ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, ചെറുപൂരങ്ങളെ വരവേറ്റ് ദേശക്കാര്‍..ആവേശം ചോരാതെ തൃശൂരിൽ പൂരം

തൃശൂർ: കൊടുംചൂടിലും പൂരപ്രേമികൾക്ക് ആവേശമായി തൃശൂർ പൂരം.കത്തുന്ന വെയിലിനെ കൈകൊണ്ട് മറച്ച് പതിനായിരങ്ങളാണ് സാംസ്കാരിക തലസ്ഥാനത്തെ തേക്കിൻകാട് മൈതാനത്തേക്ക് ഒഴുകിയെത്തുന്നത്.
ഘടക പൂരങ്ങൾ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ആദ്യ ഘടകപൂരമായ കണിമംഗലം ശാസ്താവ് പുലർച്ചെ തന്നെ എഴുന്നള്ളിയതോടെ പൂരത്തിന് ഔദ്യോഗിക തുടക്കമായി. പിന്നാലെ പനമുക്കമ്പിള്ളി, ചെമ്പൂക്കാവ് തുടങ്ങിയ ഘടകപൂരങ്ങൾ വടക്കുംനാഥനെ വണങ്ങി മടങ്ങി.ആനപ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പുകാവ് ഭഗവതിയുടെ തിടമ്പേറ്റി എഴുന്നള്ളുന്നത് കാണാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.11 മണിക്ക് ശേഷമാണ് തിരുവമ്പാടിയുടെ മഠത്തിൽ വരവ്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം ഇലഞ്ഞിത്തറമേളം നടക്കും. അഞ്ചുമണിക്ക് തെക്കോട്ട് ഇറക്കത്തിന് ശേഷമാണ് കുടമാറ്റം. മുണ്ടത്തിക്കോട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ ഇത്തവണ 15 മിനിറ്റ് മാത്രമാണ് കുടമാറ്റം നടക്കുക. വെടിക്കെട്ട് ഒഴിവാക്കിയാണ് ഇത്തവണത്തെ തൃശൂർ പൂരം.
പതിനൊന്നരയോടെ നടക്കുന്ന പ്രസിദ്ധമായ മഠത്തിൽ വരവ് പഞ്ചവാദ്യം പൂരപ്രേമികളെ ആരംഭിക്കും.മൂന്ന് ആനകളും പഞ്ചവാദ്യവുമായാണ് തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യത്തിൻ്റെ തുടക്കം. വാദ്യം കലാശിച്ചു സ്വരാജ് റൗണ്ടിലെത്തുമ്പോൾ ആനകളുടെ എണ്ണം 7 ആകുന്നു. 2.30നു നായ്ക്കനാലിലാണ് സമാപനം. തിരുവമ്പാടിയുടെ ഈ വാദ്യവിരുന്ന് കാണാൻ വൻ ജനക്കൂട്ടമാണ് പാതയോരങ്ങളിൽ തടിച്ചുകൂടുന്നത്. പൂരത്തിൻ്റെ ഏറ്റവും ആകർഷകമായ ഇലഞ്ഞിത്തറ മേളം ശ്രീമൂലസ്ഥാനത്തിനു സമീപത്തെ ഇലഞ്ഞിത്തറയിൽ ഉച്ചയ്ക്ക് രണ്ടിന് അരങ്ങേറും. കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തിൽ നൂറുകണക്കിന് കലാകാരന്മാർ തീർത്ത താളവിസ്മയത്തിൽ തൃശൂർ ഇളകിമറിയും.
തിരുവമ്പാടിയുടെ മഠത്തിൽവരവു പഞ്ചവാദ്യം സമാപിച്ച ശേഷം എഴുന്നള്ളിപ്പിനെ പാണ്ടിമേളം ഏറ്റെടുക്കുന്ന ഘട്ടമാണ്. 2.30നു നായ്ക്കനാലിൽ 15 ആനകളുടെ അകമ്പടിയോടെ പാണ്ടിമേളത്തിന് തുടക്കമാകും.ഇനിയുള്ള മണിക്കൂറുകൾ ആവേശത്തിൻ്റെ കൊടുമുടി കയറുന്നതാണ്. വൈകുന്നേരം നടക്കാനിരിക്കുന്ന തെക്കോട്ടിറക്കവും അതിനോടനുബന്ധിച്ചുള്ള വിശ്വപ്രസിദ്ധമായ കൂടിക്കാഴ്ചയും കുടമാറ്റവുമാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്. പാറമേക്കാവ് - തിരുവമ്പാടി വിഭാഗങ്ങൾ പരസ്പരം മത്സരിച്ച് വർണക്കുടകൾ ഉയർത്തുന്ന കാഴ്ച കാണാൻ വിദേശ സഞ്ചാരികളടക്കം വൻ നിരയാണ് മൈതാനത്ത് കാത്തിരിക്കുന്നത്.രാവിലെ വാദ്യ–മേളങ്ങളോടെ തിരുവമ്പാടിയുടെയും പാറമേക്കാവിൻ്റെയും എഴുന്നള്ളിപ്പുകൾ നടക്കും. ശ്രീമൂലസ്ഥാനത്തു സമാപിച്ചു 15 ആനകളുമായി ഇരുവിഭാഗവും ദേവിമാരുടെ വിടചൊല്ലലോടെ പൂരം വിടചൊല്ലിപ്പിരിയും.
സുരക്ഷാ ക്രമീകരണങ്ങൾ
പൂരത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് സിറ്റി പൊലീസ് ഒരുക്കിയിരിക്കുന്നത്. ഡ്രോൺ നിരീക്ഷണം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കത്തുന്ന ചൂട് കണക്കിലെടുത്ത് ആരോഗ്യവകുപ്പിൻ്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ കുടിവെള്ള വിതരണവും മെഡിക്കൽ സഹായ കേന്ദ്രങ്ങളും സജീവമാണ്.