2026-27ലെ കേന്ദ്ര ബജറ്റിൽ ഇന്ത്യൻ റെയിൽവേയുടെ വികസനത്തിനായി മാത്രം കേന്ദ്രം അനുവദിച്ചത് 2,78,000 കോടി രൂപ

2026-27ലെ കേന്ദ്ര ബജറ്റിൽ ഇന്ത്യൻ റെയിൽവേയുടെ വികസനത്തിനായി മാത്രം കേന്ദ്രം അനുവദിച്ചത് 2,78,000 കോടി രൂപ

ന്യൂഡൽഹി: ബജറ്റില്‍ പ്രഖ്യാപിച്ച അതിവേഗ റെയില്‍ ഇടനാഴികളില്‍ തീവണ്ടികകളുടെ വേഗം പരമാവധി 320 കിലോമീറ്ററായിരിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി.ഇവയുടെ നിര്‍മ്മാണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. രാജ്യത്ത് സുരക്ഷിതത്വവും യാത്രാ സൗകര്യവും ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് റെയില്‍വേ പ്രവൃത്തിക്കുന്നതെന്ന് മന്ത്രാലയം പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് ഇന്ത്യൻ റെയിൽവേ. 2026-27ലെ കേന്ദ്ര ബജറ്റിൽ ഇന്ത്യൻ റെയിൽവേയുടെ വികസനത്തിനായി മാത്രം കേന്ദ്രം അനുവദിച്ചത് 2,78,000 കോടി രൂപയാണ്. റെയിൽ വികസനത്തിന് കേന്ദ്രം നൽകുന്ന പ്രാധാന്യത്തെയാണ് ഈ നടപടി അടിവരയിടുന്നത്.പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതിനായി ഏഴ് അതിവേഗ റെയിൽ ഇടനാഴികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും സംയോജിപ്പിക്കുന്നതിനും ജനങ്ങളുടെ യാത്ര സുഗമമാക്കുന്നതിനും വേണ്ടിയാണ് ഇടനാഴികൾ പണി തീര്‍ക്കുന്നതെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. കൂടാതെ വിവിധ സംസ്ഥാനങ്ങളുടെ സാമ്പത്തിക പുരോഗതിക്കും അതി വേഗ ഇടനാഴി ആക്കം കൂട്ടും.

മുംബൈ-പൂനൈ, ഡൽഹി-വാരണാസി, ഹൈദരാബാദ്-ബെംഗളൂരു തുടങ്ങി ഇന്ത്യയുടെ ദേശീയ പാതകളിലായിരിക്കും ഇടനാഴികൾ പണികഴിപ്പിക്കുക. ആസൂത്രിത ഇടനാഴികൾക്ക് ഏകദേശം 4,000 കിലോമീറ്ററോളം നീളം വരും. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴി ഈ ദിശയിലുള്ള ഇന്ത്യയുടെ ആദ്യത്തെ ചുവടുവയ്പ്പാണ്. 508 കിലോമീറ്റർ ദൂരമുള്ള ഈ പ്രത്യേക യാത്രാ ഇടനാഴി മണിക്കൂറിൽ പരമാവധി 320 കിലോമീറ്റർ വേഗതയിൽ അതിവേഗ പ്രവർത്തനങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നവയാണ് .ഇന്ത്യയുടെ അതിവേഗ റെയിൽ യുഗത്തിലേക്കുള്ള വികസന പ്രവർത്തനങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. കൂടുതൽ വേഗതയേറിയതും കാര്യക്ഷമവുമായ ഇൻ്റർ-സിറ്റി യാത്രകൾക്കും ഇത് അടിത്തറ പാകുന്നു. ട്രെയിൻ റേഡിയോ കമ്മ്യൂണിക്കേഷൻ, റിസർവേഷൻ സംവിധാനങ്ങൾ, വീഡിയോ നിരീക്ഷണം തുടങ്ങിയ മിഷൻ-ക്രിട്ടിക്കൽ ആപ്ലിക്കേഷനുകൾക്ക് വേണ്ടി 1,396 സ്റ്റേഷനുകളിൽ ഒരു ഐപി എംപിഎൽഎസ് അധിഷ്ഠിത ഏകീകൃത ടെലികോം നെറ്റ്‌വർക്ക് സംവിധാനവും ഏർപ്പാടാക്കിയിട്ടുണ്ട്.

1,874 സ്റ്റേഷനുകളിൽ എഐ അധിഷ്‌ഠിത വീഡിയോ നിരീക്ഷണം സാധ്യമാണ്. കൂടാതെ 1,405 സ്റ്റേഷനുകളിൽ തത്സമയ പാസഞ്ചർ വിവരങ്ങൾ ലഭ്യമാവും. സുരക്ഷാ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നുണ്ട്. ഉത്സവ തിരക്ക് കൈകാര്യം ചെയ്യുന്നതിനായി, 2025 ഡിസംബർ വരെ റെയിൽവേ ഏകദേശം 65,000 പ്രത്യേക ട്രെയിനുകൾ ഓടിച്ചു. 2025-2026ൽ ഏകദേശം 25,000 ട്രെയിനുകൾ പ്രതിദിനം ഓടുന്നുണ്ട്.'മെയ്ക്ക് ഇൻ ഇന്ത്യ'യുടെ കീഴിൽ ആഭ്യന്തര ഉൽപ്പാദനവും വർധിച്ചുകൊണ്ടിരിക്കുകയാണ്, 2025-2026 ൽ 1,674 ലോക്കോമോട്ടീവുകൾ നിർമ്മിച്ചു. ഇത് റെയിൽവേയുടെ സ്വയംപര്യാപ്‌തതയെ ആണ് പ്രതിഫലിപ്പിക്കുന്നത്. 2025 ജൂലൈയിൽ ആരംഭിച്ച റെയിൽവൺ ആപ്പിലൂടെ യാത്രക്കാർ ഡിജിറ്റൽ അനുഭവം അറിഞ്ഞു. ടിക്കറ്റ് ബുക്കിങ്, അന്വേഷണങ്ങൾ, പരാതി പരിഹാരം എന്നിവയെല്ലാം ഇതിലൂടെ സാധ്യമാണ്.

35 ഗതി ശക്തി കാർഗോ ടെർമിനലിന് അനുമതി നൽകിയതോടെ ചരക്ക് ഗതാഗതവും വേഗത്തിലാകുന്നു. സ്റ്റേഷൻ പുനർ നിര്‍മാണവും മുന്നോട്ട് പോകുന്നുണ്ട്. ആധുനിക സൗകര്യങ്ങളും മെച്ചപ്പെട്ട യാത്രാനുഭവവും വാഗ്ദാനം ചെയ്യുന്ന 119 റെയിൽവേ സ്റ്റേഷനുകൾ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രസ്‌താവനയിൽ പറയുന്നു.