തമിഴ്‌നാട് നിയമസഭാതെരഞ്ഞെടുപ്പ് : വാഗ്‌ദാനപ്പെരുമഴയുമായി വിജയ്

തമിഴ്‌നാട്  നിയമസഭാതെരഞ്ഞെടുപ്പ് : വാഗ്‌ദാനപ്പെരുമഴയുമായി വിജയ്

ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേമ പദ്ധതികളും വായ്‌പ ഇളവുകളും പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ വിജയ്. തമിഴ്‌നാട്ടിലെ കർഷകരുടെ വിള വായ്‌പകൾ എഴുതി തള്ളുന്നത് ഉൾപ്പടെ നിരവധി പ്രഖ്യാപനങ്ങളാണ് വിജയ് നടത്തിയിരിക്കുന്നത്.സംസ്ഥാനത്ത് അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ള ചെറുകിട കർഷകരുടെ വിള വായ്‌പകൾ പൂർണമായും എഴുതിത്തള്ളും. സംസ്ഥാനത്തെ നിരവധി സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) അടച്ചുപൂട്ടിയതിന് ഡിഎംകെ സർക്കാരിനെ വിമർശിച്ച വിജയ് ഏപ്രിൽ 16ന് പ്രകടന പത്രിക പുറത്തിറക്കുമെന്നും തിരുപ്പൂരിൽ നടന്ന പ്രചാരണ റാലിയിൽ പറഞ്ഞു.

പ്രഖ്യാപനങ്ങൾ ഇവയെല്ലാം

അഞ്ച് ഏക്കറിന് മുകളില്‍ ഭുമിയുള്ളവര്‍ക്ക് വായ്പയില്‍ 50% ഇളവ് നൽകും. നെല്ല് ക്വിൻ്റലിന് 3,500 രൂപയും കരിമ്പ് ടണ്ണിന് 4,500 രൂപയും ഉറപ്പാക്കും. സംസ്ഥാനത്തെ വ്യാവസായിക മേഖലയിൽ ഇടിവുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. എംഎസ്എംഇകൾക്കുള്ള ഗ്യാരണ്ടി ഫണ്ടിനായി 15,000 കോടി രൂപ അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. കൂടാതെ അഞ്ച് വർഷത്തേക്ക് അവർക്ക് നികുതി രഹിത വൈദ്യുതി ഉറപ്പാക്കുമെന്നും വിജയ് ചൂണ്ടിക്കാട്ടി.സർക്കാർ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം, അന്താരാഷ്ട്ര തലത്തിൽ എംഎസ്എംഇ ഉത്‌പ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ഷോറൂമുകൾ എന്നിവയുൾപ്പെടെയുള്ള ക്ഷേമ പദ്ധതികളും വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. നെയ്ത്തുകാർക്ക് അസംസ്‌കൃത ഉത്‌പ്പന്നങ്ങൾ വാങ്ങുന്നതിന് 50 ശതമാനം സബ്‌സിഡി പദ്ധതി നടപ്പിലാക്കും. നെയ്ത്തുകാർക്കുള്ള പെൻഷൻ തുക 3,000 രൂപയായി വർധിപ്പിക്കുമെന്നും പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ച് വർഷത്തിലധികം ജോലി ചെയ്‌ത താത്‌ക്കാലിക സർക്കാർ അധ്യാപകർ, നഴ്‌സുമാർ, എഴുത്തുകാർ എന്നിവരെ സ്ഥിരപ്പെടുത്തും. അതേസമയം കൈക്കൂലി സംസ്‌ക്കാരം അവസാനിപ്പിക്കുമെന്നും വിജയ് പറഞ്ഞു. സർക്കാർ ജീവനക്കാരുടെ ട്രാൻസ്‌ഫർ, സ്ഥാനക്കയറ്റം എന്നിവ സുതാര്യമായും സമയബന്ധിതമായും നടത്തുമെന്നും ടിവികെ നേതാവ് വ്യക്തമാക്കി. തമിഴ്‌നാട്ടിലെ സംസ്ഥാന പൊലീസ് സേനയ്ക്ക്, അടിസ്ഥാന ശമ്പളം 18,200 രൂപയിൽ നിന്ന് 25,000 രൂപയായി വർധിപ്പിക്കുമെന്നും ഡ്യൂട്ടി സമയം നിയന്ത്രിക്കുന്നതിനായി പൊലീസ് വെൽഫെയർ ആൻഡ് വർക്കിങ് കണ്ടീഷൻസ് ആക്‌ട് നടപ്പിലാക്കുമെന്നും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു.വാഷിങ് അലവൻസ് 500 രൂപയിൽ നിന്ന് 1,000 രൂപയായി ഇരട്ടിയാക്കുമെന്നും വിജയ് പ്രചാരണ റാലിയിൽ പറഞ്ഞു. മധുര, കോയമ്പത്തൂർ, ട്രിച്ചി, സേലം, തിരുനെൽവേലി, വെല്ലൂർ എന്നിവിടങ്ങളിൽ പൊലീസ് ക്ഷേമ ആശുപത്രികൾ സ്ഥാപിക്കുക, സ്ത്രീകൾക്ക് പ്രത്യേക വിശ്രമമുറികളും മൊബൈൽ ടോയ്‌ലറ്റുകളും നൽകുക, നിശ്ചിത സമയത്തിൽ കൂടുതൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് റൊട്ടേഷൻ അടിസ്ഥാനമാക്കിയുള്ള അവധി നടപ്പിലാക്കുക തുടങ്ങിയ പ്രഖ്യാപനങ്ങളും ഇതിൽ ഉൾപ്പെടുന്നു.