"മുണ്ടത്തിക്കോട് ദുരന്തം മനുഷ്യ നിര്‍മിതം; വന്‍തോതില്‍ നിരോധിത രാസവസ്തുക്കള്‍ ഉപയോഗിച്ചു" :സുരക്ഷാ വിദഗ്ധന്‍ ആര്‍ വേണുഗോപാല്‍

"മുണ്ടത്തിക്കോട് ദുരന്തം മനുഷ്യ നിര്‍മിതം; വന്‍തോതില്‍ നിരോധിത രാസവസ്തുക്കള്‍ ഉപയോഗിച്ചു" :സുരക്ഷാ വിദഗ്ധന്‍ ആര്‍ വേണുഗോപാല്‍

എറണാകുളം : മുണ്ടത്തിക്കോട് ദുരന്തം മനുഷ്യ നിര്‍മിതമാണെന്നും ആവര്‍ത്തിച്ചുണ്ടാകുന്ന അപകടങ്ങളില്‍ നിന്ന് പാഠം പഠിച്ചിട്ടില്ലെന്നും സുരക്ഷാ വിദഗ്ധന്‍ ആര്‍ വേണുഗോപാല്‍. തൃശൂരിലെ സ്‌ഫോടനത്തില്‍ 1.2 കിലോമീറ്റര്‍ ചുറ്റളവില്‍ വരെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് കാണിക്കുന്നത് വന്‍തോതില്‍ സ്‌ഫോടകവസ്തുക്കളും നിരോധിത രാസവസ്തുക്കളും അവിടെ ഉപയോഗിച്ചിരുന്നു എന്നാണ്.ഒരു ദേശീയ ,മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.അപകടം നടന്ന സ്ഥലത്തിനാവില്ല എഡിഎം ലൈസന്‍സ് അനുവദിച്ചിരിക്കുന്നതെന്ന് എനിക്ക് ഉറപ്പാണ്. ഒരു സ്‌ഫോടകവസ്തു നിര്‍മ്മാണ യൂണിറ്റ് തുടങ്ങുന്നത് വലിയ ജനരോഷത്തിന് കാരണമാകും. അതുകൊണ്ട് ലൈസന്‍സ് എടുക്കുന്നവര്‍ വിജനമായ സ്ഥലമാണ് തെരഞ്ഞെടുക്കുക. പിന്നീട് നഗരത്തിനടുത്തുള്ള ഏതെങ്കിലും ഒഴിഞ്ഞ പറമ്പ് കണ്ടെത്തി അവിടെ താല്‍ക്കാലിക ഷെഡ് കെട്ടുകയാണ് ചെയ്യാറ്. കുറഞ്ഞ സമയത്തിനുള്ളില്‍ അവര്‍ക്ക് ലഭിക്കുന്ന ലാഭം വളരെ വലുതാണ്, അതുകൊണ്ട് തന്നെ അവര്‍ ഇതിന് അടിമകളാണ്. ഉദാഹരണത്തിന്, 100 രൂപ വിലയുള്ള ഒരു പടക്കത്തിന് നിര്‍മാണ ചെലവ് വെറും 17 രൂപ മാത്രമാണ്. ബാക്കി തുക ഇടനിലക്കാരുടെ കൈകളിലേക്ക് പോരും.സ്‌ഫോടകവസ്തുക്കള്‍ മിക്‌സ് ചെയ്യാന്‍ ഒരു ഷെഡ് ആവശ്യമാണ്. ഇതിന്റെ ഭിത്തിക്ക് 45 സെന്റിമീറ്റര്‍ കനം വേണം. രണ്ട് വാതിലുകള്‍ ഉണ്ടായിരിക്കണം, ഒരു സമയത്ത് രണ്ട് തൊഴിലാളികള്‍ മാത്രമേ ഉള്ളില്‍ പാടുള്ളൂ. രാവിലെ 6 മണി മുതല്‍ 10.30 വരെ മാത്രമേ ഷെഡ് പ്രവര്‍ത്തിക്കാവൂ. ഷെഡിന് ചുറ്റും 18 മീറ്റര്‍ സുരക്ഷാ അകലം പാലിക്കണം. മറ്റൊരു കെട്ടിടത്തിന് അടുത്താണെങ്കില്‍ ഈ ദൂരം 45 മീറ്റര്‍ ആയിരിക്കണം. മുറിയുടെ അളവ് 3x3 മീറ്റര്‍ ആയിരിക്കണം. നിര്‍മ്മാണ ഷെഡില്‍ നാലു പേരെ അനുവദിക്കാം.

ഉണക്കാന്‍ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമിന് ഒരു മീറ്റര്‍ ഉയരം വേണം. മിക്‌സിംഗ് ഷെഡിന്റെ മേല്‍ക്കൂര ആസ്ബറ്റോസ് അല്ലെങ്കില്‍ ജിഐ ഷീറ്റ് ആയിരിക്കണം. ഷീറ്റ് ഉറപ്പിക്കുന്നത് മരത്തിലാവരുത്, മൈല്‍ഡ് സ്റ്റീല്‍ ആയിരിക്കണം. ഉയരം 2 മുതല്‍ 2.5 മീറ്റര്‍ വരെയാകണം. ഉള്ളില്‍ ഇലക്ട്രിക്കല്‍ വയറിംഗ് പാടില്ല. 15 കിലോ വരെയുള്ള വെടിക്കെട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ എഡിഎമ്മിന് അധികാരമുണ്ട്. കടുത്ത നിബന്ധനകള്‍ ഉള്ളതിനാല്‍ കേരളത്തില്‍ പിഇഎസ്ഒ ലൈസന്‍സുള്ള രണ്ട് പേര്‍ മാത്രമാണുള്ളത്. ബര്‍മ ഫയര്‍വര്‍ക്‌സും ചാംപ്യന്‍ ഫയര്‍വര്‍ക്‌സും. അവര്‍ തീവ്രത കുറഞ്ഞ പടക്കങ്ങളാണ് നിര്‍മിക്കുന്നത്. കേരളം പോലൊരു സംസ്ഥാനത്ത് അവര്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാവില്ല.മുഴുവന്‍ പ്രക്രിയയ്ക്കും വിവിധ ലൈസന്‍സുകള്‍ ആവശ്യമാണ്. മിക്‌സിംഗിനായി ഒരു സമയം 2.5 കിലോ മുതല്‍ 5 കിലോ വരെ മാത്രമേ അനുവദിക്കൂ. എന്നാല്‍ വേഗത്തില്‍ തീര്‍ക്കാനായി അവര്‍ ഈ പരിധി ലംഘിക്കുന്നു. തറ മിനുസമുള്ളതും വൃത്തിയുള്ളതുമായിരിക്കണം എന്നാണ് നിയമം. ഇവിടെ അവര്‍ മേല്‍ക്കൂരയ്ക്ക് ടാര്‍പോളിന്‍ ഷീറ്റാണ് ഉപയോഗിച്ചത്, സ്‌ഫോടകവസ്തുക്കള്‍ മിക്‌സ് ചെയ്തത് വെറും തറയിലും. വെറും രണ്ട് മീറ്റര്‍ അകലെ ഇരുന്നാണ് ഫ്യൂസുകള്‍ നിര്‍മിക്കുന്നതും അവ ഉണക്കുന്നതും. അതിനോട് ചേര്‍ന്ന് തന്നെയാണ് നിര്‍മാണവും നടന്നത്. ഉണക്കാനുള്ള പ്ലാറ്റ്ഫോം ഉണ്ടായിരുന്നില്ല. തൊഴിലാളികള്‍ ഇതിന്റെ അപകടങ്ങളെക്കുറിച്ച് അജ്ഞരാണ്. എന്നാല്‍ നിര്‍മ്മാതാക്കള്‍ക്ക് ഇതൊരു ലഹരിയാണ്. നിങ്ങള്‍ ഒട്ടേറെ പടക്കക്കടകള്‍ കാണാറില്ലേ? ഏതെങ്കിലും ഒന്ന് പൂട്ടിക്കണ്ടിട്ടുണ്ടോ? വലിയ ലാഭം കിട്ടുന്നതുകൊണ്ട് അവര്‍ ഇത് അവസാനിപ്പിക്കില്ല.16 വര്‍ഷത്തോളം ഞാന്‍ തൃശൂര്‍ വെടിക്കെട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006-ല്‍ പാറമേക്കാവിന്റെ വെടിക്കെട്ട്നിര്‍മാണശാലയില്‍ ഒരപകടം നടന്നിരുന്നു.അതിനുശേഷം ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ നല്‍കി. പിന്നീട് ഇതുവരെ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല.

കഴിഞ്ഞ 20 വര്‍ഷമായി തൃശൂര്‍ പൂരത്തിന്റെയോ നെന്മാറ വല്ലങ്ങി വേലയുടെയോ വെടിക്കെട്ട് പുരയില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഒരുക്കുന്ന തൊഴിലാളികളെ 'കലാകാരന്മാര്‍' എന്ന് വേണം വിളിക്കാന്‍. 'കുഴിമിന്നല്‍' പോലുള്ള ഇനങ്ങള്‍ മറ്റൊരിടത്തും ഉപയോഗിക്കുന്നില്ല, അവ തൃശൂരിലെ തൊഴിലാളികള്‍ മാത്രമാണ് നിര്‍മ്മിക്കുന്നത്. പടക്കങ്ങളുടെ ചുറ്റളവ് ആറ് ഇഞ്ചില്‍ കൂടാന്‍ പാടില്ല എന്നാണ് നിയമം. എന്നാല്‍ പണ്ട് തൊഴിലാളികള്‍ അതിലും വലിപ്പമുള്ളവ നിര്‍മ്മിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ അത് ഒരിക്കലും അനുവദിച്ചിരുന്നില്ല. പൂരം വെടിക്കെട്ടിന് ഞാന്‍ എതിരല്ല, പക്ഷേ അത് നിയമങ്ങള്‍ പാലിച്ച് സുരക്ഷിതമായി വേണം നടത്താനെന്നും അദ്ദേഹം പറഞ്ഞു.

"മണല്‍ത്തരികള്‍ ഉരസിയുണ്ടായ സ്പാര്‍ക്കില്‍ നിന്നാവാം അപകടം"

അപകടം നടന്നത് മണല്‍തരികള്‍ ഉരസിയുണ്ടായ തീപ്പൊരിയില്‍ നിന്നാവാമെന്നും മറ്റ് സാധ്യതകളൊന്നും കാണുന്നില്ലെന്നും  ആര്‍ വേണുഗോപാല്‍ പറഞ്ഞു . ഒട്ടേറെ മാധ്യമപ്രവര്‍ത്തകര്‍ അന്നേ ദിവസം യൂണിറ്റ് സന്ദര്‍ശിക്കുകയും അവിടെ ജോലി ചെയ്യുന്നവരോട് സംസാരിക്കുകയും ചെയ്തിരുന്നു. സന്ദര്‍ശകരുടെ ഷൂസിലെ മണല്‍തരികള്‍ ഉരസിയുള്ള സ്പാര്‍ക്ക് അപകടമുണ്ടാക്കിയേക്കാം കൂടാതെ, പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചിരിക്കാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ ഫോറന്‍സിക് പരിശോധനയില്‍ അതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനാകും. 1992-ല്‍ പൊട്ടാസ്യം ക്ലോറേറ്റ് നിരോധിച്ചതാണ്. ഇപ്പോള്‍ കേരളത്തില്‍ തീപ്പെട്ടിക്കമ്പനികള്‍ക്ക് മാത്രമാണ് ഇത് ഉപയോഗിക്കാന്‍ അനുമതിയുള്ളത്. പ്രവര്‍ത്തനം നിലച്ചതും എന്നാല്‍ ലൈസന്‍സ് റദ്ദാക്കാത്തതുമായ തീപ്പെട്ടിക്കമ്പനികള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇത് മറിച്ചുവില്‍ക്കാന്‍ സാധ്യതയുണ്ട്.

ക്ലോറേറ്റ് ഉപയോഗിച്ചാല്‍ നല്ല ശബ്ദം ലഭിക്കും. ക്ലോറേറ്റ് ഇല്ലാതെ ഇത്ര ശക്തമായ ഒരു സ്‌ഫോടനം ഉണ്ടാവില്ല. ഒരു കിലോമീറ്ററിലധികം ദൂരത്തേക്ക് ഇതിന്റെ ആഘാതം അനുഭവപ്പെട്ടു എന്നതിനര്‍ത്ഥം അനുമതിയില്ലാത്ത രാസകൂട്ടുകള്‍ ഉപയോഗിച്ചു എന്നാണ്. നിര്‍മാണം നടക്കുന്നത് എവിടെയാണെന്ന് അധികൃതര്‍ പരിശോധിക്കണമായിരുന്നു.