അടുത്ത മുഖ്യമന്ത്രി കുഞ്ഞാലിക്കുട്ടി , സുന്നി മഹല്ല് ഫെഡറേഷൻ നേതാവിൻ്റെ പ്രഖ്യാപനം വിവാദത്തിൽ

മലപ്പുറം: മെയ് നാലാം തീയതി വോട്ടെണ്ണൽ കഴിയുമ്പോൾ കുഞ്ഞാലിക്കുട്ടി സാഹിബ് മുഖ്യമന്ത്രിയാവുന്ന കാലമാണ് വരുന്നതെന്ന സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അസ്‌ലം മഷ്ഹൂർ തങ്ങളുടെ പ്രസ്‌താവന കേരള രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്നിരിക്കുകയാണ്. മലപ്പുറം ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിൽ നടന്ന എസ്.എം.എഫ് ഗോൾഡൻ ജൂബിലി പ്രഖ്യാപന സമ്മേളനത്തിനിടെയായിരുന്നു പ്രസ്‌താവന.മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ വേദിയിലിരിക്കെയായിരുന്നു ഈ പരാമർശം. കോൺഗ്രസിനുള്ളിൽ തന്നെ മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി. സതീശൻ, കെ. സുധാകരൻ, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ പേരുകൾ ഉയർന്നു വരുന്നതിനിടെ മുസ്ലിം ലീഗ് നേതാവിൻ്റെ പേര് പ്രഖ്യാപിച്ചത് സോഷ്യൽ മീഡിയയിലും വലിയ ചർച്ചയ്‌ക്ക് വഴിവച്ചു.അതേസമയം, ഒരു മതസംഘടനയുടെ ഔദ്യോഗിക പരിപാടിയില്‍ രാഷ്‌ട്രീയം പറഞ്ഞതും വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. "ഒരു മതസംഘടനയുടെ കരുത്തും അന്തസും നിലകൊള്ളുന്നത് അത് ഉയർത്തിപ്പിടിക്കുന്ന ആത്മീയവും ധാർമികവുമായ മൂല്യങ്ങളിലാണ്. എന്നാൽ സുന്നി മഹല്ല് ഫെഡറേഷൻ പോലുള്ള ഒരു പ്രസ്ഥാനത്തിൻ്റെ സുവർണ്ണ ജൂബിലി വേദിയിൽ, മഹല്ലുകളുടെ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കേണ്ടതിന് പകരം 'മുഖ്യമന്ത്രി കസേര'യെക്കുറിച്ച് ചർച്ച വരുന്നത് ജനാധിപത്യത്തിനും ആ സംഘടനയുടെ തന്നെ അന്തസ്സിനും വിരുദ്ധമാണ്" സുന്നി നേതാവിനെ വിമര്‍ശിച്ച് കൊണ്ട് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
"മതം ആത്മീയതയ്ക്കും രാഷ്ട്രീയം ഭരണത്തിനും മാറ്റിവെക്കുന്നതാണ് ജനാധിപത്യത്തിൻ്റെ പക്വത. ആത്മീയ വേദികൾ രാഷ്ട്രീയ പാർട്ടികളുടെ വാടകക്കെട്ടിടങ്ങളായി മാറുന്നത് അത്യന്തം അപകടകരമാണ്. ഇത്തരം 'പെട്ടി പൊളിക്കൽ' പ്രഖ്യാപനങ്ങൾ രാഷ്ട്രീയ ട്രോളുകൾക്ക് വഴിമാറുമ്പോൾ തകരുന്നത് ആ സംഘടന പതിറ്റാണ്ടുകളായി കെട്ടിപ്പടുത്ത പാരമ്പര്യമാണ്" എന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു."ഇത് സുന്നി ഫെഡറേഷൻ മഹല്ല് മീറ്റിങ് ആണോ അതോ ലീഗിൻ്റെ പാർലമെൻ്ററി ബോർഡ് മീറ്റിങ്ങാണോ എന്ന് വല്ലാതെ കൺഫ്യൂഷൻ ആവുന്നുണ്ടല്ലോ, സംശയിക്കണ്ട മുസ്ലിം ലീഗ് സമ്മേളനമല്ല, സമസ്‌തയുടെ സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിലെ ആശംസാ പ്രസംഗം ആണ്" എന്നും പരിഹസിച്ചു കൊണ്ട് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ലീഗിൻ്റെ നിലപാട്
യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പൂർണമായ അധികാരം കോൺഗ്രസിനാണെന്ന് മുസ്ലിം ലീഗ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ നേരിട്ടാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. "മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ലീഗ് അവകാശവാദം ഉന്നയിക്കില്ല. കോൺഗ്രസ് ഹൈക്കമാൻഡ് ആരെ തീരുമാനിച്ചാലും ലീഗ് അതിനെ പിന്തുണയ്ക്കും," എന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. മതസംഘടനകളുടെ വേദികളിൽ ഉയരുന്ന വൈകാരികമായ അഭിപ്രായ പ്രകടനങ്ങൾ പാർട്ടിയുടെ രാഷ്ട്രീയ നിലപാടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഭരണം ലഭിച്ചാൽ മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടേക്കുമെന്ന നേരത്തെയുള്ള അഭ്യൂഹങ്ങളെയും കുഞ്ഞാലിക്കുട്ടി തള്ളിക്കളഞ്ഞു. മുന്നണിയുടെ ഭാവിയെയും സാമുദായിക സന്തുലിതാവസ്ഥയെയും ബാധിക്കുന്ന തരത്തിലുള്ള ആവശ്യങ്ങൾ ഉന്നയിക്കാൻ ലീഗ് തയ്യാറല്ല. രണ്ടാം പിണറായി സർക്കാരിനെതിരെ ജനവികാരം നിലനിൽക്കുന്നുവെന്ന് വിശ്വസിക്കുന്ന യുഡിഎഫിൽ, പദവികളെച്ചൊല്ലിയുള്ള തർക്കങ്ങൾ തിരിച്ചടിയുണ്ടാക്കുമെന്ന തിരിച്ചറിവിലാണ് ലീഗ് നേതൃത്വം.
മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിനുള്ളിൽ വി.ഡി. സതീശനും കെ. സുധാകരനും അനുകൂലികളായ സൈബർ ഗ്രൂപ്പുകൾ നടത്തുന്ന പ്രചാരണങ്ങളിൽ ലീഗിന് ശക്തമായ അതൃപ്‌തിയുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയിൽ സതീശൻ കഴിഞ്ഞ അഞ്ച് വർഷം നടത്തിയ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് ലീഗ് വിലയിരുത്തുമ്പോഴും, ഒരു വ്യക്തിയെ മുൻകൂട്ടി പ്രഖ്യാപിക്കുന്നതിനോട് പാർട്ടിക്ക് യോജിപ്പില്ല. തെരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷം നോക്കി ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്നതാണ് ലീഗിൻ്റെ ലൈൻ.