‘വർണ്ണവിവേചനത്തിനെതിരായ പോരാട്ടം തുടരും;’ വിനീഷ്യസ് ജൂനിയർ

റിയോ ഡി ജനീറോ: ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ജപ്പാനെ നേരിടാൻ ബ്രസീൽ തയ്യാറെടുക്കുമ്പോൾ, ടീമിലെ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ പങ്കുവെച്ച വാക്കുകൾ ഫുട്ബോൾ ലോകത്ത് ചർച്ചയാകുന്നു . ബ്രസീലിയൻ ചാനലായ 'ഗ്ലോബോ ടിവി'യുമായുള്ള അഭിമുഖത്തിൽ, തൻ്റെ ബാല്യകാലത്തെയും മുത്തശ്ശിയുമായുള്ള വൈകാരിക ബന്ധത്തെയും കൂടാതെ ഫുട്ബോളിലെ വർണ്ണവിവേചനത്തിനെതിരെയുള്ള തന്റെ നിരന്തരമായ പോരാട്ടത്തെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു.
തൻ്റെ വളർച്ചയിൽ മുത്തശ്ശിയുടെ സ്വാധീനം വളരെ വലുതാണെന്ന് വിനീഷ്യസ് പറഞ്ഞു. പതിനാറാം വയസ്സ് വരെ മുത്തശ്ശിക്കൊപ്പമാണ് താമസിച്ചിരുന്നത്. പിതാവ് ദൂരെയായിരുന്ന കാലത്ത് അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പം തന്നെ സംരക്ഷിച്ചതും എല്ലാ കാര്യങ്ങളും ചെയ്തുതന്നതും മുത്തശ്ശിയാണെന്നും അദ്ദേഹം ഓർമ്മിക്കുന്നു. ചെറിയൊരു വീട്ടിൽ ഒരുമിച്ചുറങ്ങിയിരുന്ന ആ പഴയ കാലം തൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമാണെന്നും താരം പറഞ്ഞു.ഫുട്ബോൾ മൈതാനങ്ങളിൽ താൻ നേരിട്ട വർണ്ണവിവേചനങ്ങളെക്കുറിച്ച് സംസാരിക്കവെ, മൈതാനത്തിന് പുറത്ത് താൻ നടത്തുന്ന പോരാട്ടങ്ങൾക്കാണ് കൂടുതൽ പ്രാധാന്യമെന്ന് വിനീഷ്യസ് വ്യക്തമാക്കി. “അടുത്ത തലമുറയ്ക്ക് വർണ്ണവിവേചനം അനുഭവപ്പെടാതിരിക്കട്ടെ. ശബ്ദം ഇല്ലാത്ത കറുത്ത വർഗ്ഗക്കാരായ ആളുകൾക്ക് വേണ്ടി ഞാൻ സംസാരിക്കും,” അദ്ദേഹം പറഞ്ഞു. യൂറോപ്പിലെ സ്റ്റേഡിയങ്ങളിൽ താൻ നേരിട്ട അവഗണനകളും വംശീയ അധിക്ഷേപങ്ങളും ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു.ഇത്തവണത്തെ ലോകകപ്പിൽ ഇതിനകം നാല് ഗോളുകൾ നേടി ബ്രസീലിന്റെ ടോപ്പ് സ്കോററാണ് വിനീഷ്യസ്. 1982 മുതൽ തുടർച്ചയായ 12-ാം തവണയും ഗ്രൂപ്പ് ചാമ്പ്യന്മാരായി ലോകകപ്പ് നോക്കൗട്ടിലെത്തുന്ന ബ്രസീലിന്റെ റെക്കോർഡ് കുതിപ്പിന് ചുക്കാൻ പിടിക്കുന്നത് വിനീഷ്യസിന്റെ ഫോമാണ്. ജപ്പാനെതിരായ നിർണ്ണായക മത്സരത്തിൽ വിജയിച്ച് പ്രീ-ക്വാർട്ടറിലേക്ക് മുന്നേറാനാണ് കാനറികൾ ലക്ഷ്യമിടുന്നത്. തനിക്ക് ലഭിച്ച ഈ അവസരം കഷ്ടപ്പാടുകൾ നിറഞ്ഞ വർഷങ്ങളുടെ ഫലമാണെന്നും തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു