ക്യാപ്റ്റനെ വിറപ്പിച്ച്‌ വെള്ളംകുടിപ്പിച്ചത് ,'യൂത്തൻ ' അഡ്വ. വി.പി.അബ്‌ദുള്‍ റഷീദ്

ക്യാപ്റ്റനെ  വിറപ്പിച്ച്‌ വെള്ളംകുടിപ്പിച്ചത് ,'യൂത്തൻ ' അഡ്വ. വി.പി.അബ്‌ദുള്‍ റഷീദ്

കണ്ണൂര്‍: സിപിഎമ്മിൻ്റെ ഉരുക്ക് കോട്ടയെന്ന് കരുതിയിരുന്ന ധര്‍മടം മണ്ഡലം ഇക്കുറി വിറച്ചു. വോട്ടെണ്ണൽ തുടങ്ങി ആദ്യ ആറു റൗണ്ടിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നിൽ പോയ്‌. ഒടുവില്‍ ജയിച്ചെങ്കിലും 2021-ല്‍ നേടിയ 50,123 വോട്ടെന്ന ഭൂരിപക്ഷം വെറും 19,247 ആയി ഇടിഞ്ഞുവീണു. യുഡിഎഫ് സ്ഥാനാര്‍ഥിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ വിപി അബ്ദുള്‍ റഷീദ് ആദ്യ ആറ് റൗണ്ടുകളിലും ലീഡ് നിലനിര്‍ത്തി കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചു.വോട്ടെണ്ണല്‍ തുടങ്ങിയ ആദ്യ നിമിഷം മുതല്‍ ഒരു ആശ്ചര്യദൃശ്യമാണ് ധര്‍മടം കണ്ടത്. ആദ്യ റൗണ്ടില്‍ തന്നെ 733 വോട്ടിന് ലീഡ് നേടിയ റഷീദ്, രണ്ടാം റൗണ്ടില്‍ ആ ലീഡ് 2,523 ആക്കി ഉയര്‍ത്തി. നാലാം റൗണ്ടില്‍ ഭൂരിപക്ഷം 2,812 വോട്ടിലെത്തി. ആറ് റൗണ്ടുകള്‍ കഴിഞ്ഞപ്പോഴും പിണറായി 647 വോട്ടിന് പിന്നില്‍. പാർട്ടിക്ക് അപ്രമാദിത്വമുള്ള പെരളശ്ശേരി പഞ്ചായത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോഴാണ് 

ഏഴാം റൗണ്ടില്‍  മുഖ്യമന്ത്രി ആദ്യമായി മുന്നിലെത്തിയത്. ഒടുവില്‍ 15 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ 19,247 വോട്ടിൻ്റെ ഭൂരിപക്ഷത്തില്‍ പിണറായി ജയിച്ചു.എല്ലാ നേതാക്കളും മാധ്യമങ്ങളോട് പ്രതീകരിച്ചപ്പോൾ ഇക്കാര്യത്തില്‍ ഒരു ഘട്ടത്തിലും പിണറായി മാധ്യമങ്ങള്‍ക്ക് മുന്നിൽ പ്രതികരിച്ചില്ല. തെരഞ്ഞെടുപ്പിനെ ഇടതുപക്ഷത്തിന് വേണ്ടി നയിച്ച മുഖ്യമന്ത്രി ഒരിക്കല്‍ പോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കിയില്ല.

ആദ്യ റൗണ്ട് മുതല്‍ ഞെട്ടല്‍

ചെമ്പിലോട് പഞ്ചായത്തില്‍ നിന്ന് ആദ്യ ബാലറ്റ് എണ്ണിത്തുടങ്ങിയ നിമിഷം മുതല്‍ ആ ഞെട്ടല്‍ ആരംഭിച്ചു. ആദ്യ റൗണ്ടില്‍ 5,008 വോട്ട് നേടിയ മുഖ്യമന്ത്രിക്കെതിരെ റഷീദ് 5,741 നേടി 733 വോട്ടിന് മുന്നിലെത്തി. രണ്ടാം റൗണ്ടില്‍ ആ ലീഡ് 2,523 ആയി ഉയര്‍ന്നു. നാലാം റൗണ്ടോടെ 2,812 വോട്ടിൻ്റെ ഭൂരിപക്ഷം. ആറ് റൗണ്ടുകള്‍ കഴിഞ്ഞപ്പോഴും പിണറായി 647 വോട്ടിന് പിന്നില്‍.ഏഴാം റൗണ്ടിലാണ് ആദ്യമായി പിണറായി മുന്നിലെത്തിയത് 1,536 വോട്ടിന്റെ ലീഡോടെ. തുടര്‍ന്നുള്ള എട്ട് റൗണ്ടുകളില്‍ ഭൂരിപക്ഷം ക്രമേണ ഉറപ്പിക്കപ്പെട്ടു. വോട്ട് ചർച്ചയുടെ ആഴം മനസ്സിലാക്കണമെങ്കില്‍ ചരിത്രം തിരിഞ്ഞുനോക്കണം. 2016-ല്‍ ധര്‍മടത്ത് പിണറായി 87,329 വോട്ട് നേടി. 2021-ല്‍ അത് 95,522 ആക്കി ഉയര്‍ത്തി, ഭൂരിപക്ഷം 50,123 ആക്കി. ഇക്കുറി 85,614 വോട്ടില്‍ ഒതുങ്ങി, ഭൂരിപക്ഷം 19,247 ആയി.എട്ട് പഞ്ചായത്തുകളില്‍ ഏഴും എല്‍ഡിഎഫ് ഭരിക്കുന്ന മണ്ഡലത്തില്‍, കടമ്പൂര്‍ മാത്രമാണ് യുഡിഎഫ് ചേരിയില്‍. അതേസമയം, എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ പോലും ആദ്യ റൗണ്ടുകളില്‍ റഷീദ് മുന്നിലെത്തിയത് സിപിഎമ്മിനെ ഞെട്ടിച്ചു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 165 ബൂത്തുകളില്‍ 80-ലും യു.ഡി.എഫ് മുന്നിലായിരുന്ന ആ ട്രെന്‍ഡ്, ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിലും ഭാഗികമായി ആവര്‍ത്തിക്കപ്പെട്ടു.

ആരാണ് വി പി അബ്‌ദുള്‍ റഷീദ്?

പയ്യന്നൂര്‍ ചെറുപുഴ സ്വദേശിയായ വിപി അബ്ദുള്‍ റഷീദ്, ജവഹര്‍ ബാലജനവേദിയിലൂടെയും കെ.എസ്.യുവിലൂടെയുമാണ് സംഘടനാ രംഗത്തേക്ക് കടന്നുവന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കെപിസിസി അംഗങ്ങളില്‍ ഒരാളുമാണ്.2021-ല്‍, കെഎസ്യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ആയിരിക്കെ സിപിഎം ശക്തികേന്ദ്രമായ തളിപ്പറമ്പില്‍ എംവി ഗോവിന്ദനെതിരെ ഇറങ്ങി ഭൂരിപക്ഷം 40,617-ല്‍ നിന്ന് 22,689 ആക്കി കുറച്ചതാണ് ഈ 'ജയന്റ് കില്ലര്‍' ഇമേജ് നേടിക്കൊടുത്തത്. ധര്‍മടം മണ്ഡലത്തിലെ പാലയാട് ക്യാംപസിലായിരുന്നു നിയമ പഠനം.പഠനകാലത്ത്, ജീവന് ഭീഷണിയുണ്ടെന്ന ഇൻ്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഒരു വര്‍ഷം പൊലീസ് സംരക്ഷണത്തില്‍ ക്ലാസില്‍ പോകേണ്ടി വന്നു. ആറ് വര്‍ഷമായി ധര്‍മടം നിയോജക മണ്ഡലത്തിലെ പോതുവാച്ചേരിയിലാണ് സ്ഥിരതാമസം. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്രയിലും സ്ഥിരാംഗമായി.ഫലം പ്രഖ്യാപിക്കും മുന്‍പേ ജയം ഉറപ്പായ മണ്ഡലമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു ധര്‍മടം. ആ ധര്‍മടം ഇക്കുറി ചരിത്രം മാറ്റിയെഴുതി. ഇടതുപക്ഷത്തിൻ്റെ സ്വന്തം ക്യാപ്റ്റനെ ഞെട്ടിച്ചു. ആദ്യ ആറ് റൗണ്ടുകളിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍ ഒടുവില്‍ 19,247 വോട്ടിൻ്റെ ഭൂരിപക്ഷത്തില്‍ പിണറായി ജയം ഉറപ്പിച്ചു. എന്നാല്‍ 2021-ല്‍ 50,123 ആയിരുന്ന ഭൂരിപക്ഷം ഇക്കുറി മൂന്നിലൊന്നില്‍ താഴെയായി ഒതുങ്ങി എന്നത് ആഘോഷ മുഹൂര്‍ത്തമല്ല, ഒരു മുന്നറിയിപ്പിന്റെ ഘട്ടമായാണ് പാര്‍ട്ടി വിലയിരുത്തുന്നത്.