എസ്എസ്എൽസി ഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട എല്ലാവിധ ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ വിരാമം. പരീക്ഷാ ഫലം നിശ്ചയിച്ചതുപോലെ മെയ് 15-നു തന്നെ പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പരീക്ഷാ ബോർഡ് യോഗത്തിൽ നിർണ്ണായക തീരുമാനമെടുത്തു. പുതിയ സർക്കാർ അധികാരമേറ്റെടുക്കാത്ത പശ്ചാത്തലത്തിൽ ഫലപ്രഖ്യാപനം നീണ്ടുപോകുമോ എന്ന ആശങ്ക വിദ്യാർത്ഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും ശക്തമായിരുന്നു.എന്നാൽ, വിദ്യാഭ്യാസ വകുപ്പിന്‍റെ ശുപാർശയ്ക്ക് ചീഫ് സെക്രട്ടറിയുടെ പ്രത്യേക അനുമതി ലഭിച്ചതോടെ മെയ് 15-ന് തന്നെ ഫലം പുറത്തുവിടാനുള്ള വഴി തെളിഞ്ഞു. ഇന്ന് വൈകിട്ട് മൂന്നു മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതിനായുള്ള അവസാന ഘട്ട ഒരുക്കങ്ങൾ വിലയിരുത്തിയത്. പരീക്ഷാ സെക്രട്ടറി, എസ് സി ഇ ആർ ടി ഡയറക്ടർ, മറ്റ് പരീക്ഷാ ബോർഡ് അംഗങ്ങൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്നാണ് ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുന്നത്.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഫലം സുഗമമായി അറിയുന്നതിനായി സാങ്കേതികമായി വിപുലമായ സംവിധാനങ്ങളാണ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്. വെബ്സൈറ്റുകളിലെ അമിതമായ തിരക്ക് കാരണം ഫലം അറിയാൻ വൈകുന്ന സാഹചര്യം ഒഴിവാക്കാൻ മൊബൈൽ ആപ്പുകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്.സംസ്ഥാന സർക്കാരിന്‍റെ ഏകീകൃത സേവന പ്ലാറ്റ്‌ഫോമായ 'നമ്മുടെ കേരളം' (Nammude Keralam) ആപ്പ് വഴി വളരെ ലളിതമായി ഫലം അറിയാൻ സാധിക്കും. പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്തവർക്ക് 'SSLC Results' എന്ന ലിങ്കിലൂടെ രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകി റിസൽട്ട് പരിശോധിക്കാം.
കൂടാതെ, കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയ പ്രത്യേക ക്ലൗഡ് പോർട്ടലായ www.results.kite.kerala.gov.in വഴിയും ഫലമറിയാം. കൈറ്റിന്‍റെ 'Saphalam KITE' എന്ന മൊബൈൽ ആപ്പും ഇതിനായി പരിഷ്കരിച്ചിട്ടുണ്ട്. വ്യക്തിഗത ഫലങ്ങൾ അറിയുന്നതിനൊപ്പം തന്നെ സ്കൂൾ തലത്തിലും വിദ്യാഭ്യാസ ജില്ലാ തലത്തിലുമുള്ള വിശദമായ ഫലവിശകലനം ഈ ആപ്പിലൂടെ ലഭ്യമാകും. ഫലം പിഡിഎഫ് രൂപത്തിലോ ചിത്രമായോ ഡൗൺലോഡ് ചെയ്യാനും അത് സോഷ്യൽ മീഡിയ വഴി നേരിട്ട് പങ്കുവെക്കാനുമുള്ള സൗകര്യം ഇത്തവണത്തെ പ്രത്യേകതയാണ്.
എസ്എസ്എൽസി ഫലത്തിന് പുറമെ ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി ഫലങ്ങളും വരും ദിവസങ്ങളിൽ ഇതേ പ്ലാറ്റ്‌ഫോമുകൾ വഴി ലഭ്യമാക്കും. ഫലപ്രഖ്യാപനം പറഞ്ഞ തീയതിയിൽ തന്നെ നടത്തണമെന്നാവശ്യപ്പെട്ട് വിവിധ വിദ്യാർത്ഥി-അധ്യാപക സംഘടനകൾ ശക്തമായി രംഗത്തെത്തിയിരുന്നു, ഈ ആവശ്യങ്ങൾ കൂടി പരിഗണിച്ചാണ് ഇപ്പോൾ വേഗത്തിലുള്ള നടപടി ഉണ്ടായിരിക്കുന്നത്.