ഫ്ലാസ്ക്കിനുള്ളിലെ രഹസ്യ അറയിൽ 550 ഗ്രാം എംഡിഎംഎ :കൊച്ചിയിൽ രണ്ടുപേർ പിടിയിൽ

എറണാകുളം: ഫ്ലാസ്ക്കിനുള്ളിൽ രഹസ്യ അറയുണ്ടാക്കി കടത്താൻ ശ്രമിച്ച 550 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ അങ്കമാലി പൊലീസ് പിടികൂടി. ഫോർട്ട് കൊച്ചി സ്വദേശികളായ കുന്നുംപുറം കാരയിൽ മുഹ്സിൻ (28), തുരുത്തി സ്വദേശി മുഹമ്മദ് സഹിൽ (25)എന്നിവരാണ് പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്.
ലഹരിമരുന്ന് കണ്ടെത്തുന്നത് ഒഴിവാക്കാൻ അതീവ തന്ത്രപരമായ രീതിയാണ് പ്രതികൾ അവലംബിച്ചത്. ബാംഗ്ലൂരിൽ നിന്ന് വാങ്ങിയ ലഹരിമരുന്ന് ബൈക്കിൽ വാണിയംപാറ വരെ എത്തിച്ച ശേഷം, പരിശോധനകൾ മറികടക്കാൻ അവിടെ വച്ച് ടാക്‌സിയിലേക്ക് മാറി.എന്നാൽ റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന് ലഭിച്ച കൃത്യമായ രഹസ്യവിവരം പ്രതികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. അങ്കമാലിയിൽ വച്ച് കാർ തടഞ്ഞ പൊലീസ് സംഘം നടത്തിയ വിശദമായ പരിശോധനയിലാണ്, കൈവശമുണ്ടായിരുന്ന ഫ്ലാസ്ക്കിനുള്ളിൽ പ്രത്യേക അറ നിർമ്മിച്ച് അതിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മാരക ലഹരിമരുന്ന് കണ്ടെത്തിയത്.പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരും. കൊച്ചി നഗരത്തിലെ യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച മയക്കുമരുന്നാണിത്. പിടിയിലായവർ കൊച്ചിയിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണെന്നും സ്ഥിരമായി ബാംഗ്ലൂരിൽ നിന്ന് ലഹരിമരുന്ന് എത്തിക്കുന്നവരാണെന്നും പൊലീസ് പറഞ്ഞു. ലഹരി മാഫിയയിലെ ഇവരുടെ പിന്നിൽ പ്രവർത്തിക്കുന്ന മറ്റ് ഉറവിടങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.ഡിവൈഎസ്‌പിമാരായ ജെ. ഉമേഷ് കുമാർ, ബാബുക്കുട്ടൻ, അങ്കമാലി ഇൻസ്പെക്‌ടർ എ. രമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഡാൻസാഫ് ടീമിനൊപ്പം എസ്ഐ മാരായ കെ.പി. വിജു, എം.എസ് ബിജിഷ്, എൻ.കെ ശ്യാം, ലാൻസി ദാസ് എന്നിവരും ഈ ഓപ്പറേഷനിൽ പങ്കാളികളായി. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ നഗരത്തിലെ കൂടുതൽ ലഹരി ഇടപാടു സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.