പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് :വോട്ട് ചെയ്യാൻ 7ലക്ഷം പുതിയ വോട്ടർമാർ

കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടം ആരംഭിക്കാനിരിക്കെ പുതിയ വോട്ടർമാരുടെ വർധനവ് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ പുറത്ത് വിട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ. കരട് പട്ടിക പ്രസിദ്ധീകരിച്ച തീയതി മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വരെ ഏകദേശം ഏഴ് ലക്ഷം വോട്ടർമാരെയാണ് പുതുതായി പട്ടികയിൽ ചേർത്തതെന്ന് കമ്മിഷൻ റിപ്പോർട്ട് ചെയ്‌തു.ഫോം ആറ് വഴി ഏഴ് ലക്ഷം അപേക്ഷകളാണ് കമ്മിഷന് മുൻപാകെ ലഭിച്ചത്. സൂക്ഷ്‌മ പരിശോധനയ്‌ക്കും സ്ഥിരീകരണത്തിനുമുള്ള പ്രക്രിയകൾക്ക് ശേഷം പുതിയ വോട്ടർമാരുടെ പേരുകൾ അന്തിമമാക്കുകയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്‌തതെന്ന് കമ്മിഷൻ വൃത്തങ്ങൾ പറയുന്നു.
കമ്മിഷൻ പുറത്ത് വിട്ട സ്ഥിതിവിവര കണക്കുകൾ
രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ ഒൻപത് വരെ ആയിരുന്നു. ഈ കാലയളവിൽ ആറ് ലക്ഷത്തോളം (6,96,824) പുതിയ വോട്ടർമാരെ പട്ടികയിൽ ചേർത്തു. ഇതിൽ മൂന്ന് ലക്ഷത്തോളം (3,22,017) പുതിയ വോട്ടർമാരെ ആദ്യ ഘട്ടത്തിൽ ചേർത്തു. മൂന്ന് ലക്ഷത്തോളം (3,87,747) പേരെ രണ്ടാം ഘട്ടത്തിലും ചേർത്തു.എന്നാൽ, ഫെബ്രുവരി 28 ന് അന്തിമ വോട്ടർ പട്ടിക ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ദിവസം ഒരു ലക്ഷത്തിലധികം (1,88,207) പുതിയ വോട്ടർമാരെ പട്ടികയിൽ ചേർത്തു എന്നത് ശ്രദ്ധേയമാണ്. തുടർന്നുള്ള ഒരു മാസത്തിനുള്ളിൽ അഞ്ച് ലക്ഷം പുതിയ പേരുകൾ കൂടി പട്ടികയിൽ ചേർത്തതായി കമ്മിഷൻ വ്യക്തമാക്കുന്നു.അതേസമയം, ജില്ല തിരിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ നോക്കിയാൽ നോർത്ത് 24 പർഗാന, ഹൗറ, ഹൂഗ്ലി, കൊൽക്കത്ത, ഈസ്‌റ്റ് മേദിനിപൂർ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പുതിയ വോട്ടർമാരെ ചേർത്തിട്ടുള്ളത്. പ്രത്യേകിച്ചും, നോർത്ത് 24 പർഗാന പട്ടികയിൽ 71,000 ത്തിലധികം പുതിയ പേരുകളും കൊൽക്കത്തയിൽ നിന്ന് ഏകദേശം 44,000 പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.എന്നിരുന്നാലും പുരുഷ വോട്ടർമാരെക്കാൾ സ്‌ത്രീ വോട്ടർമാരുടെ എണ്ണം വർധിച്ചിട്ടുണ്ട് എന്നാണ് കമ്മിഷൻ്റെ വിലയിരുത്തൽ. പുരുഷ വോട്ടർമാരെക്കാൾ താരതമ്യേന കുറഞ്ഞ വേഗതയിലാണ് സ്‌ത്രീ വോട്ടർമാരുടെ എണ്ണം വർധിച്ചതെന്നും ചൂണ്ടിക്കാട്ടുന്നു. കരട് വോട്ടർപട്ടികയിലും ഇതേ പ്രവണതതന്നെയായിരുന്നു എന്നും വ്യക്തമാക്കി.
നിലവിൽ, സംസ്ഥാനത്ത് ആറ് കോടിയോളം (6,82,51,008) വോട്ടർമാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ളത്. കമ്മിഷൻ നൽകിയ മണ്ഡലം തിരിച്ചുള്ള കണക്കുകൾ പ്രകാരം, 34.9 ദശലക്ഷത്തിലധികം പുരുഷ വോട്ടർമാരും, 33.3 ദശലക്ഷം സ്ത്രീ വോട്ടർമാരും, ട്രാന്‍സ് വിഭാഗത്തിൽപ്പെട്ട 1,257 വോട്ടർമാരും ഉൾപ്പെടുന്നു. എന്നാൽ ഈ കണക്ക് ഇനിയും വർധിച്ചേക്കാം എന്നും കമ്മിഷൻ പറയുന്നു.294 നിയമസഭാ മണ്ഡലങ്ങളുള്ള പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായാണ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ 152 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23 ന് നടക്കും. അടുത്ത ഘട്ടം 29 നും. വാശിയേറിയ പോരാട്ടമാണ് പശ്ചിമ ബംഗാളിൽ കാണാൻ സാധിക്കുന്നത്.