വിഴിഞ്ഞം കൊലപാതകം;മരണം വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ കയറിയത് മൂലo

വിഴിഞ്ഞം കൊലപാതകം;മരണം വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ കയറിയത് മൂലo

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിന് മുന്നില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയതാണ് മരണകാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ചവിട്ടേറ്റാണ് വാരിയെല്ല് ഒടിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികള്‍ക്ക് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പൊലീസ് അറിയിച്ചു. ബാറിനുളളിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ പേരുണ്ടോ എന്നത് അന്വേഷിക്കും. പിടികൂടുമ്പോള്‍ പ്രതിയായ അനന്തുവിനൊപ്പം ഉണ്ടായിരുന്ന യുവാവിനുവേണ്ടിയും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ തിങ്കളാഴ്ച്ച കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും.

ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് തിരുവല്ലം വണ്ടിത്തടം സ്വദേശിയായ സുമൻ (38)കൊല്ലപ്പെടുന്നത് . ബാറില്‍ വെച്ച് പ്രതികളായ സഹോദരങ്ങള്‍ മറ്റൊരു യുവാവുമായി  തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇത് കണ്ട ഇവരുടെ സുഹൃത്ത് കൂടിയായ സുമന്‍ ഇടപെട്ടു .

അതിൻ്റെ വൈരാഗ്യത്തിൽ ബാറിനുപുറത്തുവെച്ച്‌ രണ്ടുപേരും ചേർന്ന് സുമനെ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു  .ഈ ദൃശ്യങ്ങൾ മറ്റൊരു സുഹൃത്ത് മൊബൈലിൽ പകർത്തുകയും ചെയ്തു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് ഇവർ സഞ്ചരിച്ച  ബൈക്ക് , പൊലീസ് വാഹനം കൊണ്ട് ഇടിച്ചിട്ടാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് സഹോദരങ്ങളായ അച്ചുവിനെയും അനന്തുവിനെയും പൊലീസ് പിടികൂടിയത്. പ്രതികള്‍ സുമനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്നാണ് എഫ്‌ഐആര്‍ റിപ്പോര്‍ട്ട്. ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായെന്നും എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നു.