സത്യപ്രതിജ്ഞ തിങ്കളാഴ്ച : വിജയശിൽപ്പി വിഡി യെ അറിയാം

  സത്യപ്രതിജ്ഞ തിങ്കളാഴ്ച : വിജയശിൽപ്പി  വിഡി യെ അറിയാം


തിരുവനന്തപുരം: കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും തെരുവ് യുദ്ധങ്ങള്‍ക്കും വിരാമം. സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗ്രൂപ്പ് രാഷ്‌ട്രീയത്തിന് അതീതമായി, പ്രവർത്തന മികവിനും ജനപ്രീതിക്കും നൽകിയ അംഗീകാരമായാണ് ഈ തീരുമാനത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.പ്രതിപക്ഷ നേതാവെന്ന നിലയിൽ നിയമസഭയ്ക്കകത്തും പുറത്തും സതീശൻ നടത്തിയ പോരാട്ടങ്ങൾ ഹൈക്കമാൻഡിൻ്റെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയിരുന്നു. കൃത്യമായ കണക്കുകളും വസ്‌തുതകളും നിരത്തി സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന അദ്ദേഹത്തിൻ്റെ ശൈലിക്ക് കേരളത്തിലെ യുവാക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഈ ജനപിന്തുണ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ അദ്ദേഹത്തിന് തുണയായത്.സംസ്ഥാന കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കിടയിൽ സമവായമുണ്ടാക്കുക എന്ന വലിയ ദൗത്യമാണ് ഹൈക്കമാൻഡ് പ്രതിനിധികൾക്ക് മുന്നിലുണ്ടായിരുന്നത്. എന്നാൽ, കേരളത്തിലെ കോൺഗ്രസിനെ സെമി-കേഡർ രൂപത്തിലേക്ക് മാറ്റാനുള്ള സതീശൻ്റെ ശ്രമങ്ങളും, താഴെത്തട്ടിലുള്ള അണികളുടെ ആവേശവും പരിഗണിച്ചപ്പോൾ ഹൈക്കമാൻഡിന് മറ്റ് ചിന്തകളുണ്ടായിരുന്നില്ല. കേരളത്തിൻ്റെ ഭാവി വി.ഡി. സതീശൻ്റെ കൈകളിൽ സുരക്ഷിതമായിരിക്കുമെന്ന് ഹൈക്കമാൻഡ് പ്രത്യാശ പ്രകടിപ്പിച്ചു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയായി സതീശനെ പ്രഖ്യാപിച്ചത്.

എറണാകുളം ജില്ലയിലെ നെട്ടൂരിൽ വടശ്ശേരി ദാമോദര മേനോൻ്റെയും വി. വിലാസിനിയമ്മയുടെയും മകനായി 1964 മെയ് 31നാണ് വടശ്ശേി ദാമോദര മേനോൻ സതീശൻ എന്ന വി ഡി സതീശൻ ജനിച്ചത്. നെട്ടൂർ എസ്.വി.യു.പി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് പനങ്ങാട് ഹൈസ്‌കൂളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തേവര സേക്രഡ് ഹാർട്ട് കോളജിൽ നിന്നും ബിഎ ബിരുദവും രാജഗിരിയിൽ നിന്നും എംഎസ്ഡബ്ല്യുവും കരസ്ഥമാക്കിയ അദ്ദേഹം എറണാകുളം ലോ കോളജിൽ നിന്നും എൽഎൽബി, തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് എൽഎൽഎം ബിരുദങ്ങൾ കരസ്ഥമാക്കി.

കോൺഗ്രസിൻ്റെ വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.യുവിലൂടെയാണ് സതീശൻ പൊതുരംഗത്ത് സജീവമായത്. കലാലയ കാലഘട്ടത്തിൽ മികച്ച സംഘാടകനായും പ്രാസംഗികനായും അദ്ദേഹം പേരെടുത്തു. തേവര സേക്രഡ് ഹാർട്ട് കോളേജ് ആർട്‌സ് ക്ലബ് സെക്രട്ടറി,എം.ജി., കേരള സർവകലാശാലകളിൽ യൂണിയൻ കൗൺസിലർ, 1986-87 എം.ജി സർവ്വകലാശാലാ യൂണിയൻ ചെയർമാൻ, എൻ.എസ്.യു(ഐ) ദേശീയ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

1996-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടെയാണ് സതീശൻ പാർലമെൻ്ററി രാഷ്ട്രീയം ആരംഭിക്കുന്നത്. എന്നാൽ ആ തിരിച്ചടി അദ്ദേഹത്തെ തളർത്തിയില്ല. 2001ൽ പറവൂർ മണ്ഡലത്തിൽ നിന്ന് എൽ.ഡി.എഫിലെ പി രാജുവിനെ 7,792 വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. 2006, 2011, 2016, 2021 വർഷങ്ങളിൽ പറവൂരിലെ ജനങ്ങൾ അദ്ദേഹത്തെ വീണ്ടും സഭയിലേക്ക് അയച്ചു.

2021ൽ പ്രതിപക്ഷനേതാവ്

2021ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ സിപിഎം തുടർഭരണം നേടിയതിനെ തുടർന്ന് കോൺഗ്രസിൽ തലമുറമാറ്റമെന്ന നിലയിൽ സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തു. പിന്നീടങ്ങോട്ട് നിയമസഭയ്ക്കകത്തും പുറത്തും അദ്ദേഹത്തിൻ്റെ നീക്കങ്ങളും നിലപാടുകളും കോൺഗ്രസിനും യുഡിഎഫിനും കരുത്തു പകർന്നു. സംസ്ഥാനത്ത് പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ചേലക്കര ഒഴികെ മറ്റിടങ്ങളിൽ യുഡിഎഫ് വിജയിച്ചു കയറി. 2024ൽ പാർലമെൻ്റ് തെരെഞ്ഞെടുപ്പിലും മികച്ച വിജയം നേടിയ മുന്നണി ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും അതാവർത്തിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ 100 സീറ്റിൽ യുഡിഎഫ് വിജയിക്കുമെന്ന് പറഞ്ഞ സതീശൻ്റെ പ്രവചനം അന്വർത്ഥമാക്കി 102 സീറ്റിൽ യുഡിഎഫ് വിജയിച്ചു കയറി. 20,600വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പറവൂരിൽ നിന്ന് വീണ്ടും എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടു.

നിലപാടുകളുടെ കരുത്തിൽ നയിക്കുന്ന ജനനായകൻ

കേരള രാഷ്ട്രീയത്തിൽ 'നിലപാടുകളുടെ രാജകുമാരൻ' എന്ന വിശേഷണം വി.ഡി. സതീശന് ഏറ്റവും അനുയോജ്യമാണ്. കൃത്യമായ ഗൃഹപാഠം ചെയ്തുകൊണ്ടുള്ള അവതരണങ്ങളും, ഭരണപക്ഷത്തെ വിറപ്പിക്കുന്ന വാദമുഖങ്ങളും കൊണ്ട് അദ്ദേഹം കേരള രാഷ്ട്രീയത്തിൽ തൻ്റേതായ ഒരിടം ഇതിനോടകം അടയാളപ്പെടുത്തിയിട്ടുണ്ട്. പറവൂരിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നും കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ച ഏതൊരു രാഷ്ട്രീയ പ്രവർത്തകനും വലിയൊരു പാഠപുസ്തകമാണ്.

പന്ത്രണ്ടാം നിയമസഭയിൽ കോൺഗ്രസിൻ്റെ വിപ്പ് പദവി വഹിച്ച അദ്ദേഹം സഭാ നടപടിക്രമങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. അന്യസംസ്ഥാന ലോട്ടറിക്കെതിരെ അദ്ദേഹം നടത്തിയ രാഷ്ട്രീയ സംവാദങ്ങളും അന്നത്തെ ധനമന്ത്രി തോമസ് ഐസക്കുമായി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ സംവാദവും കേരളത്തിൽ വലിയ ചർച്ചയായിരുന്നു. ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ അനുകൂലിച്ചും പരിസ്ഥിതിലോല പ്രദേശങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയും നിലകൊള്ളുന്ന രാഷ്ട്രീയേതര നിലപാടുകളും സ്വീകരിച്ച അദ്ദേഹം നിയമസഭയിലെ ഹരിത എംഎൽഎമാരുടെ സംഘത്തിനും നേതൃത്വം നൽകി. സംഘടനാതലത്തിൽ എ.ഐ.സി.സി സെക്രട്ടറി, 2014-ൽ കെ.പി.സി.സി വൈസ് പ്രസിഡൻ്റ് എന്നീ പദവികളും അദ്ദേഹം വഹിച്ചു

പ്രതികരണങ്ങൾ :

സന്തോഷമെന്ന് കെസി

വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാൻഡ് തീരുമാനം സർവാത്മനാ സ്വാഗതം ചെയ്യുന്നുവെന്ന്  കെസി വേണുഗോപാൽ. തീരുമാനത്തെ  പൂർണ്ണ സന്തോഷത്തോടെ അംഗീകരിക്കുന്നു .    സതീശന് ഹൃദയപൂർവം അഭിനന്ദനങ്ങൾ അറിയിക്കുന്നു .

പ്രതിഷേധം അറിയിച്ച് ചെന്നിത്തല

സീനിയോരിറ്റി പരിഗണിച്ചില്ലെന്നതു ഉൾപ്പെടെയുള്ള വിയോജിപ്പ് രമേശ് ചെന്നിത്തല ഹൈക്കമാൻഡിനെ അറിയിച്ചു. അച്ചടക്കം പാലിച്ചിട്ടും തന്നെ അവഗണിച്ചെന്ന പരിഭവം ചെന്നിത്തല രാഹുൽ ഗാന്ധിയോടാണ് പങ്കുവച്ചത്. മന്ത്രിസഭയിൽ ചേരില്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയതായാണ് സൂചന. നിയമസഭാകക്ഷി യോഗത്തിലും ചെന്നിത്തല പങ്കെടുത്തേക്കില്ല.

ലക്ഷ്യം 'ടീം യുഡിഎഫ്' ഭരണമെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ

വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത എഐസിസി തീരുമാനത്തെ മുസ്ലിം ലീഗ് പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ കേരളത്തിലെ ജനങ്ങൾക്കൊപ്പം മുസ്ലിം ലീഗും ഈ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും സതീശന്റെ നേതൃത്വത്തിൽ മികച്ച ഭരണം സംസ്ഥാനത്ത് ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കേരള ജനതയുടെ ആഗ്രഹത്തിന്റെ അംഗീകാരം: വി.ടി. ബൽറാം

“അങ്ങനെ കേരളം കേൾക്കാൻ ആഗ്രഹിച്ച പ്രഖ്യാപനമിതാ കോൺഗ്രസ് നേതൃത്വത്തിൽ നിന്നുണ്ടായിരിക്കുന്നു. കേരളം മനസ്സുകൊണ്ട് എന്നേയെടുത്ത തീരുമാനത്തിന് ഇതാ ഔപചാരികതയുടെ കയ്യൊപ്പ് ചാർത്തപ്പെട്ടിരിക്കുന്നു,” എന്നായിരുന്നു ബൽറാമിന്റെ പ്രതികരണം.