സ്‌പൈസ് ജെറ്റ് വിമാനവും ആകാശ എയർ വിമാനവും തമ്മില്‍ കൂട്ടിയിടിച്ചു

സ്‌പൈസ് ജെറ്റ് വിമാനവും ആകാശ എയർ വിമാനവും തമ്മില്‍ കൂട്ടിയിടിച്ചു

ന്യൂഡല്‍ഹി : ഡല്‍ഹി വിമാനത്താവളത്തില്‍ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ സ്‌പൈസ് ജെറ്റ് വിമാനം ആകാശ എയർ വിമാനവുമായി കൂട്ടിയിടിച്ചു. സ്‌പൈസ് ജെറ്റ് B737-700 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. ഇതിന്‍റെ വലതുവശത്തെ ചിറകിന് കേടുപാടുകള്‍ സംഭവിച്ചു.ഇടിയുടെ ആഘാതത്തില്‍ ആകാശ എയർ വിമാനത്തിന്‍റെ ലെഫ്റ്റ് ഹാൻഡ് ഹൊറിസോണ്ടല്‍ സ്റ്റെബിലൈസറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പറന്ന ആകാശ QP 1406 വിമാനമാണ് സ്‌പൈസ് ജെറ്റുമായി കൂട്ടിയിടിച്ചത്. സംഭവത്തിന് പിന്നാലെ വിമാനം ബേയിലേക്ക് തിരിച്ചെത്തിച്ചു.സംഭവ സമയത്ത് ആകാശ എയർലൈൻ വിമാനം പറക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലായിരുന്നു. വിമാനം ഗ്രൗണ്ടില്‍ പാർക്ക് ചെയ്‌ത നിലയിലായിരുന്നു എന്ന് എയർലൈൻ വക്താവ് പറഞ്ഞു. "എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഇറക്കി, ഞങ്ങളുടെ യാത്രക്കാരെ എത്രയും വേഗം ഹൈദരാബാദിലേക്ക് എത്തിക്കാൻ ഞങ്ങളുടെ ഗ്രൗണ്ട് ടീമുകൾ ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ട്" -എന്ന് വക്താവ് കൂട്ടിച്ചേർത്തു.അതേസമയം ഡിജിസിഎ ഇതുവരെ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.