വാർത്താ ചാനലുകളുടെ ടെലിവിഷൻ റേറ്റിങ് വിലക്ക് അടുത്ത നാലാഴ്ചത്തേക്ക് കൂടി നീട്ടി

ന്യൂഡൽഹി: രാജ്യത്തെ വാർത്താ ചാനലുകളുടെ ടെലിവിഷൻ റേറ്റിങ് വിലക്ക് അടുത്ത നാലാഴ്ചത്തേക്ക് കൂടി നീട്ടി. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശപ്രകാരമാണ് റേറ്റിങ് വിവരങ്ങൾ പുറത്തുവിടുന്നത് താൽക്കാലികമായി നിർത്തിവെയ്ക്കാൻ ടെലിവിഷൻ റേറ്റിങ് ഏജൻസിയായ ബാർക് ഇന്ത്യ തീരുമാനിച്ചത്.
മെയ് 23 മുതൽ മെയ് 29 വരെയുള്ള റേറ്റിങ് വിവരങ്ങൾ ജൂൺ 4 വ്യാഴാഴ്ച പുറത്തുവിടാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.അടുത്ത നാലാഴ്ചത്തേക്കോ അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെയോ ഈ സസ്‌പെൻഷൻ തുടരുമെന്ന് ബാർക് വരിക്കാരെ അറിയിച്ചിട്ടുണ്ട്. മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ചാനലുകൾ, ഹിന്ദി, ഇംഗ്ലീഷ്, ബിസിനസ് വാർത്താ ചാനലുകൾ തുടങ്ങി എല്ലാ വിഭാഗത്തിൽപ്പെട്ട ന്യൂസ് ചാനലുകൾക്കും ഈ വിലക്ക് ബാധകമായിരിക്കും. നേരത്തെ മെയ് 6-ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം വാർത്താ ചാനലുകളുടെ റേറ്റിങ് നാലാഴ്ചത്തേക്ക് തടഞ്ഞിരുന്നു. ഇതിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് വീണ്ടും വിലക്ക് നീട്ടിയിരിക്കുന്നത്.നിലവിലെ തന്ത്രപ്രധാനമായ ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ റേറ്റിങ് കൂട്ടാനുള്ള സമ്മർദ്ദം ചാനലുകളുടെ വാർത്താ കവറേജിനെ ബാധിക്കാതിരിക്കാനാണ് സർക്കാർ ഈ മുൻകരുതൽ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇറാൻ യുദ്ധ പശ്ചാത്തലം മാറിയ ശേഷമേ ഇനി വാർത്താ ചാനലുകളുടെ റേറ്റിങ് പുനരാരംഭിക്കാൻ സാധ്യതയുള്ളൂ എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.