പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

എറണാകുളം: കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. കോതമംഗലം വടാട്ടുപാറ പലവൻപടി പുഴയിലാണ് അപകടം സംഭവിച്ചത്. തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ചത്. കോതമംഗലം ബസേലിയോസ് ഡെൻ്റൽ കോളജിലെ വിദ്യാർഥികളാണ് അപകടത്തില്‍ പെട്ടതെന്ന് പൊലീസ് അറിയിച്ചു.

​അവധി ആഘോഷിക്കാനായി എത്തിയ ഒമ്പതംഗ വിദ്യാർഥി സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഘം പുഴയിൽ കുളിക്കാനിറങ്ങിയത്. ഒമ്പത് പേരും പുഴയിൽ ഇറങ്ങി. ഇവരിൽ ഒരാളെ ആദ്യം കാണാതായി. ശേഷം അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മറ്റ് രണ്ട് വിദ്യാർഥികൾ ശ്രമിക്കുന്നതിനിടെ മൂന്നുപേരും ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. വനത്തോടു ചേർന്നുള്ള ഒറ്റപ്പെട്ട പ്രദേശമായതിനാലും മൊബൈൽ കവറേജ് ഇല്ലാത്തതിനാലും അപകടവിവരം പുറംലോകമറിയാൻ ഏറെ വൈകിയത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. നാട്ടുകാരും പൊലീസും ഫയർഫോഴ്സും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾ കോതമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഇടമലയാർ ഡാമിന് താഴെയാണ് പലവൻപടി പുഴ സ്ഥിതി ചെയ്യുന്നത്. ഡാമിൽ വൈദ്യുതി ഉൽപ്പാദനത്തിന് ശേഷം വെള്ളം തുറന്നുവിടുന്നതിനാൽ വേനൽക്കാലത്തും ഈ ഭാഗത്ത് പുഴയിൽ ശക്തമായ ഒഴുക്ക് അനുഭവപ്പെടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഈ അപകടസാധ്യത അറിയാതെ പുഴയിൽ ഇറങ്ങിയതാകാം ദുരന്തത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു. അപകട മേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സന്ദർശകർ പലപ്പോഴും ഇത് അവഗണിക്കാറുണ്ടെന്ന് കുട്ടമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൽദോസ് ബേബി പറഞ്ഞു.