113 രൂപ മാത്രമുണ്ടായിരുന്നയാളുടെ അക്കൗണ്ടിലെത്തിയത് 294 കോടി രൂപ!! പൊലീസ് അന്വേഷണം ആരംഭിച്ചു

പട്‌ന:സ്വന്തം ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിച്ച ബിഹാറുകാരനായ വികാശ് കുമാർ ഒന്നു ഞെട്ടി. കണ്ണ് തിരുമ്മി വീണ്ടും നോക്കിയെങ്കിലും സംഗതി സത്യമായിരുന്നു. വെറും 113 രൂപ മാത്രം ബാക്കിയുണ്ടായിരുന്ന അക്കൗണ്ടിലേക്ക് ദാ വന്നിരിക്കുന്നു ഒന്നിന് പുറകെ ഒന്നായി 294 കോടി രൂപ! ബിഹാറിലെ ഗയ ജില്ലയിലുള്ള മസ്‌തപുര ഗ്രാമത്തിലെ വികാശ് കുമാർ എന്ന പ്ലംബറുടെ അക്കൗണ്ടിലേക്കാണ് കോടികള്‍ ഒഴുകിയെത്തിയത്.രണ്ട് തവണയായാണ് ഇത്രയും പണം യുവാവിൻ്റെ അക്കൗണ്ടിൽ വന്നുചേർന്നത്. സൈബർ തട്ടിപ്പോ ഏതെങ്കിലും അനധികൃത പണമിടപാടോ ആണോയെന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 113 രൂപയായിരുന്നു തൻ്റെ ബാങ്ക് അക്കൗണ്ടിൽ അവസാനമുണ്ടായിരുന്ന ബാലൻസെന്നും ഇത്രയും പണം എങ്ങനെ വന്നു എന്നതിനെക്കുറിച്ചോ പണത്തിൻ്റെ ഉറവിടം സംബന്ധിച്ച വിവരമോ തനിക്കറില്ലെന്ന് യുവാവ് വ്യക്തമാക്കി.
രാവിലെ 94 കോടി; വൈകുന്നേരമായപ്പോഴേക്കും 294 കോടി!
ഒരു ഉപഭോക്താവ് അയച്ചുനൽകിയ 1300 രൂപ പിൻവലിച്ചതിന് ശേഷം വികാസിൻ്റെ അക്കൗണ്ടിൽ ആകെ 113 രൂപ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. എന്നാൽ വ്യാഴാഴ്ച രാവിലെ അക്കൗണ്ട് പരിശോധിച്ചപ്പോൾ ബാലൻസ് പെട്ടെന്ന് 94 കോടി രൂപയായി ഉയർന്നു. അവിടെയും തീർന്നില്ല, വൈകുന്നേരമായപ്പോഴേക്കും തുക വീണ്ടും വർദ്ധിച്ച് 294 കോടി രൂപയിലെത്തുകയായിരുന്നു."ഒരു ഉപഭോക്താവ് അയച്ച ഏകദേശം 1,300 രൂപ പിൻവലിച്ചതിന് ശേഷം തൻ്റെ അക്കൗണ്ടിൽ 113 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വ്യാഴാഴ്ച രാവിലെ, അക്കൗണ്ട് ബാലൻസ് പെട്ടെന്ന് 94 കോടി രൂപയായും പിന്നീട് വൈകുന്നേരത്തോടെ 294 കോടി രൂപയായും ഉയർന്നു," വികാസ് പറഞ്ഞു.പിന്നിൽ സാങ്കേതിക പിഴവോ
ബാങ്ക് ബാലൻസ് കണ്ട് ഞെട്ടിയ വികാസ് കുമാർ വ്യാഴാഴ്‌ച രാവിലെ മസ്‌തപുര ഗ്രാമത്തിലെ പ്രാദേശിക നേതാക്കളെ വിവരം അറിയിക്കുകയും അവരുടെ നിർദേശ പ്രകാരം പൊലീസിനെ സമീപിക്കുകയും ചെയ്‌തു. "ഇതൊരു സെൻസിറ്റീവ് സാമ്പത്തിക കേസാണ്. ബാങ്കുമായി ബന്ധപ്പെട്ടിട്ടുണ്ട്. ബാങ്ക് രേഖകൾ, സെർവർ, ഇടപാട് ഐഡികൾ, ലിങ്ക് ചെയ്‌ത അക്കൗണ്ടുകൾ എന്നിവ പരിശോധിച്ചുവരികയാണ്," ബോധ്ഗയ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) മനോജ് കുമാർ സിംഗ് പറഞ്ഞു.ഇത് ഏതെങ്കിലും തരത്തിലുള്ള ബാങ്കിംഗ് പിഴവാണോ അല്ലെങ്കിൽ സാമ്പത്തിക തട്ടിപ്പാണോ എന്ന് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഉടൻ പണത്തിൻ്റെ ഉറവിടം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആദ്യം അതൊരു സാങ്കേതിക പിഴവാണെന്നാണ് കരുതിയത്. എന്നാൽ അതേ ബാലൻസ് വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോൾ, ആശയക്കുഴപ്പത്തിലാവുകയും ആശങ്കാകുലനാകുകയും ചെയ്‌തുവെന്ന് വികാസ് പറഞ്ഞു.പണം എവിടെ നിന്നാണ് വന്നതെന്ന് തനിക്ക് അറിയില്ല. അത് ഉപയോഗിക്കാൻ ശ്രമിച്ചിട്ടില്ല. ഞാനൊരു പ്ലംബറാണ്. എൻ്റെ ബാങ്ക് അക്കൗണ്ടിൽ ഇത്രയും തുക ഉണ്ടാകാൻ സാധ്യതയില്ല. ഈ പണത്തിൻ്റെ ഉറവിടം ഉടൻ കണ്ടെത്തണമെന്ന് വികാസ് പരാതിയിൽ പറഞ്ഞു.