മുക്കാല്‍ ഭാഗം മന്ത്രിമാരേയും ജനം 'വെട്ടിനിരത്തി'യ തെരഞ്ഞെടുപ്പ് ; രക്ഷപ്പെട്ടത് 7പേർ !

 മുക്കാല്‍ ഭാഗം മന്ത്രിമാരേയും ജനം  'വെട്ടിനിരത്തി'യ തെരഞ്ഞെടുപ്പ് ;  രക്ഷപ്പെട്ടത് 7പേർ !

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇത്രയധികം മന്ത്രിമാരെ ജനം തിരഞ്ഞെു പിടിച്ചു തോല്‍പ്പിക്കുന്നത് ഇതാദ്യം.6 മന്ത്രിമാര്‍ ഒഴികെ മത്സരിച്ച 19 മന്ത്രിമാരില്‍ 13 പേരും പരാജയപ്പെട്ടു. മത്സര രംഗത്തിറങ്ങാതിരുന്നതു കൊണ്ടു മാത്രം ചിറ്റൂരില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ജന രോഷത്തില്‍ നിന്ന് രക്ഷപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്ത് സുരക്ഷിതമായ ലീഡ് നേടിയെങ്കിലും ആദ്യ ഘട്ടത്തില്‍ യുഡിഎഫ് യുവ സ്ഥാനാര്‍ത്ഥി അബ്ദുള്‍ റഷീദിനോട് ആദ്യ ആറു റൗണ്ടുവരെ പിന്നിലായത് സിപിഎം കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. കൊട്ടാരക്കരിയില്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഐഷാ പോറ്റിയോട് അവസാന നിമിഷത്തില്‍ 1012 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഷ്ടിച്ച് വിജയിച്ചത്.

മന്ത്രിമാരായ വി ശിവിന്‍കുട്ടി, വീണ ജോര്‍ജ്, വി എന്‍ വാസവന്‍, പി, രാജീവ്, ഒ ആര്‍ കേളു, ആര്‍ ബിന്ദു, റോഷി അഗസ്റ്റിന്‍, കെ ബി ഗണേഷ് കുമാര്‍, എം ബി രാജേഷ്, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രന്‍, വി അബ്ദു റഹിമാന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പി രാജീവ് എന്നിവര്‍ പരാജയപ്പെട്ടു. എല്‍ഡിഎഫിന് ആശ്വസിക്കാന്‍ വക നല്‍കിയിരിക്കുന്നത് പിണറായി വിജയന്‍,മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, മുഹമ്മദ് റിയാസ്, എന്‍ രാജന്‍, സജി ചെറിയാന്‍, പി പ്രസാദ്, ജി ആര്‍ അനില്‍ എന്നിവരുടെ വിജയം മാത്രമാണ്. സ്പീക്കര്‍ എ എന്‍ഷംസീറും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും മത്സര രംഗത്തുണ്ടായിരുന്നില്ല.

ആറന്‍മുള മണ്ഡലത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ യുഡിഎഫിലെ അബിന്‍ വര്‍ക്കി 18,985 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. അബിന്‍ വര്‍ക്കി 70,083 വോട്ട് നേടിയപ്പോള്‍ വീണാ ജോര്‍ജിന് നേടാനായത് 51,098 വോട്ടുകള്‍ മാത്രമാണ്. ബിജെപിയുടെ കുമ്മാനം രാജശേഖരന് വെറും 34,983 വോട്ടുകള്‍ മാത്രമാണ് നേടാനായത്. എല്‍ഡിഎഫിൻ്റെ ഉറച്ച കോട്ടയായ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലാണ് മന്ത്രി വി എന്‍ വാസവനെ കോട്ടയം ഡിസിസി പ്രസിഡൻ്റു കൂടിയായ നാട്ടകം സുരേഷ് 19752 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്.മന്ത്രിസഭയിലെ കരുത്തനായ പി രാജീവിൻ്റെ കളമശേരിയിലെ പരാജയവും എല്‍ഡിഎഫില്‍ ഞെട്ടലുളവാക്കുന്നതാണ്. വിജയിച്ചിരുന്നെങ്കില്‍ സിപിഎം നിമസഭാ കക്ഷി നേതാവ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമായിരുന്ന നേതാവു കൂടിയായ രാജീവിൻ്റെ തോല്‍വി തികച്ചും അപ്രതീക്ഷിതമായി. ലീഗിൻ്റെ വി ഇ അബ്ദുള്‍ ഗഫൂറിനോട് 16,312 വോട്ടുകളുടെ വമ്പന്‍ തോല്‍വിയാണ് രാജീവിന് ഏറ്റു വാങ്ങേണ്ടി വന്നത്. മന്ത്രിസഭയിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള മന്ത്രി കൂടിയായ ഒ ആര്‍ കേളുവിന് മാനന്തവാടിയില്‍ കനത്ത പരാജയം രുചിക്കേണ്ടി വന്നു. 10,543 വോട്ടിൻ്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിൻ്റെ ഉഷാ വിജയന്‍ ഇവിടെ വിജയിച്ചു.

ഇരിങ്ങാലക്കുടയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദുവിൻ്റെ പരാജയം 10,212 വോട്ടുകളുടെ വ്യത്യാസത്തിലാണ്. കേരള കോണ്‍ഗ്രസിലെ തോമസ് ഉണ്ണിയാടനാണ് ബിന്ദുവിനെ പരാജയപ്പെടുത്തിയത്.ഇടുക്കി മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി മത്സരിച്ച മന്ത്രി റോഷി അഗസ്റ്റിന് പരാജയം രുചിക്കേണ്ടി വന്നത് യുഡിഎഫ് സ്ഥാനാര്‍ഥി റോയ് കെ പൗലോസിനോടാണ്. റോഷി ഉള്‍പ്പെടെ കേരള കോണ്‍ഗ്രസിനായി മത്സരിച്ച 12 സ്ഥാനാര്‍ഥികള്‍ക്കും പരാജയം രുചിക്കേണ്ടി വന്നു. ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിൻ്റെ പത്തനാപുരത്തെ പരാജയവും എല്‍ഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിക്കുന്നതാണ്. 2001 മുതലുള്ള ഗണേഷ്‌കുമാറിൻ്റെ അപരാജിത മുന്നേറ്റത്തിനാണ് ഇത്തവണ അഞ്ചാം പോരാട്ടത്തില്‍ കാലിടറിയത്. കോണ്‍ഗ്രസിലെ ജ്യോതികുമാര്‍ ചാമക്കാലയ്ക്ക് 8,310 വോട്ടുകളുടെ മികച്ച വിജയം ലഭിച്ചു.

മന്ത്രിസഭയിലെ മറ്റൊരു കരുത്തനായിരുന്ന എം ബി രാജേഷിൻ്റെ തൃത്താലയിലെ പരാജയവും അപ്രതീക്ഷിതമാണ്. സിറ്റിങ് എംഎല്‍എ ആയിരിക്കേ തൃത്താലയില്‍ കഴിഞ്ഞ തവണ എംബി രാജേഷില്‍ നിന്ന് പരാജയം ഏറ്റു വാങ്ങിയ വിടി ബല്‍റാം ഇത്തവണ രാജീവിനെ പരാജയപ്പെടുത്തി പകരം വീട്ടുകയായിരുന്നു. ക്ഷീര വികസ മന്ത്രി ജെ ചിഞ്ചുറാണി എല്‍ഡിഎഫിൻ്റെ ഉറച്ച കോട്ടയായ ചടയമംഗലത്ത് 7,486 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. യുഡിഎഫിൻ്റെ എന്‍ എം നസീറിനാണ് ഇവിടെ വിജയം.എലത്തൂരില്‍ മന്ത്രി എ കെ ശശീന്ദ്രൻ്റെ പരാജയം സിപിഎം ഉരുക്കു കോട്ടയിലെ വിള്ളലാണ് സൂചിപ്പിക്കുന്നത്. 12,162 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പുതുമുഖമാണ് ഇവിടെ എല്‍ഡിഎഫിനെ ഞെട്ടിച്ചത്.സ്വന്തം മണ്ഡലമായ താനൂര്‍ ഉപേക്ഷിച്ച് തിരൂരിലേക്ക് മാറിയ സ്‌പോര്‍ട്‌സ് മന്ത്രി വി അബ്ദുറഹ്‌മാനും പരാജയപ്പെട്ടു. സിറ്റിങ് എംഎല്‍എ കുറുക്കോളി മൊയ്തീനോടായിരുന്നു അബ്ദു റഹ്‌മാൻ്റെ പരാജയം.

കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രനും പരാജയപ്പെട്ട മന്ത്രിമാരുടെ പട്ടികയില്‍പ്പെടുന്നു. യുഡിഎഫിൻ്റെ അഡ്വ. ടി ഒ മോഹനനോട് 18,551 വോട്ടുകളുടെ വമ്പന്‍ ഭൂരിപക്ഷത്തിലാണ് കടന്നപ്പള്ളിയുടെ പരാജയം. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വച്ച ശേഷമാണ് മന്ത്രി വി ശിവന്‍കുട്ടി നേമത്ത് ബിജെപി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടത്. 2021 ല്‍ കൈവിട്ട മണ്ഡലം ഇത്തവണ രാജീവ് ചന്ദ്ര ശേഖരനിലൂടെ ബിജെപി പിടിച്ചെടുക്കുകയായിരുന്നു. ആദ്യ ആറു റൗണ്ടുവരെ പിന്നിലായിരുന്നെങ്കിലും പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്ത് തിരിച്ചു കയറി.