കോഴിക്കറിയെച്ചൊല്ലിയുണ്ടായ തർക്കo: അനന്തരവന്‍റെ അടിയേറ്റ് അമ്മാവൻ മരിച്ചു

കോഴിക്കറിയെച്ചൊല്ലിയുണ്ടായ തർക്കo: അനന്തരവന്‍റെ അടിയേറ്റ് അമ്മാവൻ മരിച്ചു

പാലക്കാട്: വീട്ടിൽ കോഴിക്കറിയെച്ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ അനന്തരവന്‍റെ അടിയേറ്റ് അമ്മാവൻ മരിച്ചു. കൗണ്ടന്നൂരിൽ ശെന്തിൽ കുമാര്‍ (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സഹോദരിയുടെ മകൻ പ്രഭാകരനെ (33) പൊലീസ് പിടികൂടി.മദ്യലഹരിയിൽ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്. ശെന്തിൽ കുമാര്‍ അവിവാഹിതനാണ്. സഹോദരിയുടെ വീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്. സംഭവത്തിന് തൊട്ട്മുമ്പ് ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. ശേഷം ശെന്തിൽ തയ്യാറാക്കിയ കോഴിക്കറി പ്രതിക്ക് നൽകിയില്ലെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതിനിടെ പ്രഭാകരൻ ഇരുമ്പ് പൈപ്പ് എടുത്ത് സെന്തിൽകുമാറിൻ്റെ തലയിൽ അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവം നടന്നതിന് പിന്നാലെ പ്രതി ഒളിവിൽ പോവുകയും ചെയ്‌തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രഭാകാരനെ പൊലീസ് പിടികൂടിയത്. പരിക്കേറ്റ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരയെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ മൊബൈൽ ഫോൺ മോഷ്‌ടിച്ചെന്ന് ആരോപിച്ച് അതിഥി തൊഴിലാളിയെ സഹപ്രവർത്തകർ തല്ലിക്കൊന്നിരുന്നു. അസം സ്വദേശിയായ നൂർ ഹസനാണ് കൊല്ലപ്പെട്ടത്. മുടിക്കലിലെ പ്ലൈവുഡ് കമ്പനിയിലാണ് അസം സ്വദേശിയായ യുവാവിനെ ആറംഗ സംഘം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ അസം സ്വദേശികളായ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അലാവുദ്ദീൻ, മിനാറുൽ, സാക്കിർ ഹുസൈൻ, ഹബീസുദ്ദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പൊലീസിൻ്റെ പിടിയിലായത്. ഇതിൽ മൂന്നുപേർ സഹോദരങ്ങളാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. കൊല്ലപ്പെട്ട യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ മറ്റൊരിടത്ത് താമസിക്കുന്ന അതിഥി തൊഴിലാളിയാണെന്നാണ് പൊലീസിൻ്റെ നിഗമനം. ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.