കേരളത്തിലെ സ്‌കൂളുകള്‍ നാളെ തുറക്കും

കേരളത്തിലെ സ്‌കൂളുകള്‍ നാളെ തുറക്കും

തിരുവനന്തപുരം: വേനലവധിക്കു ശേഷം സ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം നടത്തി നവാഗതരെ വരവേല്‍ക്കും. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍  അധ്യക്ഷനാകും.ചടങ്ങില്‍ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍, ഗതാഗത മന്ത്രി സി പി ജോണ്‍ എന്നിവരും മറ്റ് ജനപ്രതിനിധികളും, കലാ-സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവര്‍ത്തകരും പങ്കെടുക്കും. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ പ്രവേശനോത്സവം എന്ന നിലയില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.പ്രവേശനോത്സവ ഗാനം സ്‌കൂളുകള്‍ക്ക് കൈമാറി. ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവേശനോത്സവം നടത്തണമെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാതല ഉദ്ഘാടനങ്ങള്‍ മന്ത്രിമാര്‍ നിര്‍വഹിക്കും. വിപുലമായ സ്വാഗതസംഘം രൂപീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നീണ്ട പ്രസംഗങ്ങള്‍ ഒഴിവാക്കി കുട്ടികളുമായി സംവദിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് സൈബര്‍ സുരക്ഷാ പ്രതിജ്ഞ എടുക്കും.പഠന സമയം ഉറപ്പാക്കാന്‍ വിദ്യാഭ്യാസ കലണ്ടറും തയ്യാറായി. എല്‍പി സ്‌കൂളുകളില്‍ 800 മണിക്കൂറാണ് അധ്യായനമെന്നതിനാല്‍ ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കില്ല. ഇത്തവണ 197 പ്രവൃത്തി ദിനങ്ങള്‍ ഉണ്ടാകും.യുപിയില്‍ 1000 മണിക്കൂര്‍ പ്രവൃത്തി ദിനമാക്കാന്‍ മൂന്ന് ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കും. ഹൈസ്‌കൂളിനു 1200 മണിക്കൂര്‍ അധ്യായനം ഉറപ്പാക്കാന്‍ ഏഴ് ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമായിരിക്കും.