വോട്ടർപട്ടിക ശുദ്ധീകരണം മഞ്ചേശ്വരത്ത് ബിജെപിക്ക് വൻ തിരിച്ചടി നൽകി

കാസർകോട്: വോട്ടർപട്ടികയിലെ അപാകതകൾ പരിഹരിച്ചപ്പോൾ മഞ്ചേശ്വരത്ത് ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപി വലിയ പ്രതീക്ഷ വച്ച മണ്ഡലമായിരുന്നു കാസർകോട് ജില്ലയിലെ മഞ്ചേശ്വരം. എന്നാൽ പട്ടിക ശുദ്ധീകരിച്ചത് പാർട്ടിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഇത് ബിജെപി മുൻ അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ പരാജയത്തിന് കാരണമായി.എസ്ഐആർ പരിശോധനയിലൂടെ മണ്ഡലത്തിൽ ബിജെപി അനുഭാവികളായിട്ടുള്ളവരുടെ 15,000ൽ അധികം വോട്ടുകളാണ് തള്ളിയത്. ഇതാണ് എ ക്ലാസ് മണ്ഡലമായ മഞ്ചേശ്വരത്തെ ബിജെപിയുടെ കനത്ത തോൽവിക്ക് പ്രധാന കാരണമായി വിലയിരുത്തുന്നത്. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ സ്ഥിരതാമസമാക്കിയ നിരവധിയാളുകൾക്ക് മഞ്ചേശ്വരത്ത് വോട്ടുണ്ടായിരുന്നു. പട്ടിക പരിശോധനയിൽ ഇത്തരം ഇരട്ട വോട്ടുകൾ വ്യാപകമായി തള്ളപ്പെട്ടു.
ഇത് എൻഡിഎ സ്ഥാനാർഥിയുടെ മുന്നേറ്റത്തെ സാരമായി ബാധിച്ചു. മംഗളൂരുവിലും ബെംഗളൂരുവിലുമടക്കം സ്ഥിരതാമസമാക്കിയവരാണ് തെരഞ്ഞെടുപ്പ് കാലത്ത് ഇവിടെയെത്തി ബിജെപിക്ക് വോട്ട് ചെയ്തിരുന്നത്. ഇവരിൽ വലിയൊരു ശതമാനം പേരുടെ വോട്ട് ഇത്തവണ എസ്ഐആർ പ്രകാരം മണ്ഡലത്തിൽ നിന്നും നീക്കം ചെയ്തു. ഈ നിലയിൽ 15,000ൽ അധികം വോട്ടുകൾ നഷ്ടപ്പെട്ടതായിട്ടാണ് ബിജെപി വിലയിരുത്തുന്നത്.
ബിജെപി സ്ഥാനാർഥിയായി മത്സരിച്ച കെ സുരേന്ദ്രന് മുൻ തവണത്തെ അപേക്ഷിച്ച് നേരിയ വോട്ടുകൾ മാത്രമാണ് അധികം ലഭിച്ചത്. 2021ൽ കെ സുരേന്ദ്രൻ 65,013 വോട്ടുകൾ നേടിയിരുന്നു. ഇത്തവണ അദ്ദേഹം 67,696 വോട്ടുകളാണ് സ്വന്തമാക്കിയത്. അതായത് 2683 വോട്ടുകളുടെ വർധന മാത്രമാണ് ബിജെപി സ്ഥാനാർഥിക്ക് ഇത്തവണ നേടാനായത്. സംസ്ഥാന നേതൃത്വം വലിയ വിജയം പ്രതീക്ഷിച്ചിരുന്ന മണ്ഡലമായിരുന്നു മഞ്ചേശ്വരം.കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ തലനാരിഴയ്ക്കാണ് എൻഡിഎയെ പിന്തള്ളി യുഡിഎഫ് ഇവിടെ വിജയിച്ചിരുന്നത്. 2016ൽ 89 വോട്ടുകൾക്കും, 2021ൽ 745 വോട്ടുകൾക്കും മാത്രമായിരുന്നു യുഡിഎഫിൻ്റെ വിജയം. എന്നാൽ ഇത്തവണ അവർക്ക് വലിയ ഭൂരിപക്ഷം നേടാൻ കഴിഞ്ഞു. വിജയസാധ്യത മുന്നിൽക്കണ്ടാണ് കെ സുരേന്ദ്രൻ നേരിട്ട് മത്സരത്തിന് ഇറങ്ങിയത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം മറിച്ചായിരുന്നു. ബിജെപിക്ക് ഇനി ഒരിക്കലും വലിയ പ്രതീക്ഷ വയ്ക്കാൻ കഴിയാത്ത മണ്ഡലമായി മഞ്ചേശ്വരം മാറുമോ എന്ന ആശങ്കയും പാർട്ടി പ്രവർത്തകർക്കിടയിലുണ്ട്.
എൽഡിഎഫ് വോട്ടുകളുടെ ചോർച്ച
ഇതിനുപുറമെ എൽഡിഎഫിന് മുൻ തെരഞ്ഞെടുപ്പുകളിൽ ലഭിച്ചതിനേക്കാൾ 20,000 വോട്ടുകളുടെ കുറവ് ഇത്തവണ ഉണ്ടായിട്ടുണ്ട്. എൽഡിഎഫിന് ഏറെ വോട്ടുകൾ ലഭിക്കുമെന്ന് കരുതിയിരുന്ന പുത്തിഗെ, മീഞ്ച, വോർക്കാടി പഞ്ചായത്തുകളിലും യുഡിഎഫ് സ്ഥാനാർഥിക്കായിരുന്നു ലീഡ് ലഭിച്ചത്. ഇവിടെ നിന്നും എൽഡിഎഫിന് ലഭിക്കേണ്ടിയിരുന്ന വോട്ടുകളിൽ വലിയ തോതിൽ ചോർച്ചയുണ്ടായി. ഇതും തെരഞ്ഞെടുപ്പ് ഫലത്തിൽ യുഡിഎഫിന് ഏറെ അനുകൂലമായി മാറി.മുൻ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് ലഭിച്ചതിനേക്കാൾ 21,442 വോട്ടുകൾ യുഡിഎഫ് സ്ഥാനാർഥി എ കെ എം അഷ്റഫിന് ഇത്തവണ അധികമായി നേടാനായി. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികൾക്ക് ലഭിച്ചതിനേക്കാൾ 15,658 വോട്ടുകൾ അധികം നേടാൻ എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രന് നിയമസഭ തെരഞ്ഞെടുപ്പിൽ കഴിഞ്ഞു. എന്നാൽ എൽഡിഎഫിന് മുൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകളെക്കാൾ 12,716 വോട്ടുകൾ നിയമസഭയിലേക്ക് കുറയുകയാണ് ചെയ്തത്. മഞ്ചേശ്വരത്ത് ഇത്തവണ ബിജെപി വലിയ വെല്ലുവിളിയാകില്ലെന്ന തിരിച്ചറിവ് മുൻകാലങ്ങളിൽ ആശങ്കയിലായിരുന്ന യുഡിഎഫിൻ്റെ ആത്മവിശ്വാസം വലിയ തോതിൽ വർധിപ്പിച്ചു.
മഞ്ചേശ്വരത്ത് 7474, വോർക്കാടിയിൽ 2732, മീഞ്ചയിൽ 88, മംഗൽപാടിയിൽ 12,776, കുമ്പളയിൽ 8909, പുത്തിഗെയിൽ 1467 എന്നിങ്ങനെയാണ് ആറ് പഞ്ചായത്തുകളിൽ യുഡിഎഫ് നേടിയ വോട്ടുകളുടെ ഭൂരിപക്ഷം. അതേസമയം പൈവളികെയിൽ 162, എൻമകജെയിൽ 3879 എന്നിങ്ങനെ വോട്ടുകളുടെ ഭൂരിപക്ഷം നേടാൻ എൻഡിഎയ്ക്കും കഴിഞ്ഞിട്ടുണ്ട്. മുൻകാലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിക്കുമ്പോൾ യുഡിഎഫിന് ഇത് മികച്ച മുന്നേറ്റമാണ്. മഞ്ചേശ്വരം മണ്ഡലത്തിലെ ഈ മാറ്റം വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കും. വോട്ടർപട്ടിക ശുദ്ധീകരണം എത്രത്തോളം ഫലപ്രദമാണെന്നും ഇതോടെ വ്യക്തമാവുകയാണ്.