കേരളത്തിൽ ട്രാഫിക് നിയമങ്ങൾ ശക്തമാക്കുന്നു: ഹെൽമെറ്റ് ഇല്ലെങ്കിൽ മൂന്ന് മാസം ലൈസൻസ് കട്ടാകും

കേരളത്തിൽ ട്രാഫിക് നിയമങ്ങൾ ശക്തമാക്കുന്നു: ഹെൽമെറ്റ് ഇല്ലെങ്കിൽ മൂന്ന് മാസം ലൈസൻസ് കട്ടാകും

തിരുവന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. ഇനി മുതൽ ചെറിയ നിയമലംഘനങ്ങൾക്ക് പോലും കടുത്ത ശിക്ഷ നൽകാനാണ് തീരുമാനം. ഇരുചക്രവാഹനങ്ങളിൽ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവർക്കെതിരെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും. വാഹനം ഓടിക്കുന്നയാൾക്കോ പിൻസീറ്റിലിരിക്കുന്ന യാത്രക്കാരനോ ഹെൽമെറ്റ് ഇല്ലെങ്കിൽ മൂന്ന് മാസം വരെ ലൈസൻസ് സസ്പെൻഡ് ചെയ്യും .

നിയമലംഘനങ്ങൾ കണ്ടെത്താനായി സംസ്ഥാനത്തുടനീളം വാഹന പരിശോധന ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവരിൽ നിന്നും പിഴ ഈടാക്കുന്നതിന് പുറമെ, നിർബന്ധിത പരിശീലന ക്ലാസുകളിൽ പങ്കെടുപ്പിക്കാനും തീരുമാനമായിട്ടുണ്ട്. നിയമം കർശനമായി നടപ്പാക്കാൻ എല്ലാ ലൈസൻസിംഗ് അതോറിറ്റികൾക്കും ആർ.ടി.ഒ, ആർ.ടി.ഓ എൻഫോഴ്സ്മെന്റ്, ജോയിന്റ് ആർ.ടി.ഒമാർ എന്നിവർക്കും നിർദേശം നൽകി കഴിഞ്ഞു.പുതിയ നിർദേശപ്രകാരം ഹെൽമെറ്റ് ധരിക്കാത്തവർക്ക് മൂന്ന് മാസം ലൈസൻസ് സസ്പെൻഷനൊപ്പം ഒരു ദിവസത്തെ ബോധവത്കരണ ക്ലാസും നിർബന്ധമാണ്. അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നവരുടെ   ലൈസൻസ് ആറ് മാസത്തേക്ക് റദ്ദാക്കുകയും അവരെ മൂന്ന് ദിവസത്തെ പരിശീലന ക്ലാസിൽ പങ്കെടുപ്പിക്കുകയും ചെയ്യും. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുകയോ അപകടകരമായി വണ്ടിയോടിച്ച് മറ്റൊരാളുടെ മരണത്തിന് കാരണമാവുകയോ ചെയ്താൽ ഒരു വർഷത്തേക്കായിരിക്കും ലൈസൻസ് സസ്പെൻഡ് ചെയ്യുക.അമിതവേഗത, റേസിങ് എന്നിവ നടത്തുന്നവർക്കെതിരെയും കടുത്ത നടപടിയുണ്ടാകും. അമിതഭാരം കയറ്റി പോകുന്ന വാഹനങ്ങൾക്കും കടുത്ത ശിക്ഷ ഉറപ്പാക്കും. ആംബുലൻസ് ഉൾപ്പെടെയുള്ള എമർജൻസി വാഹനങ്ങൾക്ക് സൈഡ് കൊടുക്കാതിരുന്നാൽ ആറ് മാസം ലൈസൻസ് സസ്പെൻഡ് ചെയ്യാനും ഒരു ദിവസത്തെ പരിശീലനത്തിന് അയക്കാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.