിയിരുന്ന സാഹചര്യത്തിലാണ് സ്കൂൾ തുറന്ന ദിവസം തന്നെ ഈ അപകടം. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് (ഡിഡി) വിഷയം പരിശോധിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദ്ദേശിച്ചു.

​തകർന്നത് എസ്എസ്കെ ഓഫീസ്

​തകർന്നു വീണത് നിലവിൽ കുട്ടികൾക്ക് ക്ലാസ് എടുക്കാൻ ഉപയോഗിക്കുന്ന കെട്ടിടമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീൻ വ്യക്തമാക്കി. ഈ കെട്ടിടം നവീകരിച്ച് എസ്എസ്കെ (Samagra Shiksha Kerala) ഓഫീസായാണ് പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതിൽ ഗുരുതരമായ അശ്രദ്ധ ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ടാണ് മേൽക്കൂര തകർന്നതെന്നും മന്ത്രി പറഞ്ഞു. പൈതൃക കെട്ടിടം (Heritage Building) ആയതുകൊണ്ട് നവീകരിക്കാൻ അനുമതി ലഭിച്ചില്ല എന്ന കാരണമാണ് അധികൃതർ പറയുന്നത്. എന്നാൽ ഇത്തവണ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നോ അതോ ഫിറ്റ്നസ് ഇല്ലാതെയാണോ ഓഫീസ് അവിടെ പ്രവർത്തിച്ചിരുന്നത് തുടങ്ങിയ കാര്യങ്ങൾ ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.​സ്കൂൾ തുറന്ന ദിവസം തന്നെ ഇത്തരത്തിൽ ഒരു അപകടം ഉണ്ടായത് രക്ഷിതാക്കൾക്കും നാട്ടുകാർക്കുമിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.