നദിയിൽ കുളിക്കുന്നതിനിടെ റീൽസ് ചിത്രീകരണം : രണ്ടുപേർ മുങ്ങിമരിച്ചു

ഗോരഖ്പൂർ: നദിയിൽ കുളിക്കുന്നതിനിടെ സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ രാപ്തി നദിയിലാണ് ദാരുണമായ ഈ അപകടം ഇന്ന് സംഭവിച്ചത് . ജഗദീഷ്പൂർ ഗാഹി ഗ്രാമവാസികളായ ശിവം കുമാർ (21), ഗോലു കുമാർ (19) എന്നിവരാണ് മരണപ്പെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞു. പിപിഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ കർത്തഹാരി ഗ്രാമത്തിന് സമീപം ഏഴംഗ സുഹൃത്തുക്കളുടെ സംഘത്തോടൊപ്പമാണ് ഇവർ നദിയിൽ കുളിക്കാനിറങ്ങിയത്.നീന്തുന്നതിനിടയിൽ മൊബൈൽ ഫോണിൽ വീഡിയോകളും റീൽസുകളും പകർത്തുന്നതിനിടെയാണ് സംഘത്തിലൊരാൾ അബദ്ധത്തിൽ നദിയുടെ ആഴമേറിയ ഭാഗത്തേക്ക് നീങ്ങിയതും ഒഴുക്കിൽപ്പെട്ടതും. ഇയാൾ രക്ഷയ്ക്കായി നിലവിളിച്ചതോടെ തൊട്ടടുത്തുണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കിൽപ്പെട്ട് രണ്ട് പേരും വെള്ളത്തിനടിയിലേക്ക് താണുപോവുകയായിരുന്നു. കരയിലുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കൾ ഇവരെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.