5 പാമ്പുകളെ പിടികൂടി സർപ്പ ടീം:കോടാലിയിൽ വിദ്യാർഥി മരിച്ച വീടിൻ്റെ തറ പൊളിച്ച് വനംവകുപ്പിൻ്റെ പരിശോധന

തൃശൂർ: കോടാലിയിൽ പാമ്പുകടിയേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിന് പിന്നാലെ വീട്ടിൽ വീണ്ടും പാമ്പുകളെ കണ്ടെത്തി. വനംവകുപ്പിൻ്റെ കീഴിലുള്ള സർപ്പ ടീം വീട്ടിലെത്തി പരിശോധന തുടങ്ങി. ഇതുവരെ അഞ്ച് പാമ്പുകളെയാണ് ഈ വീട്ടിൽനിന്ന് മാത്രം സംഘം പിടികൂടിയത്.കോടാലി സ്വദേശിയായ സിൽജോയുടെ മകൻ ആൽജോ ദിവസങ്ങൾക്ക് മുമ്പാണ് പാമ്പുകടിയേറ്റ് മരിച്ചത്. വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു വിദ്യാർഥിയായ ആൽജോയ്ക്ക് പാമ്പുകടിയേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ഈ സംഭവത്തിന് പിന്നാലെയാണ് വീട്ടുകാരെ വീണ്ടും ഭീതിയിലാഴ്ത്തി പാമ്പുകളുടെ സാന്നിധ്യം കണ്ടെത്തിയത്. തുടർച്ചയായി പാമ്പുകളെ കണ്ടതോടെ കുടുംബം വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സർപ്പ ആപ്ലിക്കേഷൻ വഴിയുള്ള സന്നദ്ധ പ്രവർത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന ആരംഭിച്ചു.
കൂടുതൽ പാമ്പുകളെന്ന് സംശയം
വീടിൻ്റെ ശുചിമുറിയിലാണ് പാമ്പിൻ്റെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയത്. ഇതിനെത്തുടർന്ന് ഉദ്യോഗസ്ഥർ ശുചിമുറിയുടെ കോൺക്രീറ്റ് തറ പൊളിച്ച് പരിശോധന നടത്തുകയാണ്. തറയ്ക്കടിയിൽ മണ്ണിൽ പാമ്പുകൾക്ക് താവളമൊരുക്കാൻ പാകത്തിലുള്ള മാളങ്ങളോ വിടവുകളോ ഉണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. കാൽപ്പാടുകളും പാമ്പിൻ്റെ പടവും കണ്ടെത്തിയതിനാൽ വീടിൻ്റെ തറയ്ക്കടിയിലോ ഇൻ്റർലോക്കിന് താഴെയോ കൂടുതൽ പാമ്പുകൾ ഉണ്ടാകാമെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു.ടൈലുകൾക്ക് അടിയിലെ മണ്ണിൽ മാളങ്ങൾ നിർമിച്ച് പാമ്പുകൾ മുട്ടയിട്ട് പെരുകിയിട്ടുണ്ടോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. ഇതിനാൽ അതീവ ശ്രദ്ധയോടെയാണ് തറ പൊളിക്കുന്ന ജോലികൾ പുരോഗമിക്കുന്നത്. വീടിൻ്റെ മറ്റ് ഭാഗങ്ങളിലും വിശദമായ പരിശോധന നടക്കുന്നുണ്ട്.
പഴയ വീടുകളിലെ തറയിലെ വിടവുകൾ, മതിലുകളിലെ മാളങ്ങൾ എന്നിവയിലൂടെ പാമ്പ് വീട്ടിനുള്ളിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു. വീടിൻ്റെ തറ പൂർണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ കുടുംബാംഗങ്ങളെ ഇവിടേക്ക് മാറ്റുകയുള്ളൂ. കൂടുതൽ പാമ്പുകളെ കണ്ടെത്തിയാൽ അവയെ സുരക്ഷിതമായി ഉൾവനത്തിലേക്ക് മാറ്റാനാണ് സർപ്പ ടീമിൻ്റെ തീരുമാനം.
സുരക്ഷാ നിർദേശം
പാമ്പ് ശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രദേശവാസികൾക്ക് വനംവകുപ്പ് പ്രത്യേക ജാഗ്രതാ നിർദേശം നൽകി. വീടിന് ചുറ്റുമുള്ള കാടുപടലങ്ങൾ പൂർണമായും വെട്ടിമാറ്റണം. വിറകുകൾ, തൊണ്ടുകൾ എന്നിവ അലക്ഷ്യമായി കൂട്ടിയിടരുത്. രാത്രി സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും വെളിച്ചം ഉപയോഗിക്കണം. ഭിത്തിയിലോ തറയിലോ ഏതെങ്കിലും തരത്തിലുള്ള വിടവുകൾ വീട്ടിലുണ്ടെങ്കിൽ അവ അടിയന്തരമായി അടയ്ക്കാനും നിർദേശിച്ചു.പാമ്പിനെ കണ്ടാൽ സ്വയം പിടികൂടാൻ ശ്രമിക്കരുത്. ആൽജോയുടെ വിയോഗത്തിൻ്റെ നടുക്കം കടന്നുപോകുന്നതിന് മുമ്പ് വീണ്ടും പാമ്പുകളെ കണ്ടെത്തിയത് കോടാലി നിവാസികളെയാകെ വലിയ ഭീതിയിലാക്കിയിട്ടുണ്ട്. അതിനാൽ വരും ദിവസങ്ങളിലും ഉദ്യോഗസ്ഥരുടെ നിരീക്ഷണം പ്രദേശത്തുണ്ടാകും.
നാട്ടുകാരുടെ പങ്കാളിത്തത്തോടെ പ്രദേശത്തെ കാടുകൾ വെട്ടിമാറ്റുന്ന പ്രവർത്തനങ്ങളും വേഗത്തിൽ നടക്കുന്നുണ്ട്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ഓരോ കുടുംബവും സ്വന്തം വീടും ചുറ്റുപാടും കൃത്യമായി നിരീക്ഷിക്കണമെന്നും വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.