രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ, രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും, കര്‍ണാടകയില്‍ ഇനി ഡി കെ ഭരണം

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ,  രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും, കര്‍ണാടകയില്‍ ഇനി ഡി കെ  ഭരണം

ബെംഗളുരു: രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രാവിലെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും മറ്റ് മന്ത്രിമാര്‍ക്കുമായി ഒരുക്കിയ പ്രഭാത ഭക്ഷണ വിരുന്നിന് ശേഷമായിരുന്നു സിദ്ധരാമയ്യയുടെ രാജി പ്രഖ്യാപനം. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് രാജ്‌ഭവനിലെത്തി രാജി സമര്‍പ്പിക്കും.കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പ്രഭാതഭക്ഷണ വിരുന്നും കൂടിക്കാഴ്‌ചയും. സംസ്ഥാത്തെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ വിശദീകരിച്ച യോഗം സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയായ കാവേരിയിലാണ് അരങ്ങേറിയത്.കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡ് നടത്തിയ യോഗത്തില്‍ സിദ്ധരാമയ്യ അധികാര കൈമാറ്റത്തിന് തയാറാണെന്ന സൂചനകള്‍ നല്‍കിയെന്നാണ് വിവരം. രാഹുല്‍ ഗാന്ധിയില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയാലുടന്‍ സിദ്ധരാമയ്യ രാജി വയ്ക്കുമെന്നാണ് സൂചന. അധികാര കൈമാറ്റത്തില്‍ യാതൊരു തര്‍ക്കങ്ങളുമില്ലെന്നും പരസ്‌പര ധാരണയോടും ഐക്യത്തോടുമാണ് തങ്ങള്‍ മുന്നോട്ട് പോകുന്നത് എന്നുമുള്ള സന്ദേശം നല്‍കാനാണ് ഇത്തരമൊരു പ്രഭാത ഭക്ഷണ വിരുന്നും കൂടിക്കാഴ്‌ചയും എന്നാണ് സൂചന.

ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, മന്ത്രിമാരായ എം സി സുധാകരന്‍, ബൈരാതി സുരേഷ്, സന്തോഷ് ലാദ്, രാംലിംഗ റെഡ്ഡി തുടങ്ങിയവര്‍ പ്രഭാത ഭക്ഷണ യോഗത്തിനെത്തിയിരുന്നു.ഡി കെ ശിവകുമാറിനെ അതീവ ഊഷ്‌മളമായാണ് സിദ്ധരാമയ്യ സ്വീകരിച്ചത്. ശിവകുമാറാകട്ടെ അദ്ദേഹത്തിന്‍റെ പാദം തൊട്ട് തൊഴുത് അനുഗ്രഹങ്ങളും തേടി. ഇരുവരും പരസ്‌പരം ആശ്ലേഷിക്കുകയും സുഖാന്വേഷണങ്ങള്‍ നടത്തുകയും ചെയ്‌തു.അതേസമയം മുഖ്യമന്ത്രി ഇന്ന് രാജി വയ്ക്കുമോ എന്ന് തങ്ങള്‍ക്കറിയില്ലെന്നായിരുന്നു യോഗത്തിനെത്തിയ മന്ത്രി സതീഷ് ജര്‍കിഹോളി പ്രതികരിച്ചത്.വളരെ ലളിതമായ ഒരു പ്രഭാത വിരുന്നാണ് സിദ്ധരാമയ്യ ഒരുക്കിയിരുന്നത്. ഇഡ്‌ഡലിയും വടയും സാമ്പാറും ഉപ്പുമാവും മറ്റുമായിരുന്നു വിഭവങ്ങള്‍. വിരുന്നില്‍ ഉപമുഖ്യമന്ത്രിഡി കെ ശിവകുമാറും ആഭ്യന്തരമന്ത്രി ജി പരമേശ്വരയുമാണ് അദ്ദേഹത്തിന് ഇടത്തും വലത്തുമായി ഇരുന്നിരുന്നത് എന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി പദത്തിലേക്ക് പരമേശ്വരയുടെ പേരും ചര്‍ച്ചയായിരുന്നു.എന്നാല്‍ കർണാടകയിൽ നേതൃത്വമാറ്റം നടക്കുമെന്ന അഭ്യൂഹങ്ങൾ കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല കഴിഞ്ഞ ദിവസം പൂർണമായി തള്ളിക്കളഞ്ഞിരുന്നു. നേതൃത്വമാറ്റം സംബന്ധിച്ച് കോൺഗ്രസ് പാർട്ടി, ഒരു യോഗവും വിളിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയെ മാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടും പാർട്ടി പ്രവർത്തകരോടും ഊഹാപോഹങ്ങളിൽ മുഴുകരുതെന്നും സുർജേവാല അഭ്യർത്ഥിച്ചു.ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നേതൃത്വം എടുക്കുന്ന ഏതൊരു തീരുമാനവും വ്യക്തികളുടെ താൽപ്പര്യത്തിനല്ല, മറിച്ച് കർണാടകയുടെ താൽപ്പര്യത്തിനായിരിക്കും. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.