20ാം വർഷത്തിലേക്ക് കടക്കുന്ന 'മാക്ടോസി'ന് ആശംസകൾ നേർന്ന് വിനയൻ

20ാം വർഷത്തിലേക്ക് കടക്കുന്ന 'മാക്ടോസി'ന്  ആശംസകൾ നേർന്ന് വിനയൻ

കേരളം: മലയാളം സിനി ടെക്‌നീഷ്യന്‍സ് കോര്‍പ്പറേറ്റീവ് സൊസൈറ്റി 20 വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ ആശംസയുമായി സംവിധായകന്‍ വിനയന്‍. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍മാരുടെ ബാറ്റ വര്‍ധിപ്പിക്കുന്നതായി മാക്‌ട നടത്തിയ സമരത്തെ അദ്ദേഹം സ്മരിച്ചു.മാക്‌ടയേയും മാക്‌ടോസിനേയും തകര്‍ക്കാന്‍ ശ്രമങ്ങളുണ്ടായെന്നും സംഘടനയ്ക്കെതിരെ നടന്ന നീക്കങ്ങളെയും വിനയൻ വിമർശിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വിനയന്‍റെ വിമര്‍ശനം.'മാക്‌ട ഫെഡറേഷന്‍റെ' പേരിനോട് അലര്‍ജിയുണ്ടായിരുന്നവര്‍ അന്ന് 'മാക്ടോസ് 'എന്ന സൊസൈറ്റിയേയും തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു, അന്ന് അവര്‍ മാക്ടോസിന് ബദലായി സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ കോടികൾ ഷെയറിടുന്ന ഒരു വമ്പൻ സൊസൈറ്റി ഇതേ മന്ത്രി ജി. സുധാകരനെ തന്നെ കൊണ്ടുവന്ന് വലിയ ഉദ്ഘാടന മാമാങ്കം നടത്തിയെന്നും വിനയന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തന്നോടുള്ള പകയായിരുന്നു അവരെ പ്രധാനമായും നയിച്ചതെന്നും വിനയന്‍ വ്യക്തമാക്കി.


വിനയന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

"മലയാള സിനിമയിലെ സഹകരണ പ്രസ്ഥാനം 20ാം വർഷത്തിലേക്ക്...

2007 ലാണ് മലയാള ചലച്ചിത്ര മേഖലയിലെ വർക്കേഴ്സിന്‍റെ ആദ്യ ട്രേഡ് യൂണിയൻ ഫെഡറേഷൻ ഉണ്ടാകുന്നത്. ആ വർഷം തന്നെ കേരള സർക്കാരിന്റെ അംഗീകാരത്തോടെ സിനിമാ പ്രവർത്തകർക്കായി ഒരു കോപ്പറേറ്റീവ് സൊസൈറ്റി രജിസ്റ്റർ ചെയ്യാനും കഴിഞ്ഞു.മലയാളം സിനി ടെക്നീഷ്യൻസ് കോപ്പറേറ്റീവ് സൊസൈറ്റി (മാക്ടോസ്) എന്നായിരുന്നു പേരിട്ടത്. അന്ന് സഹകരണ വകുപ്പ് മന്ത്രിയും എന്‍റെ നാട്ടുകാരനുമായ ശ്രീ ജി സുധാകരനാണ് ആ സൊസൈറ്റി തുടങ്ങാനായി ഞങ്ങളെ ഏറെ സഹായിച്ചത്.സൊസൈറ്റിയുടെ ഉദ്ഘാടനത്തിനായി മന്ത്രി എത്തുന്ന ഫോട്ടോയാണ് ഇവിടെ പോസ്റ്റു ചെയ്തിരിക്കുന്നത്. മാഗസിനിൽ വന്ന ന്യൂസും ഫോട്ടായുമാണ്. ചലച്ചിത്ര പ്രവർത്തകരോടൊപ്പം അന്തരിച്ച പ്രിയ സംവിധായകരായ തമ്പി കണ്ണന്താനത്തിനെയും കെ.കെ. ഹരിദാസിനെയും ചിത്രത്തിൽ കാണാം.

2007 അവസാനത്തോടെ അന്ന് 24 മണിക്കൂർ വണ്ടി ഓടിക്കുമ്പോൾ ഡ്രൈവർമാർക്കു കിട്ടിയിരുന്ന 150 രുപ ശമ്പളം 300 ആക്കണമെന്ന് മാക്ട ഫെഡറേഷൻ ആദ്യ ഡിമാന്റ് നോട്ടീസ് കൊടുത്തു.ഒരു രീതിയിലും അത് അനുവദിക്കില്ലെന്നു വന്നപ്പോൾ ഇന്ത്യയിലും വിദേശത്തുമായി നടന്ന ഷൂട്ടിങ് ഉൾപ്പടെ മലയാള സിനിമകളുടെ എല്ലാ ജോലികളും നിർത്തിവച്ച് നാലു ദിവസം സമരം ചെയ്യേണ്ടി വന്നു. വൻ വിജയമായിരുന്ന ആ സമരത്തിനൊടുവിൽ ഡ്രൈവർമാരുടെ ബാറ്റ 300 രൂപയാക്കി കിട്ടി. ഇതോടെ മലയാള സിനിമയിലെ പല പ്രമുഖരുടെയും കണ്ണിലെ കരടായി മാറി സമരം ചെയ്ത മാക്ട ഫെഡറേഷൻ.2008 ആദ്യം ഒരു പ്രമുഖ നടൻ നിർമാതാവുമായി ഇട്ട എഗ്രിമെന്റ് ലംഘിച്ചു എന്ന വിഷയത്തിൽ കൂടി മാക്ട ഫെഡറേഷൻ ഇടപെട്ടതോടെ ഇനി ഈ സംഘടനയെ വച്ചു പൊറുപ്പിക്കില്ല എന്ന് എതിർ വിഭാഗം തീരുമാനിച്ചുറച്ചു.അങ്ങനെ 2008 ജൂലൈ മാസം മലയാളസിനിമയിലെ ആദ്യ ട്രേഡ് യൂണിയൻ തകർത്തുകൊണ്ട് പ്രമുഖ സിനിമാക്കാരുടെ അനുഗ്രഹാശിസുകളോടെ മാക്ട ഫെഡറേഷനിലെ ജോയിന്റ് സെക്രട്ടറി ആയിരുന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഫെഡറേഷന്ററെ അതേ ബൈലോയിൽ പുതിയ പേരിൽ സംഘടന ആരംഭിച്ചു. തൊഴിലാളി സംഘടനയുടെ എതിർ ചേരിയിൽ നിന്ന നിർമാതാക്കളുടെ സംഘടനയും താരസംഘടനയുമാണ് ആ പുതിയ സംഘടനയുടെ രൂപീകരണയോഗത്തിന്റെ ചെലവ് പോലും വഹിച്ചതെന്ന സത്യം ഞെട്ടിക്കുന്ന ഒന്നായിരുന്നു. അന്ന് മാക്ട ഫെഡറേഷൻ ജനറൽ സെക്രട്ടറി ആയിരുന്ന ഞാൻ മാറി നിൽക്കാം സംഘടന ഇല്ലാതാക്കല്ല  എന്നു പറഞ്ഞിട്ടു പോലും പക മൂത്തു കണ്ണുകാണാതായവർ ചെവിക്കൊണ്ടില്ല.

ആത്മാർത്ഥതയുള്ള കുറേ ചലച്ചിത്ര പ്രവർത്തകർ ചേർന്ന് മാക്ടോസ് ഇന്നും സജീവമായി കൊണ്ടു പോകുന്നു. അതിൽ വളരെ സന്തോഷമുണ്ട്..എന്റെ വിലക്കിനെ നേരിടാനായി ഞാൻ ടെക്നീഷ്യൻസുമായി ബന്ധമുള്ള എല്ലാ സംഘടനകളുമായി അകന്നു നിന്നിട്ടാണ് കേസിനു പോയത്. അതു നിയമോപദേശപ്രകാരമായിരുന്നു. ഇനിയും ആ അകൽച്ച തുടരേണ്ടതില്ല എന്നാണെന്റെ തീരുമാനം.കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ എന്നെ ദ്രോഹിച്ച എല്ലാ മഹാൻമാർക്കും സംഘടനാ നേതാക്കൾക്കും പിഴ ചുമത്തിയതും അവർ സുപ്രീം കോടതിയിൽ അപ്പീൽ പോയപ്പോൾ രൂക്ഷമായ കമന്റോടെ ജസ്റ്റീസ് നരിമാന്റെ ബഞ്ച് അവരുടെ ശിക്ഷ ശരിവച്ചതുമൊക്കെ ആ ഒരു പോരാട്ടത്തിന്റെ ചരിത്ര രേഖയാണ്..ഏതായാലും 20ാം വർഷത്തിലേക്കു കടന്ന സിനിമാ തൊഴിലാളികളുടെ സഹകരണ സംഘമായ "മാക്ടോസിന് " ആശംസകൾ നേരുന്നു", വിനയന്‍ കുറിച്ചു.