"വീട് നൽകാമെന്ന് പറഞ്ഞ് ടി.സിദ്ധിഖ് എംഎൽഎ പറ്റിച്ചു" : ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി

വയനാട്: ചൂരൽമല ദുരന്തബാധിതയായ ശ്രുതിയെ ചുറ്റിപ്പറ്റി രാഷ്ട്രീയ വിവാദം ശക്തമാകുന്നു. വീട് വാഗ്‌ദാനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും കല്‍പ്പറ്റ എംഎല്‍എയുമായ ടി. സിദ്ദിഖിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിപിഎം രംഗത്ത്. ആരോപണങ്ങൾ തള്ളി സിദ്ദീഖും രംഗത്തെത്തിയതോടെ വിഷയം പുതിയ വഴിത്തിരിവിലേക്ക്. ചൂരൽമല ദുരന്തത്തിൻ്റെ ഇരയായ ശ്രുതിയെ വഞ്ചിച്ചെന്നാണ് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിൻ്റെ ആരോപണം. 120 ദിവസത്തിനകം വീട് നൽകാമെന്ന് ടി. സിദ്ദീഖ് പറഞ്ഞതായി ഇപ്പോഴും അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പേജിൽ നിലനിൽക്കുന്നുവെന്നും റഫീഖ് പറഞ്ഞു.
ഈ വാഗ്‌ദാനത്തിൽ വിശ്വസിച്ച് സർക്കാർ ടൗൺഷിപ്പിലെ വീട് ഒഴിവാക്കി 15 ലക്ഷം രൂപയാണ് ശ്രുതി സ്വീകരിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്. എന്നാൽ ഇതുവരെ വാഗ്‌ദാനം ചെയ്‌ത വീട് ലഭിച്ചിട്ടില്ലെന്നും പണം തിരികെ നൽകുകയോ ടൗൺഷിപ്പിൽ വീട് അനുവദിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശ്രുതി വീണ്ടും സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും റഫീഖ് വ്യക്തമാക്കി.
അതേസമയം, ടി. സിദ്ദിഖ് ആരോപണങ്ങളെല്ലാം തള്ളി രംഗത്ത് എത്തി. ജില്ലാ സെക്രട്ടറി സ്ഥാനത്തിരുന്ന് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'സിപിഎം നേതാക്കൾ ബോധപൂർവം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്. സിഎംഡിആർഎഫിലേക്ക് പണം നൽകിയില്ലെന്നാരോപണം മുതൽ ടൗൺഷിപ്പ് ഉദ്ഘാടന വേദിയിലെ പ്രതിഷേധം വരെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്' സിദ്ദീഖ് ആരോപിച്ചു.പരസ്‌പര ആരോപണങ്ങളും പ്രത്യാരോപണങ്ങളും ശക്തമായ സാഹചര്യത്തിൽ ചൂരൽമല ദുരന്തബാധിതയെ ചുറ്റിപ്പറ്റിയ വിഷയത്തിൽ വ്യക്തത വരുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കിടയിൽ ദുരിതബാധിതയുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതാണ് പ്രധാനമെന്ന നിലപാടും ശക്തമാകുകയാണ്.വീട് ഉണ്ടാക്കി കൊടുക്കാമെന്ന് പറഞ്ഞത് ടൈം ന്യൂസ് എന്ന യൂട്യൂബേഴ്‌സ് ആണെന്നും അവർ വിളിച്ചതുകൊണ്ടാണ് താൻ തറക്കല്ലിടൽ ചടങ്ങിന് പങ്കെടുത്തതെന്നും അടിസ്ഥാന രഹിതമായ ആരോപണമാണ് ഇപ്പോൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ബ്രഹ്മഗിരി വിഷയം ചർച്ച ചെയ്യപ്പെടാതിരിക്കാനുള്ള ശ്രമമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.വാഗ്‌ദാനത്തെ തുടർന്ന് ശ്രുതി ടൗൺഷിപ്പിലെ വീട് വേണ്ടെന്ന് വച്ച് 15 ലക്ഷം രൂപ വാങ്ങിയിരുന്നുവെന്നും ടൗൺഷിപ്പിൽ വീട് അനുവദിക്കണം എന്നാവശ്യപ്പെട്ട് സർക്കാറിന് അപേക്ഷ നൽകിയിരിക്കുകയാണ് ശ്രുതി ഇപ്പോഴെന്നും റഫീഖ് പറഞ്ഞു. പറഞ്ഞ കാലാവധി പ്രകാരം 2026ലാണ് വീട് ഉണ്ടാക്കി കൊടുക്കേണ്ടതാണെന്നും റീൽസ് എടുക്കാൻ വേണ്ടിയും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയും ശ്രുതിയുടെ അവസ്ഥയെ മുതലെടുത്തതാണെന്നും അദ്ദേഹം ആരോപിച്ചു.