തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക് : വിമത നേതാവ് ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വൻ അട്ടിമറി സൃഷ്ടിച്ച് പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) പിളർപ്പിലേക്ക്. തൃണമൂലിൽ നിന്നുമുള്ള വിമത നേതാവ് ഋതബ്രത ബാനർജിയെ പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി സ്പീക്കർ രതീന്ദ്ര ബോസ് അംഗീകരിച്ചു.നിയമസഭയിൽ പ്രതിപക്ഷ നേതാവിനായി അനുവദിച്ചിട്ടുള്ള മുറിയുടെ താക്കോൽ ഉൾപ്പെടെ പുതിയ നേതൃത്വത്തിന് കൈമാറിയതോടെ പാർട്ടിയിലെ പിളർപ്പ് ഔദ്യോഗികമായിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് പിന്നാലെ ഒരു മാസം പോലും തികയുന്നതിന് മുൻപാണ് തൃണമൂൽ കോൺഗ്രസ് തകർച്ചയുടെ വക്കിലെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിയുടെ വിശ്വസ്തനും കൊൽക്കത്ത മേയറുമായ ഫിർഹാദ് ഹക്കീം പദവി രാജിവെച്ചു. പാർട്ടിയിൽ ആത്മപരിശോധന ആവശ്യമാണെന്ന് വ്യക്തമാക്കി തൃണമൂൽ കോൺഗ്രസ് തങ്ങളുടെ എല്ലാ കമ്മിറ്റികളും പോഷക സംഘടനകളും അടിയന്തര പ്രാബല്യത്തോടെ റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ നാടകീയ നീക്കങ്ങൾ അരങ്ങേറിയത്.
ഈ ആഴ്ച ആദ്യം പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനർജി, പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ മമതാ ബാനർജിക്ക് പുതിയൊരു പദവി കൂടി മുന്നോട്ടുവെച്ചിട്ടുണ്ട്. രൂപീകരിക്കാൻ പോകുന്ന ഈ പുതിയ പ്രതിപക്ഷ സഖ്യത്തിന്‍റെ മുഖ്യ ഉപദേശകയായി പ്രവർത്തിക്കാൻ തങ്ങൾ മമതാ ബാനർജിയോട് അഭ്യർഥിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.മുൻപ് മഹാരാഷ്ട്രയിൽ അജിത് പവാറിന്‍റെ നേതൃത്വത്തിൽ എൻ.സി.പി പിളർന്നപ്പോഴും ശരദ് പവാറിനോടുള്ള തങ്ങളുടെ വിശ്വസ്തത നേതാക്കൾ ഇത്തരത്തിൽ പ്രകടിപ്പിച്ചിരുന്നു. അതേസമയം, മമതയുടെ അനന്തരവനും തൃണമൂൽ നേതാവുമായ അഭിഷേക് ബാനർജിക്ക് പുതിയ സഖ്യത്തില്‍ യാതൊരു പങ്കുമില്ലെന്ന് ഋതബ്രത ബാനർജി വ്യക്തമാക്കിയിട്ടുണ്ട്.
നിയമസഭയിലെത്തിയ ഋതബ്രത ബാനർജി ആകെയുള്ള 80 തൃണമൂൽ എം.എൽ.എമാരിൽ 59 പേരുടെ പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെട്ടു. ഇതാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന് അവകാശപ്പെടുന്ന കത്തിൽ കൗതുകകരമായി മമതാ ബാനർജിയെ തന്നെയാണ് തങ്ങളുടെ പക്ഷത്തിന്‍റെ നേതാവായി ഉയർത്തിക്കാട്ടുന്നത്. മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ ശിവസേനയിലും ശരദ് പവാറിന്‍റെ എൻ.സി.പിയിലും ഉണ്ടായ പിളർപ്പിന് സമാനമായ രീതിയിലാണ് ബംഗാളിലും കാര്യങ്ങൾ നീങ്ങുന്നത്.തൃണമൂൽ കോൺഗ്രസിന്‍റെ നിയമസഭാ കക്ഷിയായി തങ്ങളുടെ വിഭാഗത്തെ അംഗീകരിക്കണമെന്ന ആവശ്യം സ്പീക്കർ അംഗീകരിച്ചതായും മമതാ ബാനർജിയുടെ മാർഗനിർദ്ദേശം തേടുന്നതായും ഋതബ്രത ബാനർജി കൊൽക്കത്തയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തൃണമൂൽ ടിക്കറ്റിൽ വിജയിച്ച 58 എം.എൽ.എമാരുടെ ഒപ്പുകൾ അടങ്ങിയ കത്ത് സ്പീക്കർക്ക് സമർപ്പിച്ചതായും ഭൂരിപക്ഷം എം.എൽ.എമാരും തങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സഭയ്ക്ക് പുറത്തുള്ള രണ്ട് എം.എൽ.എമാർ കൂടി തങ്ങൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അതോടെ തങ്ങളുടെ അംഗബലം ഇനിയും ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ കക്ഷിക്കായി പുതിയ നേതൃത്വ നിരയും വിമത വിഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. അഖ്‌റുജ്ജമാനെ ചീഫ് വിപ്പായി നിയമിച്ചപ്പോൾ മുതിർന്ന നേതാക്കളായ ജാവേദ് അഹമ്മദ് ഖാൻ, സന്ദീപൻ സാഹ, സബീന യാസ്മിൻ, ഷിയുലി സാഹ എന്നിവരെ ഡെപ്യൂട്ടി ലീഡർമാരായും ചുമതലപ്പെടുത്തി. നിയമന സർട്ടിഫിക്കറ്റുകൾ സ്പീക്കർക്ക് സമർപ്പിച്ചിട്ടുണ്ട്. പാർട്ടിക്കുള്ളിൽ ശക്തമായ കലാപം നടക്കുമ്പോഴും മമതാ ബാനർജി നിയമസഭാ കക്ഷിയുടെ മുഖ്യ ഉപദേശക സ്ഥാനമേറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നതിലൂടെ വൈകാരികമായ പിന്തുണ നിലനിർത്താനാണ് വിമതർ ശ്രമിക്കുന്നത്. എന്നാൽ അഭിഷേക് ബാനർജിയുമായി യാതൊരുവിധ രാഷ്ട്രീയ ചർച്ചകൾക്കും തങ്ങൾ തയ്യാറല്ലെന്ന കൃത്യമായ സൂചനയും വിമത ക്യാമ്പ് നൽകുന്നുണ്ട്.